sections
MORE

തെക്കുംമുറി ഹരിദാസിന്റെ മരണത്തിൽ അനുശോചിച്ചു

t-haridas
SHARE

ലണ്ടൻ∙ ലണ്ടനിലെ പ്രമുഖ വ്യവസായിയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്  പ്രവാസി സംഘടനയുടെ അമരക്കാരനും പൊതുപ്രവർത്തകനുമായിരുന്ന തെക്കുംമുറി ഹരിദാസിന്റെ (70) മരണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (യുകെ) കേരള ഘടകം അനുശോചനം  യോഗം ചേർന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവും സാമൂഹിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന സഹപ്രവർത്തകന്റെ അകാല നിര്യാണത്തിൽ ഐഒസി ദേശീയ പ്രസിഡന്റ് കമൽ ദാളിവാൽ, വൈസ് പ്രസിഡന്റ് ഗുർമിന്ദർ രൺധവാ എന്നിവർ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. 

യുകെ യിലെ പ്രവാസി കോൺഗ്രസ്സ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടന്നു വരുന്ന കേരള അസംബ്ലി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി  വിവിധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു വരികയാണ് അദ്ദേഹത്തിന്റെ ആകസ്മിക മരണം സംഭവിച്ചതെന്നും അദ്ദേഹത്തിന്റെ വിയോഗം വലിയ വേദനയും നഷ്‌ടവുമാണു കോൺഗ്രസ്സ് പ്രസ്ഥാനത്തിനും മലയാളി സമൂഹത്തിനും ഉണ്ടാക്കിയതെന്നും ഐഒസി നാഷനൽ പ്രസിഡന്റ് സുജു ഡാനിയേൽ തന്റെ അനുശോചനത്തിൽ അനുസ്മരിച്ചു.

നിർധനരായ ചില സ്ഥാനാർഥികൾക്ക് ഏതൊക്കെ രീതിയിൽ സഹായമരുളാമെന്നു കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സജീവമായ അഭിപ്രായം രേഖപ്പെടുത്തുകയും മറ്റുള്ളവർക്ക് പ്രചോദനകരമായ സന്ദേശം നൽകുകയും തന്റെ വിഹിതം തൽക്ഷണം തന്നെ ഓഫർ ചെയ്യുകയും ചെയ്ത മലയാളികളുടെ ഹരിയേട്ടന്റെ പെട്ടെന്നുള്ള മരണം വിശ്വസിക്കാനാവുന്നില്ലെന്നും ഏറെ ഞെട്ടലോടെയാണ് വാർത്തകേട്ടതെന്നും ഐഒസി ഇലക്ഷൻ കമ്മിറ്റി കൺവീനർ രാജേഷ് പാട്ടീൽ പറഞ്ഞു.

യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അശ്വതി നായരുടെ അധ്യക്ഷതയിൽ കൂടിയ അനുശോചന യോഗത്തിൽ ഐഒസി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അപ്പച്ചൻ കണ്ണഞ്ചിറ മുഖ്യ സന്ദേശം നൽകി. മലയാളികളുടെ കരുതലും തുണയും വലിയ സാമൂഹ്യ പ്രതിബദ്ധതയും ഉണ്ടായിരുന്ന മഹത് വ്യക്തിത്വം ആണു മണ്മറഞ്ഞതെന്ന് അപ്പച്ചൻ അഭിപ്രായപ്പെട്ടു.

ബോബിൻ ഫിലിഫ്, ഇൻസൺ  ജോസ്, സൂരജ് കൃഷ്ണൻ, അജിത്, അനിൽ, വിഷ്ണു,സന്തോഷ് ബെഞ്ചമിൻ,സണ്ണി മത്തായി,ബിബിൻ, ജബിറ്റി, ജോസഫ്‌കുട്ടി ചാക്കോ,ഹിഷാം ഇർഷാദ്, അജ്മൽ തുടങ്ങിയ നിരവധി ഐഒസി പ്രവർത്തകർ തങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങളും വിഷമവും അനുശോചന സന്ദേശങ്ങളിൽ  പങ്കിട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കു കൂടുതൽ പ്രായോഗിക നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുകയും പ്രവർത്തന അവലോകന യോഗങ്ങളിൽ സജീവമായി ഭാഗഭാക്കാകുമായിരുന്ന ഹരിയേട്ടൻ തന്റെ വേദനകൾ മറ്റാർക്കും പ്രയാസം ഉളവാക്കാതെ ഉള്ളിലൊതുക്കി കൊണ്ടാണ് പങ്കെടുത്തിരുന്നതെന്ന് അദ്ദേഹത്തിന്റെ വിയോഗത്തോടെയാണു സഹപ്രവർത്തകർക്കു പോലും മനസ്സിലാക്കുവാൻ ഇടയായത്.

ലണ്ടനിലെ ശ്രദ്ധേയനായ വ്യവസായിയും, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനുമായിരുന്ന തെക്കുംമുറി ഹരിദാസ്, ലോക കേരള സഭാംഗം കൂടിയായിരുന്നു. നാലു പതിറ്റാണ്ടോളം തന്റെ ഔദ്യോഗിക ജോലിക്കിടയിൽ ലണ്ടനിൽ പൊതുപ്രവർത്തനങ്ങളിലും, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലും  നിറസാന്നിദ്ധ്യമായിരുന്ന ഹരിയേട്ടൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കമ്മിറ്റി കൺവീനർ കൂടിയായിരുന്നു. 

ഉദര സംബന്ധമായ അസുഖത്താൽ കഴിഞ്ഞ രണ്ടു ദിവസമായി ലണ്ടനിലെ ടൂട്ടിങ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. പരേതനു നാല് കുട്ടികളുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA