ADVERTISEMENT

ലണ്ടൻ ∙ കോവിഡിനെ പ്രതിരോധിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഹാൻഡ് സാനിറ്റൈസറുകൾ ചൂടുകാലത്ത് കാറുകളിൽ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകൾ തീപിടിത്തത്തിന് കാരണമാകുമെന്നാണ് ബ്രിട്ടനിലെ ഫയർ ഇൻഡസ്ട്രി അസോസിയേഷനും എൻഎച്ച്എസ് പ്രോപ്പർട്ടി സർവീസും മുന്നറിയിപ്പു നൽകുന്നത്. വരുംദിവസങ്ങളിൽ ബ്രിട്ടനിലെ താപനില പലയിടത്തും 35 ഡിഗ്രിവരെ ഇയരുമെന്നും ഉഷ്ണക്കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് സാനിറ്റൈസറുകൾ കാറിൽ ഉപേക്ഷിച്ച് പോകരുതെന്ന് അധികൃതർ ഓർമിപ്പിക്കുന്നത്. ചൂടത്ത് പാർക്കു ചെയ്യുന്ന കാറിനുള്ളിൽ ക്രമാതീതമായി ഇയരുന്ന താപനില ആൽക്കഹോളിനെ ആവിയാക്കും പിന്നീടുണ്ടാകുന്ന ചെറിയൊരു സ്പാർക്കുപോലും തീപിടുത്തതിന് കാരണമാകാം. അതിനാൽ സാനിറ്റൈസറുകൾ ഒരു കാരണവശാലും കാറിൽ സൂക്ഷിക്കുകയോ മറന്നുവയ്ക്കുകയോ അരുത്. 

ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇന്നലെ ബ്രിട്ടനിൽ. ഹീത്രൂ വിമാനത്താവളത്തിൽ 31 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഇന്നു വൈകുന്നേരം ഉഷ്ണക്കാറ്റും തുടർന്ന് വെയിൽസിലും നോർത്തേൺ അയർലൻഡിലും സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിലും തണ്ടർസ്റ്റോമും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 

1976ൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രിയാണ് ഇതുവരെ ജൂൺമാസത്തിൽ ബ്രിട്ടനിൽ രേഖപ്പെടുത്തിയിട്ടുള്ള റെക്കോർഡ് താപനില. ഇക്കുറി ഇതിനെ കടത്തിവെട്ടുന്ന ചൂടുണ്ടാകുമെന്നാണ് പ്രവചനം. 

ലോക്ഡൗണും കോവിഡ് പ്രോട്ടോക്കോളും എല്ലാം മറന്ന് ആളുകൾ കൂട്ടത്തോടെ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും ഇറങ്ങുന്ന കാഴ്ചയാണ് ബ്രിട്ടനിലെല്ലാം. ബീച്ചുകളെല്ലാം നിറയുന്ന സ്ഥിതിയാണ്. ബോൺമൌത്ത്, ചെഷെയർ, ഡെർബിഷെയർ, ബ്രൈറ്റൺ, ബ്ലാക്ക്പൂൾ, മാർഗേറ്റ്, ഹെരൺ ബേ, സൌത്ത് എൻഡ് തുടങ്ങിയ പ്രധാന ബീച്ചുകളെല്ലാം ജനനിബിഡമാണ്. 

ബ്രിട്ടനിൽ ഇന്നലെ 154 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 43,081 ആയി. 653 പേർക്കാണ് പുതുതായി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com