sections
MORE

വാക്സീനേഷൻ ഫലപ്രദം; ബ്രിട്ടനിൽ ലോക്ഡൗണിന് ഇളവ്, ജൂൺ 21 മുതൽ സാധാരണ ജീവിതം

end-lockdown
SHARE

ലണ്ടൻ ∙ കോവിഡ് വിധിച്ച ഏകാന്ത വാസത്തിനും സാമൂഹിക അകലത്തിനുമെല്ലാം ബ്രിട്ടനിൽ അവസാനമാകുന്നു. വാക്സിനിലൂടെ കോവിഡിനെ വരുതിയിലാക്കുന്ന ബ്രിട്ടനിൽ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള റോഡ് മാപ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചു.  പിന്നീട് രാത്രി ഏഴിന് വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരിച്ചു.  

മാർച്ച് എട്ടുമുതൽ നാല് ഘട്ടങ്ങളായാണ് ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവ് വരുത്തുന്നത്. മാർച്ച് എട്ടിന് ഒന്നാംഘട്ടത്തിൽ  സ്കൂളുകൾ തുറക്കും. അന്നുമുതൽ രണ്ടുപേർക്ക് വീടിനു പുറത്ത് ഒത്തുകൂടാനും അനുമതി നൽകി. മാർച്ച് 29 മുതൽ രണ്ടുവീടുകളിൽനിന്നുള്ള ആറുപേർക്കു വരെ വീടിനു പുറത്ത് ഒത്തുകൂടാം. 

രണ്ടാംഘട്ടം ആരംഭിക്കുന്ന ഏപ്രിൽ 12 മുതൽ കടകളും ബാർബർഷോപ്പുകളും ജിമ്മുകളും ഉൾപ്പെടെയുള്ളവർ തുറക്കും. ഇതോടൊപ്പം ഔട്ട്ഡോർ ഹോസ്പിറ്റാലിറ്റി സർവീസുകൾ, മൃഗശാലകൾ, തീം പാർക്കുകൾ എന്നിവയും പ്രവർത്തനം ആരഭിക്കും. 

uk-covid

മേയ് 17ന് മൂന്നാംഘട്ടത്തിൽ സോഷ്യൽ കോൺടാക്ട് നിയമങ്ങളിൽ ഇളവ് അനുവദിക്കും. ഇതോടെ ആളുകൾക്ക് വീടുകളിൽ പരസ്പരം ഒത്തുകൂടാം. അന്നു മുതൽ ലിമിറ്റഡ് ഫാൻസിനെ അനുവദിച്ചുള്ള കായിക മൽസരങ്ങളും ആരംഭിക്കും. ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ ഗാലറി കപ്പാസിറ്റിയുടെ നാലിനൊന്ന് ആളുകളെ വരെ അനുവദിക്കാം. 

30 പേർക്കുവരെ വീടിനു പുറത്ത് ഒത്തുകൂടാം. സിനിമാശാലകൾ. സോഫ്റ്റ് പ്ലേ സെന്ററുകൾ, ഹോട്ടലുകൾ, ഇൻഡോർ എക്സർസൈസ് കേന്ദ്രങ്ങൾ എന്നിവയ്ക്കെല്ലാം ഇതോടെ പ്രവർത്തനാനുമതി ലഭിക്കും.   

ജൂൺ 21ന് ആരംഭിക്കുന്ന നാലാംഘട്ടത്തോടെ നിബന്ധനകളില്ലാതെ ആളുകൾക്ക് സാമൂഹീക ജീവിതം സാധ്യമാകും. സോഷ്യൽ ഡിസ്റ്റൻസിംങ് നിബന്ധനകൾ ഇതോടെ പൂർണമായും ഇല്ലാതാകും. സ്കോട്ട്ലൻഡ് വെയിൽസ് നോർതേൺ അയർലൻഡ് എന്നിവിടങ്ങളിൽ സമാനമായ തീരുമാനങ്ങൾ വരുംദിവസങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങൾ പ്രഖ്യാപിക്കും. 

ജൂൺ 21 മുതൽ നൈറ്റ്  ക്ലബുകളും പബുകളും ലൈവ് ഇവൻസുകളും ആരംഭിക്കും. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും മൃതസംസ്കാരവുമെല്ലാം പതിവുപോലെയാകും. ജൂൺ 21 മുതളുള്ള പരിപൂർണമായ ഇളവുകൾ വിനോദസഞ്ചാരമേഖലയെ വീണ്ടും സജീവമാക്കും. ആഭ്യന്തര- വിദേശ വിമാനയാത്രകളെല്ലാം പുനരാരംഭിക്കും. എന്നാൽ മറ്റ് രാജ്യങ്ങളിലെ സാഹചര്യങ്ങൾ കണക്കിലെടുത്താകും വിദേശ വിമാനസർവീസുകൾക്കുള്ള അനുമതി. 

178 പേരാണ് ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്. പുതുതായി രോഗികളായത് 10,641 പേരും. വാക്സീനേഷൻ ഫലപ്രദമായതോടെ കോവിഡ്മൂലം ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായും പ്രധാനമന്ത്രി വ്യക്തമാക്കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA