sections
MORE

കോവിഡ് കാലത്തും ബ്രിട്ടനിലെത്തുന്നത് നൂറുകണക്കിനു മലയാളി നഴ്സുമാർ

uk-nurses
SHARE

ലണ്ടൻ ∙ കോവിഡ് നിരോധനങ്ങളും യാത്രാവിലക്കുകളും ക്വാറന്റീൻ നിയമങ്ങളും എല്ലാം നിലനിൽക്കെയും ഓരോ മാസവും ബ്രിട്ടനിലേക്ക് എത്തുന്നത് നൂറുകണക്കിന് മലയാളി നഴ്സുമാർ. വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിലേക്ക് റിക്രൂട്ടുചെയ്യപ്പെടുന്ന നഴ്സുമാർ വന്ദേഭാരത് മിഷന്റെ വിമാനങ്ങളിൽ ചെറുസംഘങ്ങളായാണ് ബ്രിട്ടനിലേക്ക് പറന്നിറങ്ങുന്നത്. ബ്രിട്ടീഷ് ഏജൻസികൾ പലതുമുണ്ടെങ്കിലും മലയാളികൾ തന്നെ നടത്തുന്ന ചെറുതും വലുതുമായ  റിക്രൂട്ട്മെന്റ് ഏജൻസികളാണ് കേരളത്തിൽനിന്നും എൻ.എച്ച്.എസിനായി നഴ്സുമാരെ റിക്രൂട്ട് ചെയ്ത് എത്തിക്കുന്നതിൽ മുന്നിൽ   

വന്ദേഭാരത് മിഷനിൽ കൊച്ചിയിൽനിന്നും ലണ്ടനിലേക്ക് നേരിട്ട് വിമാനസർവീസുകൂടി ആയതോടെ അനിശ്ചിതത്വത്തിലായിരുന്ന പല റിക്രൂട്ടുമെന്റ് നടപടികളും വേഗത്തിലായി. ഇതാണ് ബ്രിട്ടനിലേക്ക് കൂട്ടമായി പറന്നിറങ്ങാൻ നഴ്സുമാരെ സഹായിക്കുന്നത്.  

uk-nurses-2

കോവിഡ് വ്യാപനം ശക്തമായിരുന്ന ജൂലൈയിൽ പോലും  ഷെഫീൽഡ് ടീച്ചിങ് ഹോസ്പിറ്റൽ, റോതെർഹാം ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്ക് എൻവെർട്ടിസ് കൺസൾട്ടൻസി 23 നഴ്സുമാരെ ബ്രിട്ടനിലെത്തിച്ചിരുന്നു. ഇവരിൽ പലരുടെയും ട്രാവൽ വീസകാലാവധി അവസാനിച്ചിരുന്നുവെങ്കിലും യുകെ ഹോം ഓഫിസിൽനിന്നും വീസ വേവർ ഉത്തരവ് സമ്പാദിച്ച്, എയർ ഇന്ത്യയിൽ നിന്നും ഹീത്രൂ എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിൽനിന്നും പ്രത്യേകം അനുവാദവും വാങ്ങിയാണ് ഇവർക്ക് ഏജൻസി യാത്രാസൗകര്യം ഒരുക്കിയത്.

ഇതേ ഏജൻസി വഴി ഈ തിങ്കളാഴ്ച ലണ്ടനിൽ വിമാനമിറങ്ങിയത് 27 നഴ്സുമാരാണ്. വെയിൽസിലെ കാഡിഫിനു സമീപമുള്ള ക്വം-ടാഫ് യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിലേക്കാണ് ഇവരെ റിക്രൂട്ട് ചെയ്തിരിക്കുന്നത്. വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 44 നഴ്സുമാർ കൂടി ഇതേ ഏജൻസിവഴി മാത്രം കേരളത്തിൽനിന്നും ലണ്ടനിൽ എത്തുന്നുണ്ട്. ഇവരെ സ്വീകരിക്കാൻ എൻഎച്ച്എസ്.ഇംഗ്ലണ്ട് ഡയറക്ടർ റൂത്ത് മേയും എൻഎച്ച്എസിന്റെ ഇന്റർനാഷണൽ നഴ്സസ് റിക്രൂട്ട്മെന്റ് ഹെഡ് ഡങ്കൺ ബർട്ടണും ഹീത്രൂ വിമാനത്താവളത്തിൽ എത്തും. 

നോട്ടിങ്ങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് ഓരോ പതിനഞ്ചു ദിവസം കൂടുമ്പോഴും 30 പേർ എന്ന കണക്കിൽ ഡിസംബർ വരെ ഇന്ത്യയിൽനിന്നും റിക്രൂട്ട് ചെയ്യുന്ന നഴ്സുമാർ എത്തും. ഇവരിൽ മഹാഭൂരിപക്ഷവും മലയാളികളാണ്. 14 ദിവസത്തെ ക്വാറന്റീൻ സൗകര്യം ഒരുക്കേണ്ടതുള്ളതിനാലാണ് 30 പേർ വീതമുള്ള ബാച്ചുകളായി ഇവരെ ഏജൻസികൾ എത്തിക്കുന്നത്. ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്കും വരുന്ന  നാലുമാസക്കാലം മൂന്നാഴ്ചത്തെ ഇടവേളയിൽ പതിനഞ്ചിലധികം നഴ്സുമാർ വീതം എത്തിച്ചേരും. 

2019ൽ വിവിധ രാജ്യങ്ങളിൽനിന്നായി 1,300ലേറെ വിദേശ നഴ്സുമാരെയാണ് എൻഎച്ച്എസ് റിക്രൂട്ട് ചെയ്ത് എത്തിച്ചത്. ഈ വർഷം മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതു വരെ മാത്രം 495 പേരെത്തി. ഇരിൽ നല്ലൊരു ശതമാനം മലയാളികളാണെന്നത് അഭിമാനകരം തന്നെ. യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുന്തോറും കൂടുതൽ നഴ്സുമാർ യുകെയിലെത്തും. കോവിഡിന്റെയും ബ്രെക്സിറ്റിന്റെയും പശ്ചാത്തലത്തിൽ നഴ്സിങ് മേഖലയിലെ അവസരങ്ങളും ഓരോ ദിവസവും കൂടിവരികയാണ് .   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA