ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ വിഖ്യാതമായ രണ്ട് കെട്ടിടസമുച്ഛയങ്ങൾ രണ്ട് ഇന്ത്യക്കാർ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. ലോക കോടീശ്വരൻ മുകേഷ് അംബാനിയും മൂവാറ്റുപുഴ സ്വദേശികളായ മലയാളി ഡോക്ടർ ദമ്പതിമാരുമാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പോലും ഇഷ്ട താവളങ്ങളായ ഇവ രണ്ടും സ്വന്തമാക്കിയത്. പല ജയിംസ് ബോണ്ട് ചിത്രങ്ങളുടെയും വേദിയായ ബക്കിംങ്ങ്ഹാമിലെ സ്റ്റോക്ക് പാർക്ക് സമുച്ഛയമാണ് മോഹവിലയ്ക്ക് മുകേഷ് അംബാനി സ്വന്തം പേരിലാക്കിയത്. ബ്രിട്ടണിലെ പ്രധാനപ്പെട്ട കൺട്രി ക്ലബ്ബുകളിൽ ഒന്നാണിത്. 592 കോടി രൂപ (72 മില്യൺ അമേരിക്കൻ ഡോളർ) മുടക്കിയുള്ളതാണ്  മുകേഷ് അംബാനിയുടെ ബ്രിട്ടനിലെ ഈ നിക്ഷേപമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. സെലിബ്രിറ്റികൾ അടക്കം ഒത്തുകൂടുന്ന ഹോട്ടലും ഗോൾഫ് കോഴ്സും അടക്കമുള്ളതാണ് 300 ഏക്കറിനുള്ളിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള ഈ ഉല്ലാസകേന്ദ്രം. 

ജയിംസ് ബോണ്ടിന്റെ ഏറ്റവും വലിയ ഹോളിവുഡ് വിജയങ്ങളിലൊന്നായ ഗോൾഡ് ഫിംഗറും നെറ്റ്ഫ്ലിക്സിൽ ഹിറ്റായ ദ ക്രൌൺ സീരീസും ഉൾപ്പെടെ നിരവധി സിനിമകളും സീരിയലുകളും ഇവിടെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെയും നിരവധി സെലിബ്രിറ്റികളുടെയും ഇഷ്ട വിനോദകേന്ദ്രമാണ് ഈ ആഡംബര ഹോട്ടലും അതിനു ചുറ്റുമുള്ള അതിവിശാലമായ ഉദ്യാനവും. തൊള്ളായിരം വർഷത്തിലേറെ പഴക്കമുള്ള ഈ കൊട്ടാരം അതിന്റെ പഴമയുടെ പ്രൗഢികൊണ്ടും മൂല്യമേറുന്നതാണ്. 2019ൽ ബ്രിട്ടനിലെ പ്രമുഖ കളിക്കോപ്പ് ബ്രാൻഡായ ഹാംലീസ് റിലയൻസ് വാങ്ങിയിരുന്നു. അതിനുശേഷമുള്ള ബ്രിട്ടീഷ് വിപണിയിലെ റിലയൻസിന്റെ പുതിയ കടന്നുവരവായാണ് ഈ ഡീലിനെ ബിസിനസ് രംഗത്തുള്ളവർ കാണുന്നത്. 

ambani-uk

ജാഗ്വാർ, ലാൻഡ് റോവർ ബ്രാൻഡുകൾ സ്വന്തമാക്കി ടാറ്റായും, ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ മുതൽ മുടക്കിയും സ്കോട്ട്ലൻഡ് യാർഡിന്റെ ആസ്ഥാനം വിലയ്ക്കുവാങ്ങിയും ലുലു ഗ്രൂപ്പും, ബ്രിട്ടീഷ് വിപണിയിലെത്തിയപോലെ റിലയൻസിന്റെ ബ്രിട്ടണിലേക്കുള്ള കടന്നുവരവിന്റെ തുടർച്ചയാകും സ്റ്റോക്ക് പാർക്ക് സമുച്ഛയമെന്നും വാർത്തകളുണ്ട്. നേരത്തെ റീട്ടെയിൽ, ടെലികോം മേഖലയിൽ മുതൽമുടക്കാൻ റിലയൻസ് താൽപര്യം കാണിച്ചെങ്കിലും പ്രാവർത്തികമായിരുന്നില്ല. 

അംബാനി സ്റ്റോക്ക് പാർക്ക് സമുച്ഛയം സ്വന്തമാക്കിയപ്പോൾ ബ്രിട്ടീഷ് രാജകുടുംബത്തിന് ഏറ്റവും പ്രിയപ്പെട്ട ലൊറേൽ നഴ്സിംങ് ഹോം സ്വന്തമാക്കിയാണ് മൂവാറ്റുപുഴ സ്വദേശിയായ ഡോ. ബേബി ചെറിയാനും ഭാര്യ ഡോ. റീമിയും ചരിത്രത്തിന്റെ ഭാഗമായത്. കെട്ടിടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞും മനോഹാരിതയിൽ മനംമയങ്ങിയുമാണ് ഇവർ ഇതിനു വിലയിട്ടത്. ലണ്ടൻ നഗരത്തോടു ചേർന്നുള്ള കീഗ്ലി ടൗണിൽ രണ്ടര ഏക്കറിലാണ് വിശാലമായ പുൽമൈതാനിക്കു നടുവിലെ പ്രൗഢ ഗംഭീരമായ ഈ നഴ്സിംങ് ഹോം. 

ജോർജ് അഞ്ചാമൻ രാജാവിന്റെ മകളായിരുന്ന പ്രിൻസസ് മേരി ഇവിടെ ഏറെക്കാലം താമസിച്ചതോടെയാണ് ശില്പചാതുരിയിൽ മിന്നിത്തിളങ്ങുന്ന ഈ നഴ്സിംങ് ഹോം ചരിത്രത്തിൽ ഇടം നേടിയതും പ്രശസ്തിയാർജിച്ചതും. രാജകുമാരി താമസിച്ചിരുന്നതുകൊണ്ടു തന്നെ കൊട്ടാരസദൃശ്യമായ അലങ്കാരങ്ങളാണ് ഇതിലെ മുറികൾക്ക്. ആഡംബരവും പ്രൗഢിയുല്ലാം വിളിച്ചോതുന്നതാണ് കെട്ടിടത്തിന്റെ ചുവരുകളും വരാന്തകളുമെല്ലാം. 

Laurel-Mount

1885ൽ രജിസ്റ്റർ ചെയ്ത ഈ കെട്ടിടം ബ്രിട്ടണിലെ പൌരാണിക സ്മാരകങ്ങളുടെ പട്ടികയിൽ വരുന്നതാണ്. അതുകൊണ്ടുതന്നെ ഇതിന്റെ സംരക്ഷണം പ്രാധാന്യമേറിയതാണ്. രൂപഭംഗിയിലോ ഘടനയിലോ ഒന്നും മാറ്റം വരുത്താതെയാവണം ഇതിന്റെ സംരക്ഷണം. ഈ വെല്ലുവിളിയാണ് വൻ തുകമുടക്കി മലയാളികളായ ഡോക്ടർ ദമ്പതിമാർ ഏറ്റെടുത്തിരിക്കുന്നത്. ബ്രിട്ടണിലെ ഹോസ്പിറ്റാലിറ്റി ബിസിനസ് രംഗത്തെ വേറിട്ട മുഖമാണ് മൂവാറ്റുപഴ സ്വദേശിയായ ഡോ ബേബി. കോലഞ്ചേരി മെഡിക്കൽ കോളജിൽ പഠിച്ച ഡോ. റീമി ബിർള ഹോസ്പിറ്റൽ, മസ്കറ്റ് റോയൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ സേവനത്തിനുശേഷമാണ് ലണ്ടനിലെ റോയൽ ബ്രാംപ്ടൺ ഹോസിപറ്റലിൽ ജോലിക്കെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com