ADVERTISEMENT

ജനീവ∙വാക്സിന്‍ വന്നാലുടന്‍ കോവിഡ് 19 നിയന്ത്രണ വിധേയമാകുമെന്നു പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. ലോകത്താകമാനം 60% പേര്‍ക്കെങ്കിലും വാക്സീന്‍ നല്‍കിക്കഴിഞ്ഞാല്‍ മാത്രമേ പ്രതിരോധം ഫലപ്രദമാകൂ എന്നും സംഘടനയുടെ വാക്സീന്‍ വിഭാഗം മേധാവി കാതറിന്‍ ഒബ്രിയന്‍ പറഞ്ഞു.

വിവിധ മോഡലിങ് സ്റ്റഡികളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കെന്നും അവര്‍ വ്യക്തമാക്കി. അസ്ട്രസെനക്ക, മോഡേണ, ഫൈസര്‍ ബയോണ്‍ടെക്ക് വാക്സീനുകളാണ് ഇപ്പോള്‍ പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടുള്ളത്.  

കോവിഡ് 19 വാക്സീനുകള്‍ ലഭ്യമായിത്തുടങ്ങിയാല്‍ അവ ആദ്യമാദ്യം സ്വന്തമാക്കുന്നതിനുള്ള കൂട്ടപ്പൊരിച്ചിലില്‍ ദരിദ്ര രാജ്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടാതെ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ദരിദ്ര രാജ്യങ്ങളെ സഹായിക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് 4.3 ബില്യന്‍ ഡോളറിന്റെ ഫണ്ട് ആവശ്യമാണെന്നും ഹു മേധാവി ഡോ. ടെഡ്രോസ് അഥാനോം ഗെബ്രേസിയൂസ് വ്യക്തമാക്കി.

വാക്സിന്‍ വിതരണം വിവേചനരഹിതമായിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതിനകം നാലു വാക്സിനുകളാണ് പരീക്ഷണത്തിന്റെ അവസാന ഘട്ടങ്ങളിലുള്ളത്.  ലോകമെങ്ങും രണ്ടര യൂറോ നിരക്കില്‍ കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് ആസ്ട്രസനക്ക. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് ഇവര്‍ വികസിപ്പിച്ചെടുത്ത വാക്സീന്‍ മൂന്നാം ഘട്ടം പരീക്ഷണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഓക്സ്ഫഡുമായി ഉണ്ടാക്കിയ കരാറിലെ പ്രധാന വിഷയമായിരുന്നു ലോകജനസംഖ്യയ്ക്ക് വാക്സിന്‍ കുറഞ്ഞനിരക്കില്‍ ലഭ്യമാക്കുക എന്നതെന്ന് ആസ്ട്ര സെനേകയുടെ ഫ്രാന്‍സിലെ മേധാവി ഒളിവര്‍ നടാഫ് പറഞ്ഞു.

സമാന്തരവും സ്വതന്ത്രവുമായ വിതരണശൃംഖലകള്‍ വളരെനേരത്തേ ആരംഭിച്ചിട്ടുണ്ട്. യു.എസിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലുമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മാണം നടക്കുന്നുണ്ട്. രാജ്യങ്ങളുമായും സര്‍ക്കാരിതര സംഘടനകളുമായും കരാറിലെത്തിയിട്ടുണ്ടെന്നും നടാഫ് പറഞ്ഞു.

പരീക്ഷണത്തിന്‍റെ അന്തിമഫലങ്ങളും ആരോഗ്യവിഭാഗങ്ങളുടെ അനുമതിയും ലഭിച്ചാല്‍ വിതരണം തുടങ്ങും. അഞ്ചുകോടി ഡോസ് ഇപ്പോള്‍ ലഭ്യമാണ്. ഓരോ ആഴ്ചകളിലും ഉത്പാദനശേഷി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വാക്സീന്‍ 90 % ഫലപ്രദമാണെന്ന മൂന്നാംഘട്ട പരീക്ഷണങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.

2021~ല്‍ 300 കോടി ഡോസ് നിര്‍മിച്ച് ലോകമെങ്ങും വിതരണം ചെയ്യും. മറ്റു വാക്സിന്‍നിര്‍മാതാക്കളുമായുള്ള മത്സരമല്ല, ലോകത്തോടുള്ള പ്രതിബദ്ധതയാണ് മുഖ്യമെന്നും നടാഫ് കൂട്ടിച്ചേര്‍ത്തു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com