ADVERTISEMENT

ലണ്ടൻ ∙ വാട്ട്സ്ആപ്പിലെ നയങ്ങള്‍ മാറുന്നത് ഉള്‍പ്പെടെ സ്വകാര്യതയും വ്യക്തിവിവരങ്ങളും അടക്കമുള്ള വിവിധ വിഷയങ്ങളില്‍ ഡിജിറ്റല്‍ ലോകത്ത് സാധാരണക്കാര്‍ക്കിടയില്‍ ആശങ്ക പടരുമ്പോള്‍ സങ്കീര്‍ണ്ണമായ ഡിജിറ്റല്‍ നയങ്ങളെയും നിലപാടുകളെയുമെല്ലാം ലളിതവത്കരിച്ച് ഓണ്‍ലൈന്‍ മേഖലയില്‍ കൂടുതല്‍ ആത്മവിശ്വാസം പകരുന്നതിന് വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ സംവാദം യുക്മ യുകെ മലയാളികള്‍ക്കായി ഒരുക്കുന്നു. സൈബര്‍ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ് മുഖ്യപ്രഭാഷണത്തിനും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനുള്ള പാനല്‍ അംഗങ്ങളായും എത്തുന്നത്. ഡിജിറ്റല്‍ മീഡിയയും സാങ്കേതിക വിദ്യയും മനസ്സിനെ അതിവേഗം കീഴടക്കുന്ന വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തില്‍ അസാധാരണമായ തരത്തില്‍ പല അവസരങ്ങളും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം നല്‍കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ വലിയ അപകട സാധ്യതകളും ഇവ സൃഷ്ടിക്കുന്നുണ്ട്. സൈബര്‍ സ്പേസ്, മൊബൈല്‍ ടെക്നോളജീസ് എന്നിവയുടെ അപാരമായ സാധ്യതകള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ പരസ്പരം ബന്ധപ്പെടാനും അവസരങ്ങളെ പര്യവേക്ഷണം ചെയ്യാനും പഠിക്കാനും മുമ്പൊരിക്കലും ചിന്തിച്ചിട്ടില്ലാത്ത വിധത്തില്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഈ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കാലികപ്രസക്തമായ ഒരു വിഷയം എന്ന നിലയിലാണ് യുക്മ ഈ ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. 2021 ജനുവരി 23 ശനിയാഴ്ച്ച യുകെ സമയം വൈകിട്ട് 4.30 (ഇന്ത്യന്‍ സമയം രാത്രി 10 മണി) ആണ് പരിപാടി. 

ലോകമറിയുന്ന മലയാളി നയതന്ത്രജ്ഞനായിരുന്ന വേണു രാജാമണി ഐഎഫ്എസാണ് "ഡിജിറ്റല്‍ ലോകത്ത് ലളിതമായി ആത്മവിശ്വാസം പകരുന്നു" എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ ബന്ധങ്ങള്‍ വിവിധ ലോകരാഷ്ട്രങ്ങളുമായി ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട് അദ്ദേഹം. മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്ന അദ്ദേഹം പ്രണാബ് മുഖര്‍ജി ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ പ്രസ് സെക്രട്ടറി എന്ന നിലയിലും ശ്രദ്ധേയമായ പങ്ക് വഹിച്ചു. 2017 ജൂണ്‍ മുതല്‍ നെതര്‍ലാന്‍ഡിലെ ഇന്ത്യയുടെ അംബാസഡറായി പ്രവര്‍ത്തിച്ച അദ്ദേഹം കഴിഞ്ഞ മാസമാണ് ഔദ്യോഗിക ചുമതലകളില്‍ നിന്നും വിരമിച്ചത്. 

പരിപാടിയില്‍ മുഖ്യപ്രഭാഷകനായി ക്ലാസ്സുകള്‍ നയിക്കുവാനെത്തുന്നത് 'സംഗം' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സംഗമേശ്വരന്‍ മാണിക്യം അയ്യരാണ്.  അമേരിക്കയിലെ കൊളറാഡോയിലുള്ള ഡെന്‍‌വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന സൈബര്‍-സുരക്ഷാ വിദഗ്ദ്ധനാണ് അദ്ദേഹം. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിങ് ബിരുദവും സിസ്റ്റംസ് ആൻഡ് മാര്‍ക്കറ്റിങ്ങിൽ എംബിഎയും നേടി 25 വര്‍ഷത്തിലേറെ ഈ രംഗത്ത് പരിചയമുണ്ട്. 2016 ല്‍ കാനഡയിലെ ഒന്റാറിയോയിലെ വിവിധ സ്കൂളുകളിലായി ആയിരക്കണക്കിന് കുട്ടികള്‍ക്കായി സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണവും ഡിജിറ്റല്‍ സ്വകാര്യതാ കാമ്പെയ്‌നും നയിക്കുന്നതില്‍ അദ്ദേഹം നടത്തിയ സമഗ്ര ശ്രമങ്ങളെ  പരിഗണിച്ച് ഒന്റാറിയോ പ്രവിശ്യാ പാര്‍ലമെന്റ് ആയ  ഹൗസ് ഓഫ് കോമണ്‍സ് പ്രത്യേകം അഭിനന്ദിച്ചു. വ്യവസായ കണ്‍സോര്‍ഷ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി കമ്പനികളുടെ സൈബര്‍ സുരക്ഷാ ഉപദേശക സമിതിയില്‍ അദ്ദേഹം പങ്കാളിയാണ്.

ബാംഗ്ളൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന  അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധയായ  അപര്‍ണ വിശ്വനാഥന്‍ സംരംഭക, മാധ്യമ പ്രവര്‍ത്തക, മോട്ടിവേഷണല്‍ സ്പീക്കര്‍, മെന്റര്‍, കണ്‍സള്‍ട്ടന്റ് ട്രെയിനര്‍ എന്നീ നിലകളിലും നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിത്വമാണ്. സാമൂഹ്യ-വൈകാരിക പഠന സ്ഥലത്ത് ശ്രദ്ധേയമായി പ്രവര്‍ത്തിക്കുന്ന 'സോഷ്യോ' എന്ന സംഘടനയുടെ സ്ഥാപകയാണ്.  ആശയവിനിമയം, ലിംഗഭേദം, ലൈംഗികത, മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുട്ടികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരുമായി അടുത്ത് പ്രവര്‍ത്തിക്കുന്നു. കോവിഡ് ബാധിത സമയങ്ങളില്‍ നിരവധി ഇടപെടലുകളിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വിഷമതയനുഭവിക്കുന്നവര്‍ക്ക് സഹായം നൽകി. മാധ്യമ പ്രവര്‍ത്തക കൂടിയാണ് ഇവർ.സംരംഭകത്വത്തിലേയ്ക്ക് മാറിയ ശേഷവും  തനിക്ക് താല്‍പ്പര്യമുള്ള ഷോകള്‍ ഹോസ്റ്റുചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തു കൊണ്ട് ടെലിവിഷന്‍ രംഗത്ത് സജീവമാണ്. 

 

ഇംഗ്ലണ്ടിലെ സ്വിന്‍ഡന്‍ ബറോ കൗണ്‍സിലില്‍ 20 വര്‍ഷത്തിലധികമായി ഐ.ടി ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന റെയ്മോള്‍ നിധീരി എഞ്ചിനീയറിംഗ്, വിദ്യാഭ്യാസ, കലാ-കായിക, സംഘാടക രംഗത്ത് വളരെ സജീവമായി പ്രവര്‍ത്തിച്ച് വരുന്നു. സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും സോഫ്റ്റ്‌വെയര്‍ എക്സ്പോര്‍ട്ട് ടെക്നോളജി, മൈക്രോസോഫ്റ്റ് ടെക്നോളജി സ്പെഷ്യലിസ്റ്റ്, ഡേറ്റബേസ് അഡ്മിനിസ്ട്രേറ്റര്‍, ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലൈബ്രറി, പ്രൊജക്ട് മാനേജ്മെന്റ്, ബിസ്സിനസ്സ് മാനേജ്മെന്റ് എന്നിവയില്‍ യോഗ്യതകളും നേടിയിട്ടുണ്ട്. സൗത്ത് വെസ്റ്റിലെ പ്രമുഖ ഗ്രാമര്‍ സ്കൂള്‍ ട്യൂഷന്‍ സ്ഥാപനമായ 11പ്ലസ് ലീപ് സ്ക്കൂളിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനവും വഹിക്കുന്നു. ഇന്ത്യന്‍ വുമണ്‍ എഞ്ചിനിയേഴ്സ് - സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ എന്നിവയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. നര്‍ത്തകി, ഗായിക, അവതാരക  എന്നീ നിലകളില്‍ കലാരംഗത്തും സജീവമായ റെയ്മോള്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന 'വീ ഷാല്‍ ഓവര്‍കം' ഓണ്‍ലൈന്‍ കലാപരിപാടികളുടെ സംഘാടകരില്‍ ഒരാളുമാണ്. 

യുക്മ സംഘടിപ്പിച്ച വിവിധ  വെര്‍ച്വല്‍ പരിപാടിടെ അവതാരകയായി തിളങ്ങിയ ദീപാ നായര്‍ തന്നെയാണ് ഡിജിറ്റല്‍ മേഖലയെക്കുറിച്ച്  യുക്മ ഒരുക്കുന്നപരിപാടികളുടേയും അവതാരക. പ്രമുഖ ബ്രിട്ടീഷ് ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി റീട്ടെയിലര്‍, ഫാര്‍മസി ചെയിന്‍ കമ്പനിയായ 'ബൂട്ട്സ്'ന്റെ ഹെഡ്ഓഫീസില്‍  ഐ.ടി പ്രൊജക്ട് മാനേജ്മെന്റ് ടീമില്‍ ജോലി ചെയ്തിരുന്ന ദീപയുടെ അനുഭവസമ്പത്ത് വിവരസാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ഈ പരിപാടിയെ കൂടുതല്‍ മെച്ചപ്പെട്ടതാക്കും. 

യുക്മ ഫെയ്സ്ബുക്ക് പേജിലൂടെയാവും ജനുവരി 23 ശനിയാഴ്ച്ച വൈകുന്നേരം യു.കെ സമയം 4.30 (ഇന്ത്യന്‍ സമയം രാത്രി 10 മണി) മുതല്‍ ലൈവ് പ്രോഗ്രാം നടത്തപ്പെടുന്നത്. കാലിക പ്രസക്തമായ ഈ പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണം ഉണ്ടാവണമെന്ന്  യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

പ്രൈവസി ആൻഡ് റെപ്യൂട്ടേഷൻ, ഇൻഡിക്കേറ്റേര്ഡസ് ഓഫ് മാൽവെയർ ആൻഡ് ഹാക്കിങ്, സൈബർ ക്രൈം ആൻഡ് മൊബൈൽ, സോഷ്യൽ നെറ്റ്വർക്കിങ് സേഫ്റ്റി, സെക്യൂറിങ് ഹോം നെറ്റ്വർക്ക്, പാസ് വേർഡ്സ് ആൻഡ് ഇ-മെയിൽ സെക്യൂരിറ്റി, റാൻസംവയർ ആൻഡ് കൺസ്യൂമർ സ്കാം, സൈബർ ബുള്ളിയിങ് എന്നീ വിഷയങ്ങളാവും സംവാദത്തിൽ കൂടുതലായി ചർച്ച ചെയ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് ലൈവ് പ്രോഗ്രാമിനിടെ അത് ചോദിക്കുന്നതിനായുള്ള അവസരമുണ്ടായിരിക്കും. അതിനായി യുക്മ ജനറല്‍ സെക്രട്ടറിയുടെ secretary.ukma@gmail.com ഇ-മെയിലിലോ 07985641921 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com