ലണ്ടൻ∙കോവിഡ് കൊടികുത്തിവാഴുന്ന ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും ആയിരത്തിലേറെ ആളുകൾ മരിക്കുന്ന സ്ഥിതി തുടരുകയാണ്. 1035 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം എൺപതിനായിരത്തിനു മുകളിലെത്തി. 59,937 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ബ്രിട്ടനിൽ തന്നെ ഏറ്റവും അധികം ആളുകൾ രോഗികളാകുന്നതും കൂടുതൽ പേർ മരിക്കുന്നതും ഇപ്പോൾ ലണ്ടൻ നഗരത്തിലാണ്. ലണ്ടൻ നഗരത്തിൽ 30ൽ ഒരാൾ വീതം കോവിഡ് രോഗികളാണെന്നാണ് ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ കണക്കുപ്രകാരം ലണ്ടനിൽ ഒരുലക്ഷം പേരിൽ ആയിരം പേർ കോവിഡിന്റെ പിടിയിലായിക്കഴിഞ്ഞു.
ഇതിനിടെ രാജ്യത്ത് കോവിഡ് വാക്സീന്റെ വിതരണം ഊർജിതമായി പുരോഗമിക്കുകയാണ്. 94 വയസുള്ള എലിസബത്ത് രാജ്ഞിയും 99 കാരനായ ഭർത്താവ് ഫിലിപ്പ് രാജകുമാരനും ഇന്ന് ആദ്യഡോസ് വാക്സീൻ സ്വീകരിച്ചു. വിൻസർ കൊട്ടാരത്തിൽ കഴിയുന്ന ഇവർക്ക് കുടുംബഡോക്ടറാണ് വാക്സീൻ നൽകിയത്. പതിനഞ്ച് ലക്ഷത്തിലേറെ ആളുകൾക്ക് ഇതിനോടകം കോവിഡ് വാക്സീന്റെ ഒന്നാം ഡോസ് നൽകിക്കഴിഞ്ഞു. ഫെബ്രുവരി മധ്യത്തോടെ 60 വയസിനു മുകളിലുള്ള എല്ലാവർക്കും മറ്റ് രോഗങ്ങൾ അലട്ടുന്നുവർക്കും ആദ്യഡോസ് നൽകാനുള്ള തീവ്ര യജ്ഞത്തിലാണ് സർക്കാർ.
ആയിരത്തിലേറെ വാക്സിനേഷൻ സെന്ററുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏഴ് വൻകിട വാക്സിനേഷൻ സെന്ററുകൾ ആരംഭിച്ച് നടപടികൾ ത്വരിതപ്പെടുത്തും. താൽകാലികമായി നിർമിച്ച നേറ്റിംങ്ങേൽ ആശുപത്രികളെ വാക്സിനേഷൻ ഹബ്ബുകളാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് സർക്കാർ.
ഫൈസർ വാക്സീനും ഓക്സ്ഫെഡ് വാക്സീനും പിന്നാലെ ഇന്നലെ മൊഡേണ വാക്സീനും സർക്കാർ ഏജൻസി വിതരണത്തിന് അനുമതി നൽകി.