sections
MORE

ബ്രിട്ടനിൽ ഇന്നലെ മരിച്ചത് 1564 പേർ, മരണം കണ്ടു മനസുടഞ്ഞു നഴ്സുമാർ

Representative Image
Representative Image
SHARE

ലണ്ടൻ∙ ബ്രിട്ടനിൽ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തുകയാണ് കോവിഡ്. വാക്സിനും കർശനമായ നിയന്ത്രണങ്ങളും ലോക്ക്ഡൗണും ഒന്നും മരണത്തിന്  മറുമരുന്ന് ആകുന്നില്ല. ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചത് 1564 പേരാണ്. പുതുതായി രോഗികളാകുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും മരണസംഖ്യയിലെ വർധന ആശങ്കയുളവാക്കുന്നതാണ്. 

ഇതിനിടെ മരണത്തോടു മല്ലടിക്കുന്ന കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്സുമാർ പലരും മനസുടഞ്ഞും ഹൃദയം പൊടിഞ്ഞും കടുത്ത മാനസിക സമ്മർദത്തിലാണ് ജോലി ചെയ്യുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.   ആരോരുമില്ലാതെ മരണത്തിലേക്ക് മറയുന്ന, കോവിഡ് രോഗികളുടെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷിയാകുന്ന നഴ്സുമാർ അനുഭവിക്കുന്ന മനോവ്യഥ പറഞ്ഞറിയിക്കാനാകാത്തതാണ്. ഇന്റൻസീവ് കെയർ നഴ്സുമാരുടെ ഈ ദയനീയാവസ്ഥയും മനോവ്യഥയും ജോലിസമ്മർദവുമെല്ലാം സഹിക്കാവുന്നതിലും അപ്പുറമാണെന്ന് പ്രമുഖ സൈക്യാട്രിസ്റ്റുകൾ തന്നെ തുറന്നു സമ്മതിക്കുന്നു. ബിബിസിയുടെ ബ്രേക്ക്ഫാസ്റ്റ് ഷോയിലാണ് ആതുരസേവകർ, പ്രത്യേകിച്ച് നഴ്സുമാർ കോവിഡ് കാലത്ത് അനുഭവിക്കുന്ന മനോവ്യഥ ഇന്നലെ ചർച്ചയായത്. എൻഎച്ച്എസിലെ നഴ്സുമാരും ഡോക്ടർമാരും ശാരീരികമായി തളർന്നും മാനസികമായി തകർന്നുമാണ് അവരുടെ ജോലി തുടരുന്നതെന്ന സത്യം വൈകിയാണെങ്കിലും സൈക്യാട്രിസ്റ്റുകൾ തന്നെ തുറന്നു സമ്മതിച്ചു.  

ശരീരം ആസകലം മൂടിക്കെട്ടി, സ്വന്തം അസ്ഥിത്വം പോലും മറയ്ക്കപ്പെട്ടെത്തുന്ന ഇവർ മാത്രമാണ് എല്ലാ കോവിഡ് രോഗികളുടെയും ദയനീയമായ അന്ത്യനിമിഷങ്ങൾക്ക് സാക്ഷികളാകുന്നത്. ഉറ്റവരുടെ സാന്നിധ്യമില്ലാതെ, പ്രിയപ്പെട്ടവരുടെ സാമീപ്യം നൽകുന്ന പ്രതീക്ഷകളില്ലാതെ, ജീവശ്വാസത്തിനായി ആഞ്ഞുവലിക്കാൻ പോലും ത്രാണിയില്ലാതെ, നിർവികാരതയോടെ മിഴികൾ അടയുമ്പോൾ, ആ നിസ്സഹായത കണ്ടുനിൽക്കാൻ വിധിക്കപ്പെടുന്നവരാണ് കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്സുമാർ. മാസ്കിലും ഷീൽഡിലും മറയ്ക്കപ്പെട്ട ഇവരുടെ രൂപം  കണ്ടും, പലതും പറയാതെ പറഞ്ഞുമാണ്  പലരും അവസാനമായി കണ്ണടയ്ക്കുന്നത്.  ഭാവങ്ങൾ പ്രകടമാകാത്ത ഇവരുടെ മറയ്ക്കപ്പെട്ട മുഖത്തുനിന്നാണ് മരിച്ചവരുടെ കുടുംബാംഗങ്ങൾ അവസാനം ആ വാർത്ത അറിയുന്നത്.  ചിലരെങ്കിലും തങ്ങളുടെ ഉറ്റവരെ അവസാനമായി കാണുന്നതും നഴ്സുമാരുടെ മൊബൈൽ ഫോണിലൂടെ തന്നെ. എന്നാൽ ഉള്ളുലയ്ക്കുന്ന ഓരോ മരണവും തളർത്തിക്കളയുന്ന ഇവരുടെ മനോനിലയെപ്പറ്റി ആരു ചിന്തിക്കുന്നു പോലുമില്ലെന്ന സത്യമാണ് ബിബിസിയുടെ ചർച്ച തുറന്നുകാട്ടിയത്. 

ജിസിഎസ്ഇ, എ-ലെവൽ വിദ്യാർഥികൾക്ക് മിനി പരീക്ഷ

പരീക്ഷയില്ലെന്ന മന്ത്രിയുടെ പ്രസ്താവന കേട്ട് പഠനം നിർത്തിയാൽ വിദ്യാർഥികൾക്ക് പണികിട്ടും. തുടർച്ചയായ ലോക്ക്ഡൌണുകളുടെ പശ്ചാത്തലത്തിൽ ഇക്കുറി ജിസിഎസ്ഇ, എ-ലെവൽ, എഎസ് പരീക്ഷകൾ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി ഗാവിൻ വില്യംസൺ ഇപ്പോൾ പറയുന്നത് ചെറിയൊരു പരീക്ഷ ഉണ്ടാകും എന്നാണ്. ഗ്രേഡിംങ്ങിനായി അധ്യാപകരെ സഹായിക്കാൻ ഒരു മിനി എക്സ്റ്റേണൽ പരീക്ഷ ആലോചനയിൽ ഉണ്ടെന്നാണ് എക്സാം റഗുലേറ്ററെ മന്ത്രി അറിയിച്ചിരിക്കുന്നത്. 

വാരിക്കോരി ഗ്രേഡ് നൽകാൻ അധ്യാപകർക്കോ, ശിഷ്ടകാലം നന്നായി പഠിക്കാതെ നല്ല ഗ്രേഡ് നേടാൻ വിദ്യാർഥികൾക്കോ കഴിയില്ലെന്ന് ചുരുക്കം    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA