ADVERTISEMENT

വത്തിക്കാൻ സിറ്റി∙ കോവിഡ് ആഗോളതലത്തില്‍ പിടി മുറുക്കിയതോടെ ഇന്ത്യയുടെ അഭിവാദ്യമായ കൈകൂപ്പിയുള്ള നമസ്തേയ്ക്ക് ലോകമെങ്ങും  പ്രചാരം ഏറുകയാണ്. അതുകൊണ്ടുതന്നെ ലോകരാജ്യങ്ങള്‍ ഈ ഒരു അഭിവാദ്യം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹസ്തദാനത്തിന് ഏറെ പരിവേഷം നല്‍കുന്ന യൂറോപ്പിലും നമസ്തേയ്ക്ക് നല്ല സ്വീകാര്യതയുണ്ട്. അതുകൊണ്ടു തന്നെയാവണം ഫ്രാന്‍സിസ് മാര്‍പാപ്പാ ഇന്ത്യന്‍ മാതൃകയില്‍ തന്നെ നമസ്തേയും ഗുഡ്ബൈയും സ്വായത്തമാക്കിയതും. 

വത്തിക്കാനിലെ ഇന്ത്യന്‍ സ്ഥാനപതിയും പാലാ സ്വദേശിയുമായ സിബി ജോര്‍ജ് അധികാര കാലാവധി പൂര്‍ത്തിയാക്കി യാത്ര ചോദിക്കാനായി  അവസാന കൂടിക്കാഴ്ചയ്ക്ക് വത്തിക്കാനിലെത്തി കഴിഞ്ഞ ദിവസം മാര്‍പാപ്പായെ സന്ദര്‍ശിച്ചപ്പോള്‍ കൊറോണക്കാലത്ത് വൈറസ് വ്യാപനം തടയാന്‍ ഏറെ ഉചിതമായ നടപടിയെന്നോണം അംബാസഡറായ സിബിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പാ പരിശീലിച്ചത് നമസ്തേയാണ്. ഇരുവരും തമ്മില്‍ നടന്ന വത്തിക്കാനിലെ  കൂടിക്കാഴ്ചയില്‍ നമസ്തേ പറയാനും ഗുഡ്ബൈ പറയാനും പാപ്പാ പ്രത്യേകം താല്‍പ്പര്യം കാണിക്കുകയും ചെയ്തപ്പോള്‍ യൂറോപ്യരുടെ പഴയമുറയെ  തല്‍ക്കാലം വഴിമാറ്റിയ അവസ്ഥയായി. അംബാസഡറിനൊപ്പം പത്നി ജോയിസും ഉണ്ടായിരുന്നു. 

2017 നവംബറില്‍ സ്വിറ്റ്സര്‍ലൻഡിലെ സ്ഥാനപതിയായി സ്ഥാനമേറ്റ സിബി ജോര്‍ജ് അതേ വര്‍ഷം ഡിസംബറില്‍ വത്തിക്കാന്‍റെയും, ലിസ്റ്റന്‍സ്റ്റൈന്‍റെയും സ്ഥാനപതിയായും അധിക ചുമതല നല്‍കിയിരുന്നു.

ഐഎഫ്എസിന്‍റെ 1993 ബാച്ചുകാരനായ  സിബി ജോര്‍ജ് ജൂലൈയില്‍ കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡറായി സ്ഥാനമേല്‍ക്കും. ഈജിപ്തിലെ പൊളിറ്റിക്കല്‍ ഓഫിസറായി ആദ്യമായി നിയമിക്കപ്പെട്ടു. പിന്നീട് ഖത്തറിലെ പ്രഥമ സെക്രട്ടറിയായും പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലറായും നിയമിതനായി. പൊളിറ്റിക്കല്‍ കൗണ്‍സിലര്‍, കൊമേഴ്സ്യല്‍ കൗണ്‍സിലര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച സിബി സൗദി അറേബ്യ, ഇറാന്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഡല്‍ഹിയില്‍ എംഇഎയില്‍ നടന്ന ഈസ്റ്റ്ഏഷ്യ ഡിവിഷന്‍റെയും ഇന്തോ ആഫ്രിക്ക ഫോറം സമ്മിറ്റിന്‍റെയും കോര്‍ഡിനേറ്ററായിരുന്ന സിബി അറബിയില്‍ പ്രാവീണ്യമുള്ള വ്യക്തിയാണ്. 2014 ലെ മികവിനുള്ള എസ്.കെ.സിംഗ് അവാര്‍ഡ് ജേതാവായിരുന്നു. പാല പൊടിമറ്റം കുടുംബാംഗമാണ് സിബി. ജോയ്സ് ജോണ്‍ ആണു ഭാര്യ. ഈ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്. കുവൈറ്റില്‍ ഇന്ത്യന്‍ അംബാസഡറായി നിയമിക്കപ്പെടുന്ന രണ്ടാമത്തെ മലയാളിയാണ് സിബി ജോര്‍ജ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com