ADVERTISEMENT

റോം∙ വടക്കൻ ഇറ്റലിയിലെ ജനോവയിൽ രണ്ടുവർഷങ്ങൾക്കു മുൻപ് തകർന്നുവീണ പാലത്തിനു പകരംനിർമ്മിച്ച പുതിയ പാലം ഇന്നു മുതൽ (ഓഗസ്റ്റ് - 05) ഗതാഗതത്തിനു  തുറന്നുകൊടുക്കും. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മത്തെരെല്ല, പ്രധാനമന്ത്രി ജൂസപ്പെ കോൺതേ എന്നിവർ പങ്കെടുത്ത ചടങ്ങിൽ പുതിയ ജനോവ പാലത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

italy-bridge-3

2018 ഓഗസ്റ്റ് 14 ന് പഴയപാലം തകർന്നുവീണുണ്ടായ അപകടത്തിൽ മരണമടഞ്ഞ 43 വ്യക്തികളുടെയും പേരുവിവരങ്ങൾ ഉദ്ഘാടനച്ചടങ്ങിനിടെ വായിക്കുകയും അവരോടുള്ള ആദരസൂചകമായി മൂന്നു മിനിട്ട് മൗനമാചരിക്കുകയും ചെയ്തു. ചടങ്ങിനു മുന്നോടിയായി  കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി പ്രസിഡന്റ് സ്വകാര്യമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

italy-bridge-2

പ്രശസ്ത ഇറ്റാലിയൻ വാസ്തുശിൽപിയും ജെനോവ സ്വദേശിയുമായ റെൻസോ പിയാനോയാണ് പുതിയപാലം രൂപകൽപ്പന ചെയ്തത്. പോന്തേ സാൻ ജോർജിയോ എന്നാവും പുതിയ ജനോവ പാലം അറിയപ്പെടുക. ഒരു കിലോമീറ്ററോളം നീളമുള്ള പാലം, നിശ്ചയിച്ച സമയത്തിനുള്ളിൽ  പൂർത്തീകരിക്കുന്നതിനായി ലോക്ഡൗൺ കാലത്തുപോലും ജോലികൾ നടത്തി.  ജൂലൈ അവസാനം 44 ടൺ വീതം ഭാരംനിറച്ച 56 ലോറികൾ പാലത്തിലുടെ ഓടിച്ച്  ബലപരീക്ഷണവും നടത്തിയിരുന്നു. 

ഇൻസ്പെക്ഷൻ ആന്റ് എഞ്ചിനീറിംഗ് സർവീസസ് ഗ്രൂപ്പായ റിന, നിർമാണ ഭീമൻ സാലിനി ഇംപ്രജിലോ, കപ്പൽ നിർമ്മാതാവ് ഫിൻകാന്റിയേരി എന്നിവരടങ്ങുന്ന  കൺസോർഷ്യമാണ് ഒരു കിലോമീറ്ററോളം നീളുന്ന വയഡാക്റ്റ് നിർമ്മിച്ചിരിക്കുന്നത്.

ഉദ്ഘാടനച്ചടങ്ങുകൾക്കിടയിൽ പാലത്തിന്റെ പശ്ചാത്തലത്തിൽ ആകാശത്ത് മഴവില്ലു തെളിഞ്ഞത് കൗതുകമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com