ADVERTISEMENT

റോം ∙  രാജ്യത്ത് കോവിഡ് -19 വൈറസ് ക്രമാതീതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറ്റലി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇന്നലെ (ഞായർ) അർദ്ധരാത്രി മുതൽ നിലവിൽവന്ന നിയന്ത്രണങ്ങൾ നവംബർ 24 വരെ ഒരു മാസത്തേയ്ക്ക്  പ്രാബല്യത്തിലുണ്ടായിരിക്കും. പ്രാദേശിക അധികാരികളുമായി സഹകരിച്ച് അംഗീകരിച്ച പുതിയ നിയന്ത്രണങ്ങൾ, സാമൂഹിക ബന്ധങ്ങളും ആളുകളുടെ ഒത്തുചേരലുകളും കൂടുതൽ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളവയാണ്.     

ബാറുകളും റസ്റ്ററൻ്റുകളും വൈകിട്ട് ആറു വരെ മാത്രം

വൈറസ് വൻതോതിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ, ഇന്നു മുതൽ ബാറുകൾ,  പബ്ബുകൾ, റെസ്റ്ററന്റുകൾ, ഐസ്ക്രീം പാർലറുകൾ തുടങ്ങിയവ എല്ലാ ദിവസവും വൈകിട്ട് ആറിന്  അടയ്ക്കണം. റെസ്റ്ററന്റുകൾക്ക് അർദ്ധരാത്രി വരെ ടേക്ക്എവേ സംവിധാനത്തോടെ ഭക്ഷണം വിൽക്കാൻ അനുമതിയുണ്ട്.

 ഭക്ഷണപാനീയങ്ങൾ നൽകുന്ന സ്ഥലങ്ങൾ രാവിലെ അഞ്ചിനും വൈകിട്ട് ആറിനുമിടയിൽ തുറക്കാം.  ആറിനുശേഷം  പൊതുസ്ഥലങ്ങളിൽ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതും  നിരോധിച്ചിട്ടുണ്ട്. റസ്റ്ററന്റുകളിൽ ഒരു  മേശയ്ക്കുചുറ്റും പരമാവധി നാല് ആളുകളെ മാത്രമേ അനുവദിക്കൂ.  

ആഘോഷങ്ങൾ

വിവാഹങ്ങൾ ഉൾപ്പെടെയുള്ള മത - സിവിൽ ചടങ്ങുകളും അതിനോടു ബന്ധപ്പെട്ട പാർട്ടികളും നിരോധിച്ചു.

 ജിമ്മുകൾ, നീന്തൽക്കുളങ്ങൾ

ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, സ്പാ, വെൽനസ് സെന്ററുകൾ, കാസിനോകൾ, വാതുവയ്പ്പു കേന്ദ്രങ്ങൾ, ബിങ്കോ ഹാളുകൾ എന്നിവ അടച്ചുപൂട്ടും.

സിനിമാ-നാടക ശാലകൾ  

രാജ്യത്തെ എല്ലാ സിനിമാശാലകളും തിയേറ്ററുകളും കച്ചേരി ഹാളുകളും അടച്ചുപൂട്ടും.

കർശന സന്ദർശന നിയമങ്ങൾ അനുസരിച്ച് മ്യൂസിയങ്ങൾ തുറന്നുപ്രവർത്തിക്കും.

 യാത്ര

ജോലി, പഠനം, ആരോഗ്യപരമായ കാരണങ്ങൾ എന്നിവയ്ക്കായുള്ള സാഹചര്യങ്ങളിലൊഴികെ  പൊതു - സ്വകാര്യ ഗതാഗതമാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. 

സ്കൂളുകൾ

കിന്റർഗാർട്ടൻസ്, പ്രാഥമിക, മിഡിൽ സ്‌കൂളുകൾ തുടങ്ങിയവ മുഖാമുഖ പാഠനരീതിക്കായി  തുറന്നിരിക്കും,  ഹൈസ്‌കൂൾ വിദ്യാർLfകൾക്ക് വിദൂര അധ്യാപനത്തിലൂടെ കുറഞ്ഞത് 75 ശതമാനമെങ്കിലും  പാഠങ്ങൾ ലഭ്യമാക്കും. സ്മാർട്ട് വർക്കിംഗ് കഴിയുന്നത്ര പ്രോത്സാഹിപ്പിക്കും.

പ്രാദേശിക കർഫ്യൂ

കാമ്പാനിയ (നേപ്പിൾസ്), ലാസിയോ (റോം), ലോംബാർഡിയ (മിലാൻ) എന്നീ പ്രദേശങ്ങളിലെ പ്രാദേശിക ഗവർണർമാർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.  സമാനമായ നടപടികൾ വരുംദിവസങ്ങളിൽ മറ്റു പ്രദേശങ്ങളിലും വ്യാപിപ്പിച്ചേക്കും. 

കോവിഡ് വൈറസിന്റെ വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങളെ മാനിച്ച് ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ജൂസപ്പേ കോൺതേ ആവശ്യപ്പെട്ടു. 

രാജ്യവ്യാപകമായി കർഫ്യൂവോ ലോക്ക്ഡൗണോ  ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചനയില്ലെന്നും കോൺതേ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com