ADVERTISEMENT

ലണ്ടൻ∙ അവിശ്വസനീയമായ കണക്കുകളാണ് ഓരോ ദിവസവും ബ്രിട്ടനിൽ നിന്നു പുറത്തുവരുന്നത്. ലോക്ക്ഡൗണിന്റെ രണ്ടാംദിവസം ബ്രിട്ടനിൽ മരിച്ചത് 1041 പേരാണ്. പുതുതായി രോഗികളായത് 62,322 പേരും. കോവിഡ് രോഗികളെക്കൊണ്ട് ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞു. 30,074 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിന്റെ പതിൻമടങ്ങാണ് ആശുപത്രിയെ ആശ്രയിക്കാതെ വീടുകളിൽ രോഗികളായി കഴിയുന്നവർ. 

രോഗബാധ ഏറ്റവും കൂടുതലായിരുന്ന ഏപ്രിൽ മധ്യത്തേതിനേക്കാൾ മോശമാണ് ബ്രിട്ടനിലെ നിലവിലുള്ള സ്ഥിതിയെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. 

തുടർച്ചയായ ലോക്ക്ഡൗണുകളുടെ പശ്ചാത്തലത്തിൽ ഈ വർഷവും ഇംഗ്ലണ്ടിൽ ജിസിഎസ്ഇ, എ-ലെവൽ, പരീക്ഷകൾ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ  പാർലമെന്റിൽ  അറിയിച്ചു. കുട്ടികളുടെ പഠനനിലവാരവും ഇന്റേണൽ അസസ്മെന്റും പരിഗണിച്ച് വർഷാവസാനം അധ്യാപകർ തന്നെ ഗ്രേഡ് നിശ്ചയിക്കും. കഴിഞ്ഞവർഷത്തെ ദുരനുഭവം പരിഗണിച്ച് ഗ്രേഡിങ്ങിന് കംപ്യൂട്ടർ സഹായത്തോടെയുള്ള അൽഗൊരിതം അടിസ്ഥാനമാക്കില്ല. ടെസ്റ്റിംങ്ങും വാക്സിനേഷനും ഊർജിതമാക്കി എത്രയും വേഗം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. 

സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ സമാനമായ പരീക്ഷകൾ നടത്തുന്നില്ലെന്ന് പ്രാദേശിക ഭരണകൂടങ്ങൾ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു.  

കോവിഡ് വൈറസിന്റെ വ്യത്യസ്ത വകഭേദങ്ങൾ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് കോവിഡ് –നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള ആലോചനയിലാണ് സർക്കാർ. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ മാത്രം ബ്രിട്ടനിലേക്ക് യാത്രചെയ്യാൻ അനുവദിച്ചാൽ മതിയെന്ന് ഗതാഗത മന്ത്രാലയം എയർലൈനുകൾക്കും ട്രെയിൻ കമ്പനികൾക്കും നിർദേശം നൽകും. എന്നാൽ ഈ നിബന്ധനയിൽനിന്നും നിലവിൽ രാജ്യത്തിനു വെളിയിലുള്ള ബ്രിട്ടീഷ് പൗരന്മാരെ ഒഴിവാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ കൂടി തീരുമാനമുണ്ടായാലുടൻ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com