ADVERTISEMENT

ലണ്ടൻ∙ നാലു പതിറ്റാണ്ടോളം നീണ്ട സ്തുത്യർഹമായ സേവനത്തിനുശേഷം ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽനിന്നും വിരമിച്ചയാളാണ് മലയാളികളുടെ പ്രിയപ്പെട്ട ഹരിയേട്ടൻ അഥവാ തെക്കേമുറി ഹരിദാസ്. ഹരിയേട്ടൻ സർവീസിൽ നിന്നും കഴിഞ്ഞവർഷം വിരമിച്ചതോടെയാണ് ഇംഗ്ലണ്ടിലെ മലയാളികൾ യഥാർധത്തിൽ അദ്ദേഹം ചെയ്തുവന്നിരുന്ന സേവനങ്ങളുടെ വിലയറിഞ്ഞത്. എന്തിനും ഏതിനും ഓടിയെത്താവുന്ന, ബന്ധപ്പെടാവുന്ന ഒരാശ്രയമായിരുന്നു ഹൈക്കമ്മിഷനിലെ സീനിയർ അഡ്മിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ടി. ഹരിദാസ്. 

മലയാളികൾക്ക് ഇപ്പോൾ അങ്ങനെയൊരു ആശ്രയസ്ഥാനം ഹൈക്കമ്മിഷനിലില്ല. ഈ തിരച്ചറിവാണ് അദ്ദേഹത്തെ ഉപദേശകനായോ വോളന്റിയർ സേവനത്തിനായോ ഹൈക്കമ്മിഷനിൽ തിരികെയെത്തിക്കണമെന്ന ആവശ്യം ഉയരാൻ കാരണം. കേരളത്തിലെ ‘’നന്മ’’ ചാരിറ്റിബൾ സൊസൈറ്റിയുടെ യുകെ ചാപ്റ്ററും ‘’പ്രവാസി ഹെൽപ് ഡെസ്ക്’’ എന്ന വാട്സാപ്പ് കൂട്ടായ്മയുമാണ് ഈ ആവശ്യവുമായി മുന്നിട്ടിറങ്ങിയിട്ടുള്ളത്.

ആരോഗ്യം അനുവദിക്കുന്ന കാലത്തോളം തന്റെ അറിവും പരിചയവും ബ്രിട്ടനിലെ മലയാളി സമൂഹത്തിനായി വിട്ടുനൽകാൻ ഹരിദാസും സന്നദ്ധനാണ്. പ്രവാസി ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്കായി ഇത്തരമൊരു നിഷ്കാമകർമത്തിന് അവസരമുണ്ടായാൽ സന്തോഷത്തോടെ സ്വീകരിക്കാനാണ് മലയാളികളുടെ സ്വന്തം ഹരിയേട്ടന്റെ തീരുമാനം. 

തുടർ സേവനത്തിനായി ഹരിദാസിനെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് നന്മ യുകെയും പ്രവാസി ഹെൽപ് ഡെസ്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും സംസ്ഥാന പ്രവാസി വകുപ്പിനു കീഴിലുള്ള നോർക്കയ്ക്കും നിവേദനം നൽകി. നന്മ യുകെയുടെ നോഡൽ ഓഫിസറായ രാജീവ് നായർ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായും പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനുമായും നേരിൽ ബന്ധപ്പെട്ട് ഇക്കാര്യം ഉന്നയിച്ചു. 

1996ൽ സർവീസിൽനിന്നും വിരമിച്ച പരിചയസമ്പന്നയായ ഒരു ഉദ്യോഗസ്ഥയെ സമാനമായ രീതിയിൽ വോളന്റിയർ സേവനത്തിനായി ഓഫിസിൽ തുടരാൻ അനുവദിച്ചകാര്യം ചൂണ്ടിക്കാട്ടിയാണ് നന്മയുടെയും പ്രവാസി ഹെൽപ് ഡെസ്കിന്റെയും നീക്കം. 

ലണ്ടനിൽ സൂര്യ ഫെസ്റ്റിവെൽ ഉൾപ്പെടെയുള്ള നിരവധി കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സംഘാടക മികവുതെളിയിച്ചിട്ടുള്ള ഹരിദാസ് ബ്രിട്ടനിൽ നിന്നുള്ള ലോക കേരള സഭാംഗവും അതിന്റെ പ്രസീഡിയം അംഗങ്ങളിൽ ഒരാളുമാണ്. വിവിധ പ്രവാസി സംഘടകളുമായി അടുത്തിടപഴകുന്ന ഹരിദാസ് മലയാളികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും നന്നായി നേരിട്ടറിയുന്ന ആളാണ്. പതിറ്റാണ്ടുകൾ നീണ്ട അനുഭവസമ്പത്തും ഉദ്യോഗസ്ഥ പ്രമുഖരുമായുള്ള അടുപ്പവും  കൈമുതലായുള്ള അദ്ദേഹം ഹൈക്കമ്മിഷനിൽ  മടങ്ങിയെത്തിയാൽ അത് മലയാളി സമൂഹത്തിനാകെ ഗുണകരമാകും. 

ലോക്ക്ഡൗൺ കാലത്ത് ഏറെ ബുദ്ധിമുട്ടിയ വിദ്യാർഥി സമൂഹമാണ് ഹൈക്കമ്മിഷനിലെ ഹരിയേട്ടന്റെ അഭാവം ഏറെ അനുഭവിച്ചറിഞ്ഞത്. സഹായംതേടി വിളിച്ച നിരവധി പേർക്കാണ് നാട്ടിലേക്കു മടങ്ങാനും ഹൈക്കമ്മിഷൻ വഴി താമസസൌകര്യവും ഭക്ഷണവും ഏർപ്പാടാക്കാനും ഹരിയേട്ടൻ മുൻകൈയെടുത്തത്.  അതുകൊണ്ടു തന്നെയാണ് ഇവരുടെ വാട്സ്ആപ് കൂട്ടായ്മയായ പ്രവാസി ഹെൽപ് ഡെസ്ക് അദ്ദേഹത്തെ തിരികെ വോളന്റിയറായി ഹൈക്കമ്മിഷനിൽ എത്തിക്കണമെന്ന  ആവശ്യവുമായി മുന്നിട്ടിറങ്ങുന്നത്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com