ADVERTISEMENT

ലണ്ടൻ ∙ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിലെ കണക്കുകൾ ബ്രിട്ടൻ വീണ്ടും സമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായ സൂചന നൽകുന്നു. സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു മാസത്തിൽ ജിഡിപി 20.4 ശതമാനമാണ് കുറഞ്ഞത്. വികസിത രാജ്യങ്ങളിൽ സാമ്പത്തിക രംഗത്ത് ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന രാജ്യമായി ബ്രിട്ടൻ മാറുന്നതായാണ് കണക്കുകൾ. 

ജനങ്ങളുടെ ക്രയശേഷി കുറഞ്ഞു. കടകളും വ്യാപാര സ്ഥാപനങ്ങളും പലതും അടച്ചു. ഫാക്ടറികളുടെയും നിർമാണ മേഖലയുടെയും പ്രവർത്തനങ്ങൾ അവതാളത്തിലാണ്. ഇതെല്ലാമാണ് 2009നു ശേഷമുള്ള മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നത്. 

സർവീസ് സെക്ടറിനെയാണ് ലോക്ഡൗൺ ഏറ്റവും പ്രതികൂലമായി ബാധിച്ചത്. സ്കൂളുകൾ അടഞ്ഞു കിടക്കുന്നത് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ബിസിനസുകളെയും തളർത്തി. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കാർ റിപ്പെയർ സെന്ററുകൾ എന്നിവയാണ് ഏറ്റവും തകർന്നടിഞ്ഞ മേഖലകൾ. കാറുകളുടെ നിർമാണം 1954നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 

London uk corona virus

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 220,000 പേർക്ക് തൊഴിൽ നഷ്ടം ഉണ്ടായതാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഏഴുലക്ഷത്തിലധികം പേർ ബ്രിട്ടനിൽ തൊഴിൽ രഹിതരായെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.  എന്തായാലും സാമ്പത്തിക രംഗത്തെ നിലവിലുള്ള മാന്ദ്യം കൂടുതൽ തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്നാണ് ചാൻസിലർ ഋഷി സുനാക് മുന്നറിയിപ്പു നൽകുന്നത്. മഞ്ഞുമലയുടെ അഗ്രം മാത്രമാണ് ഇപ്പോൾ കാണുന്നതെന്നും കൂടുതൽ മോശമായ റിപ്പോർട്ടുകൾ പുറത്തുവരാനിരിക്കുന്നതേ ഉള്ളൂ എന്നും സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പു നൽകുന്നു. 

ഏറ്റവും പുതിയ കണക്കുപ്രകാരം രാജ്യത്ത് 9.6 മില്യൺ (96 ലക്ഷം) ആളുകളാണ് ഫർലോ സ്കീമിൽ തുടരുന്നത്. ഒക്ടോബറിൽ ഈ സ്കീം അവസാനിക്കുന്നതോടെ ഇതിൽ നല്ലൊരു ഭാഗവും തൊഴിൽ രഹിതരാകാനുള്ള സാധ്യത ഏറെയാണ്. പ്രവർത്തനരഹിതമായ സ്ഥാപനങ്ങളിലെ ഈ തൊഴിലാളികളുടെ ശമ്പളത്തിന്റെ 80 ശതമാനം ഇപ്പോൾ സർക്കാരാണ് നൽകുന്നത്. ഒക്ടോബറിനു ശേഷം ഈ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചില്ലെങ്കിൽ ഇവരെല്ലാം ഒറ്റയടിക്ക് തൊഴിൽ രഹിതരായി മാറും. 

ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ സെക്ടറുകളിലെ വൻകിട സ്ഥാപനങ്ങൾ പലതും ദിവസേന ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്ന വാർത്തായാണ് പുറത്തുവരുന്നത്. തൊഴിൽ രഹിതരുടെ എണ്ണം കൂടുന്തോറും വിവിധ തരത്തിലുള്ള  സർക്കാർ ബനഫിറ്റിനായി അപേക്ഷിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com