ADVERTISEMENT

ലണ്ടൻ ∙ കോവിഡ് ഏറെക്കുറെ നിയന്ത്രണവിധേയമായ ബ്രിട്ടനിൽ രണ്ടാം രോഗവ്യാപനത്തിനുള്ള സാധ്യത ഏറെയാണെന്നു വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യം തികച്ചും സന്നിഗ്ധമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രിയും ഹോം സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകുകയാണ്. സ്ട്രീറ്റ് പാർട്ടികളും ബീച്ചുകളിലെ അനിയന്ത്രിതമായ ആഘോഷവും പ്രതിഷേധ പ്രകടനങ്ങളും പാടില്ലെന്നും ഇത് വീണ്ടും രോഗബാധയുണ്ടാക്കുമെന്നും ഹോം സെക്രട്ടറി പ്രീതി പട്ടേൽ മുന്നറിയിപ്പു നൽകി. 

2494 കേസുകൾ റിപ്പോർട്ടുചെയ്യപ്പെട്ട ലെസ്റ്റർ സിറ്റിയിൽ വീണ്ടും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി. പ്രാദേശിക ഭരണകൂടങ്ങളുമായി ആലോചിച്ച് തിങ്കളാഴ്ചയോടെ ഇക്കായര്യത്തിൽ തീരുമാനം ഉണ്ടാകും. നൂറു കണക്കിന് മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ താമസിക്കുന്ന നഗരമാണ് ലസ്റ്റർ. 

ബ്രിട്ടനിൽ ഇന്നലെ 36 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ മരണം 43,550 ആയി. തുടർച്ചയായ മൂന്നാം ദിവസവും സ്കോട്ട്ലൻഡിൽ കോവിഡ് മരണങ്ങളില്ല. 

 പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റാനായിട്ടില്ലെന്നാണ് സർവേഫലം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലേബർ നേതാവ് സർ കെയ്ർ സ്റ്റാമറിന് ബോറിസിനെക്കാൾ മികച്ച പ്രധാനമന്ത്രിയാകാൻ കഴിയുമെന്നാണ് ബ്രിട്ടനിലെ ജനങ്ങൾ കരുതുന്നതെന്ന് സർവേ വെളിപ്പെടുത്തുന്നു. പോളിങ് കമ്പനിയായ ഒപ്പീനിയം നടത്തിയ സർവേയിൽ 37 ശതമാനം പേർ സ്റ്റാമറിന് മികച്ച പ്രധാനമന്ത്രിയാകാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. 35 ശതമാനം മാത്രമാണ് ബോറിസിനെ മികച്ച പ്രധാനമന്ത്രിയായി കാണുന്നത്. 

ബ്രിട്ടനിലെ തൊഴിലില്ലായ്മ 1980ലെ മാർഗരറ്റ് താച്ചറുടെ ഭരണകാലത്തേതിനു തുല്യമായി വളരുമെന്ന് റിപ്പോർട്ടുകൾ. കോവിഡ് രാജ്യത്ത് 33 ലക്ഷം പേരെ തൊഴിൽ രഹിതരാക്കുമെന്നാണ് പഠനങ്ങൾ. സർക്കാരിന്റെ വികലമായ നയങ്ങൾ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുമെന്നാണ് ഷാഡോ ബിസിനസ് സെക്രട്ടറിയും മുൻ ലേബർ നേതാവുമായി എഡ് മിലിബാൻഡിന്റെ വിമർശനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com