sections
MORE

സാന്ത്വനവുമായി മുതുകാട്; ഇന്ദ്രജാലത്തിന്റെ മായക്കാഴ്ചകളുടെ സ്പെഷ്യൽ കലാമേള ഏപ്രിൽ 18ന്

UUKMA-kalamela
SHARE

ലണ്ടൻ∙ ഭിന്നശേഷിയുള്ള കുട്ടികളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ ഒരുമയുടെ വിസ്മയവുമായി ലോക പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടെത്തുന്നു. സമൂഹത്തില്‍ എല്ലാവരെയും പോലെ ഭിന്നശേഷിക്കുട്ടികള്‍ക്കും തുല്യമായ സ്ഥാനം ഉറപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് ''വിസ്മയ സാന്ത്വനം'' എന്ന പേരില്‍ പ്രത്യേക കലാമേള ഒരുക്കുന്നത്.

തിരുവനന്തപുരത്ത് ലോകപ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മേൽനോട്ടത്തിൽ ഉള്ള മാജിക് അക്കാദമിയുടെ കീഴിൽ പരിശീലനം സിദ്ധിച്ച ഭിന്നശേഷിയുള്ള കുട്ടികളാണ് പരിപാടി  അവതരിപ്പിക്കുന്നത്. ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കുട്ടികളും ചേര്‍ന്നൊരുക്കുന്ന ഈ ദൃശ്യവിരുന്ന് ഏപ്രില്‍ 18ന് യുകെ സമയം 2 PMനും ഇന്ത്യന്‍ സമയം 6.30 PM നുമായി യുകെ, അയര്‍ലന്റ് എന്നിവിടങ്ങളിലെ പ്രവാസികള്‍ക്ക് ഓണ്‍ലൈനിലൂടെ കാണുവാനാകും.  

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ ആഭിമുഖ്യത്തിലാണ് യുകെയിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വെർച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലര്‍ന്ന വേറിട്ടൊരു പരിപാടിയാണ് വിസ്മയ സാന്ത്വനം. 

ചെറിയ പരിമിതികളിൽ പോലും മനസ്സ് തളർന്നു ജീവിക്കുന്നവർ ധാരാളമുള്ള ഈ ലോകത്തു അതിനു വിപരീതമായി പരിമിതികളെയും കുറവുകളെയും  ഉയർച്ചയുടെയും അതിജീവനത്തിന്റെയും പടവുകളാക്കി മാറ്റി ലോകത്തിനു മുഴുവൻ പ്രചോദനവും പ്രകാശവുമായി  മാറ്റുന്ന നമ്മുടെ ചുറ്റിലുമുള്ളവരെ മാതൃകയാക്കാം. അങ്ങനെ മാതൃകയാക്കേണ്ട  ഭിന്നശേഷിക്കാർ കൂടിയായിട്ടുള്ള കുരുന്നുകളുടെ ഇന്ദ്രജാലപ്രകടനം ഓൺലൈൻ വഴി കാണാൻ  യുകെയിലെയും അയർലണ്ടിലേയും സുമനസ്സുകളായ കലാസ്നേഹികൾക്കു അവസരം ഒരുങ്ങുകയാണ്.

പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ പദ്ധതിയുടെ ധനശേഖരണാർഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ പദ്ധതിയില്‍ ഭിന്നശേഷിക്കാരുടെ സര്‍വതോന്മുഖമായ വികാസത്തിനനുസൃതമായി നിരവധി ട്രയിനിംഗ് സെന്ററുകളും നിരവധി കലാവതരണ വേദികളും ഉള്‍പ്പെടുന്നു. ഇന്ദ്രജാലം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, സിനിമാ നിര്‍മാണം, ഉപകരണസംഗീതം എന്നീ വിഭാഗങ്ങളില്‍ പരിശീലനം നടത്തിയാണ് വേദിയിലെത്തിക്കുന്നത്.

ഗോപിനാഥ് മുതുകാട് നേതൃത്വം കൊടുത്തുകൊണ്ട് ഭിന്നശേഷി കുട്ടികളുമായി ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയുമായി സഹകരിച്ച് ഇത്തരം കുട്ടികളെ ജീവിത വിജയത്തിലെത്തിക്കുവാൻ പ്രോൽസാഹിപ്പിക്കണമെന്ന് എല്ലാവരോടും യുക്മ ദേശീയ സമിതി അഭ്യർഥിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA