ADVERTISEMENT

ഡബ്ലിൻ ∙ ഐറിഷ് നഴ്സിങ് ബോര്‍ഡിലേക്ക് രണ്ടു മലയാളികള്‍ മത്സരിക്കുന്നു. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. രണ്ടുപേരില്‍ ഒരാള്‍ വനിത എന്നതാണ് ശ്രദ്ധേയം. കാറ്റഗറി ഒന്നില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പടെ നാലു പേരാണ് മല്‍സരരംഗത്തുള്ളത്. മൂന്നു പേരെയാണ് തിരഞ്ഞെടുക്കേണ്ടത്. ഷാല്‍ബിന്‍ ജോസഫ് കല്ലറയ്ക്കല്‍, രാജിമോള്‍ കെ മനോജ്  എന്നിവരാണ് മല്‍സരരംഗത്തുള്ള മലയാളികള്‍. ഓണ്‍ലൈന്‍ വഴിയായി സെപ്റ്റംബര്‍ 15 മുതല്‍ 23 വരെയാണ് തിരഞ്ഞെടുപ്പിന്‍റെ സമയം. 

അയര്‍ലന്‍ഡില്‍ എത്തുന്ന എല്ലാ നഴ്സുമാര്‍ക്കും ക്രിട്ടിക്കല്‍ സ്കില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാക്കാന്‍ പോരാട്ടം നടത്തി നിയമഭേദഗതിയിലൂടെ 2020 ജനുവരി ഒന്നുമുതല്‍ നിയമം സര്‍ക്കാരിനെക്കൊണ്ട് നടപ്പിലാക്കാന്‍ സ്വാധീനിച്ച വ്യക്തിയെന്ന നിലയില്‍ ഷാല്‍ബിന്‍ ജോസഫ് അയര്‍ലണ്ടില്‍ ഏറെ സുപരിചിതനാണ്. ഈ നിയമം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെട്ടത് ഇന്ത്യക്കാരായ നഴ്സുമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ഷാല്‍ബിന്‍ നേടിയ വിജയത്തിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നഴ്സിങ് ബോര്‍ഡിലേയ്ക്ക് മല്‍സരിയ്ക്കുമ്പോള്‍ തികഞ്ഞ ശുഭപ്രതീക്ഷയിലാണ്.

നഴ്സിങ് ബിരുദത്തിനു പുറമെ, മാനേജ്മെന്‍റില്‍ ബിരുദവും ഹെല്‍ത്ത്കെയര്‍ മാനേജ്മെന്‍റില്‍ എംബിഎയും ഷാല്‍ബിന്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2020 ല്‍ ഐറിഷ് നഴ്സിങ് ആന്‍റ് മിഡ്‌വൈഫറി സംഘടനയുടെ ഇന്‍റര്‍നാഷണല്‍ വൈസ് ചെയര്‍മാനായ ഷാല്‍ബിന്‍ നവാന്‍ ഔവര്‍ ലേഡി ഹോസ്പിറ്റലില്‍ ജോലിചെയ്യുന്നു.

രാജിമോള്‍ മനോജ് ആണ് രണ്ടാമത്തെ മല്‍സരാർഥി. കേരളത്തില്‍ നിന്നും നഴ്സിങ് ബിരുദം നേടിയ ശേഷം അയര്‍ലൻഡിലെത്തി നഴ്സിങ്ങില്‍ മാസ്റ്റേഴ്സ് ബിരുദം നേടി. ഡബ്ലിനിലെ സെന്‍റ് വിന്‍സെന്‍റ് ഹോസ്പിറ്റലിലെ ആദ്യ ഇന്ത്യന്‍ ഐസിയു നഴ്സാണ് രാജിമോള്‍. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി അയര്‍ലൻഡിലെ വിവിധ ഹോസ്പിറ്റലുകളില്‍ സേവനം ചെയ്തിട്ടുണ്ട്. 

വിക്ലോയില്‍ താമസിയ്ക്കുന്ന രാജിമോള്‍ അയര്‍ലൻഡിലെ എത്നിക് ആൻഡ് മിക്സഡ് കമ്മ്യൂണിറ്റിയില്‍ സജീവ സാന്നിധ്യമാണ്. പുതിയ തലമുറയ്ക്കായി  മൈഗ്രന്‍റ്സ് സംവാദങ്ങളും നടത്തിയിട്ടുള്ള രാജിമോള്‍ ഐറിഷ് നഴ്സിങ് സിസ്റ്റത്തിനെക്കുറിച്ച് നല്ല അറിവുള്ള വ്യക്തിയാണ്. അയര്‍ലൻഡിലെ നഴ്സിങ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എല്ലാ പിന്തുണയും  അഭ്യർഥിക്കുന്നതിനൊപ്പം ഇരുവര്‍ക്കും വിജയാശംസകളും നേരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com