ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടനിൽ ലോക്ഡൗണിൽ മുടങ്ങിയ കായികമൽസരങ്ങൾ എല്ലാം പുന:രാരംഭിക്കാൻ അനുമതിയായി. ഫുട്ബോളും ക്രിക്കറ്റും ടെന്നീസും ഫോർമുല വണ്ണും ഗോൾഫും റഗ്ബിയും സ്നൂക്കറും കുതിരയോട്ടവും വരെ തുടങ്ങാനാണ് സർക്കാർ അനുമതി.  തിങ്കളാഴ്ച മുതൽ കാണികളെ ഒഴിവാക്കി മൽസരങ്ങൾ പുന:രാരംഭിക്കാൻ ഓരോ മേഖലയിലെയും കായിക സംഘടനകൾക്ക് അമുമതി നൽകിയതായി കൾച്ചറൽ സെക്രട്ടറി ഒലിവർ ഡൌഡെൻ അറിയിച്ചു. 

ലോക്ഡൗണിലെ വിരസതയകറ്റാൻ ചരിത്രത്തിലാദ്യമായി പ്രീമിയർ ലീഗ് ഫുട്ബോൾ മൽസരങ്ങളിൽ അവശേഷിക്കുന്നവയിൽ ചിലത് സൗജന്യമായി ബിബിസിയിൽ കാണിക്കാനും തീരുമാനമുണ്ട്. പൊതുജനങ്ങളുടെ മാനസികോല്ലാസം ലക്ഷ്യമിട്ടാണ് ഈ നടപടി. 

ജൂലൈ എട്ടിന് വെസ്റ്റിൻഡീസിനെതിരെ ആരംഭിക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയോടെ ഇംഗ്ലണ്ടിന്റെ ഈ വർഷത്തെ ക്രിക്കറ്റ് സീസണും തുടക്കം കുറിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ പര്യടനത്തിനെത്തുന്ന വിൻഡീസ് ടീമംഗങ്ങൾക്ക് അമ്പതു ശതമാനം വേതനം കുറവാകും വിൻഡീസ് ക്രിക്കറ്റ് ബോർഡ് നൽകുക. ഫോർമുല വൺ സീസന്റെ ഓപ്പണിങ് റേസുകൾ ജൂലൈ ആദ്യവാരം നടത്താൻ ഓസ്ട്രിയൻ സർക്കാർ അനുമതി നൽകി. 

രോഗവ്യാപനം കുറവില്ലാതെ തുടരുമ്പോഴും ലോക്ഡൗണ്‍ ചട്ടങ്ങൾ പിൻവലിക്കുന്നതിനെതിരേ സർക്കാരിന്റെ ചില സയന്റിഫിക് അഡ്വൈസർമാർ തന്നെ രംഗത്തെത്തി. ഇപ്പോൾ  കൈക്കൊള്ളുന്ന തീരുമാനങ്ങൾ രാഷ്ട്രീയ തീരുമാനങ്ങൾ മാത്രമാണെന്നായിരുന്നു പ്രഫ. ജോൺ എഡ്മുണ്ട്സിന്റെ വിമർശനം. 

2445 പേർക്കാണ് ഇന്നലെ ബ്രിട്ടനിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ലോക്ഡൗണ്‍ ഇളവ് അനുവദിച്ച മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെല്ലാം ഇപ്പോൾ പ്രതിദിനമുള്ള പുതിയ കേസുകൾ ആയിരത്തിൽ താഴെയാണ് ഫ്രാൻസിൽ 597, ഇറ്റലിയിൽ 516, ജർമനി 741 എന്നിങ്ങനെയാണ് ഇന്നത്തെ പുതിയ കേസുകൾ. 

215 പേരാണ് ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഔദ്യോഗിക മരണസംഖ്യ ആകെ 38,376 ആയി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com