sections
MORE

യുകെ മലയാളികളുടെ ശ്രമം ഫലം കണ്ടു; ലണ്ടൻ-കൊച്ചി വിമാന സർവീസ് പുന:രാരംഭിക്കും

aeroplane
representative image
SHARE

ലണ്ടൻ ∙ യുകെ മലയാളികൾ സംയുക്തമായി നടത്തിയ ശ്രമങ്ങൾക്ക് ഒടുവിൽ വിജയം. അതി തീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽകാലികമായി നിർത്തലാക്കിയ ലണ്ടൻ-കൊച്ചി ഡയറക്ട് വിമാന സർവീസ് പുന:രാരംഭിക്കും. വന്ദേഭാരത് മിഷന്റെ ഒർപതാം ഘട്ടത്തിൽ ഉൾപ്പെടുത്തി ജനുവരി 26,28,30 തീയതികളിലാണ് കൊച്ചിയിലേക്കുള്ള സർവീസ് ഇപ്പോൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആഴ്ചയിൽ മൂന്നുദിവസമുള്ള ഈ സർവീസ് ജനുവരി 31നു ശേഷവും തുടരുമെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്. 

വിവിധ മലയാളി സംഘടനകളും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയും പ്രമുഖ വ്യക്തികളുമെല്ലാം വിമാന സർവീസ് പുന:രാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു എന്നാൽ ഇതിൽ ഏറ്റവും ഫലപ്രദമായത് ആറായിരത്തിലേറെ ആളുകൾ ഒപ്പിട്ട ഓൺലൈൻ പെറ്റീഷനായിരുന്നു. ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി. നേതാവും ഈസ്റ്റ് ലണ്ടനിലെ സാമൂഹിക പ്രവർത്തകനുമായ സുഭാഷ് ശശിധരൻ നായർ ഓപ്പൺചെയ്ത ഈ ഓൺലൈൻ പെറ്റീഷനിൽ ഒരാഴ്ചയ്ക്കുള്ളിൽ ആറായിരത്തിലധികം പേരാണ് ഒപ്പുവച്ചത്. കൊച്ചി വിമാനം പുന:രാരംഭിക്കാൻ വൈകുന്നതിലെ അപകടം  തിരിച്ചറിഞ്ഞ യുകെ മലയാളികൾ ആവേശത്തോടെയാണ് ഈ പരാതിയിൽ പങ്കാളികളായത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ നിരവധി ഫെയ്സ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പരാതി ഷെയർ ചെയ്യപ്പെടുകയും ചെയ്തു. 

വന്ദേഭാരത് ദൗത്യത്തിനുശേഷവും കൊച്ചി-ലണ്ടൻ സർവീസ് തുടരണമെന്നും ആഴ്ചയിൽ ഒരു സർവീസെങ്കിലും തിരിവനന്തപുരത്തേക്കു കൂടി ആരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ഈ ഓൺലൈൻ പെറ്റീഷൻ അധികൃതർക്ക് സമർപ്പിച്ചിട്ടുള്ളത്. 

പ്രധാനമന്ത്രി, എയർ ഇന്ത്യ, വ്യേമയാനമന്ത്രാലയം, കേന്ദ്ര വ്യോമയാനമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നിവർക്ക് നൽകിയ ഈ പരാതിക്കൊപ്പം വിവിധ സംഘടനകളുടെയും മത മേലധ്യക്ഷന്മാരുടെയും പരാതി കൂടിയായതോടെ ലണ്ടൻ-കൊച്ചി വിമാനത്തിന് വീണ്ടും അനുമതിയായി. കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലയാളികൾക്ക്  അടിയന്തര സാഹചര്യങ്ങളിൽ  നാട്ടിലേക്കു എത്തിച്ചേരുവാനുള്ള ഏക ആശ്രയം ആയിരുന്നു വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച ലണ്ടൻ- കൊച്ചി  ഡയറക്ട്  വിമാന സർവീസ്. ഓഗസ്റ്റ്  മുതൽ ആരംഭിച്ച ഈ സർവീസിൽ കൂടിയാണ് ബ്രിട്ടനിലേക്ക് പുതുതായി ജോലിക്ക് എത്തിയിരുന്നവരും  ഇവിടെ നിന്നും നാട്ടിലേക്ക് അത്യാവശ്യ കാര്യങ്ങൾക്കായി പോയിരുന്നവരും യാത്ര ചെയ്തിരുന്നത് . 

എന്നാൽ താൽക്കാലികമായി നിർത്തലാക്കിയ വന്ദേ ഭാരത് സർവീസുകൾ പുന:രാരംഭിച്ചപ്പോൾ അതിൽ കൊച്ചിയെ ഉൾപ്പെടുത്തിയില്ല. ഫലപ്രദമായി നടന്നുവന്ന ഈ സർവീസ് ഒഴിവാക്കിയത് മറ്റെന്തിങ്കിലും സമ്മർദശക്തികളുടെ പ്രേരണയാലാണോ എന്ന സംശയമാണ് ബ്രിട്ടനിലെ മലയാളികലെ ഒന്നാകെ ഈ ആവശ്യത്തിനു പിന്നിൽ അണിനിരത്തിയത്. 

യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ), മലയാളി അസോസിയേഷൻ ഓഫ് യുകെ, സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത, പ്രവാസി കേരളാ കോൺഗ്രസ്, ഒഐസിസി (യുകെ), നന്മ യുകെ ചാപ്റ്റർ, പ്രവാസി ഹെൽപ് ഡെസ്ക്, ബ്രിട്ടനിൽ നിന്നുള്ള ലോക കേരള സഭാംഗങ്ങൾ, ബ്രിസ്റ്റൊൾ സിറ്റി കൗൺസിൽ മുൻ മേയർ ടോം ആദിത്യ തുടങ്ങി നിരവധി സംഘടനകളും വ്യക്തികളും സഭാ സമൂഹങ്ങളുമാണ് ഇതിനായി പ്രവർത്തിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA