ADVERTISEMENT

സൂറിക്ക് ∙ സാമൂഹ്യ ഇടപെടലുകൾ നടത്തിവരുന്ന യൂറോപ്പിലെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ ശക്തമായി പ്രതിഷേധിച്ചു. അഡ്മിൻ ടോമി തൊണ്ടാംകുഴിയുടെ അദ്ധ്യക്ഷതയിൽ സൂറിക്കിൽ കൂടിയ ഗവേണിങ് ബോഡി മീറ്റിങ്ങിൽ ഗവേണിങ് ബോഡി അംഗം ജേക്കബ് മാളിയേക്കൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ വിട്ടയക്കണമെന്ന് അധികാരികളോട് ഗവേണിങ് ബോഡി ആവശ്യപ്പെട്ടു.

ആദിവാസികളുടെ ഇടയിൽ അവരിൽ ഒരുവനായി ജീവിച്ചു സാമൂഹ്യപ്രവർത്തനം നടത്തിവന്നിരുന്ന ആളായിരുന്നു എൺപത്തിമൂന്നുകാരനായ ജസ്യൂട്ട് വൈദികൻ. നാട്ടുകാർ സ്നേഹപൂർവ്വം സ്വാമി അച്ചൻ എന്ന് വിളിക്കുന്ന സാത്വികനായ സാമൂഹ്യ പ്രവർത്തകനെ യുഎപി ആക്ട് ചുമത്തി ആണ് ജയിലിൽ അടച്ചിരിക്കുന്നത്. മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാണ് ഗവൺമെന്റ് ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിന് പറയുന്ന ന്യായീകരണം.

ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ എൺപത്തിമൂന്നുകാരനായ ജെസ്യൂട്ട് സഭാ വൈദികനാണ് സ്റ്റാൻ സ്വാമി. ആദിവാസി അവകാശ രാഷ്ട്രീയത്തിന്റെ മേഖലയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന പുരോഹിതനാണ് ഫാദർ സ്റ്റാൻ സ്വാമി.

പാർശ്വവത്കരിക്കപ്പെട്ടവരും അക്രമിക്കപ്പെട്ടവരുമായ ആളുകൾക്ക്  വേണ്ടിയുള്ള ഫാദർ സ്റ്റാൻസ്വാമിയുടെ പരിശ്രമങ്ങളുടെ ഫലമായി, ജാർഖണ്ഡിലെ മുഖ്യധാരാ മാധ്യമങ്ങള് തീര്ത്തും അവഗണിച്ച അക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ചുള്ള വാർത്തകൾ  കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വെളിച്ചം കണ്ടുതുടങ്ങിയത് . കാര്യങ്ങൾ  രേഖാമൂലം അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അതുല്യമായ കഴിവും, മറ്റു മനുഷ്യാവകാശ സംഘടനകളുമായി ശൃംഖലകളുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ പാടവവും ചേരുന്നതോടെ ജാർഖണ്ഡ് പോലുള്ള ഒരു സംസ്ഥാനത്തിലെ പൊതുസമൂഹം ഉണർന്നു. തന്റെ ജീവിതത്തെ ആദിവാസികളുമായും അവരുടെ ആത്മാഭിമാനവുമായും ചേർത്തുനിർത്താൻ  അദ്ദേഹത്തിന് കഴിഞ്ഞു. എഴുത്തുകാരനെന്ന നിലയ്ക്ക്, പല നയങ്ങൾക്കുമെതിരെ കൃത്യമായ വിമർശനങ്ങൾ  അദ്ദേഹം മുന്നോട്ടുവച്ചു. അതുമാത്രമല്ല, അദ്ദേഹത്തിന്റെ കൃത്യവും ശാന്തവുമായ പ്രവര്ത്തനങ്ങളും സ്വഭാവത്തിലെ ലാളിത്യവും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരുടെ ഇടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.

നാട്ടുകാർക്കെല്ലാം മതിപ്പ് ഉളവാക്കുന്ന രീതിയിൽ തികച്ചും ലളിത ജീവിതം നയിച്ചു ആദിവാസി ക്ഷേമ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന വൈദികന്റെ അറസ്റ്റ് മനുഷ്യാവകാശധ്വംസനമായി ഹലോ ഫ്രണ്ട്സ് കാണുന്നുവെന്ന് പ്രമേയത്തിൽ അംഗങ്ങൾ രേഖപ്പെടുത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com