sections
MORE

‘ജീവിതം വല്ലാത്തൊരു അവസ്ഥയിലായി, തോൽക്കാൻ മനസില്ലായിരുന്നു’; മലയാളി അനുഭവങ്ങളിലൂടെ

lockdown-and-covid-experience
SHARE

2020 ആദ്യം ചൈനയിലോ മറ്റേതൊക്കെയോ വിദൂരദേശങ്ങളിലോ വന്നുപെട്ട ഒരു പകർച്ചവ്യാധി എന്നതിനപ്പുറം കൊറോണ നമ്മുടെ ചിന്തകളെ ബാധിച്ചില്ലെന്നതാണ് സത്യം. പിന്നെ ജനുവരി 30ന് ഇന്ത്യയിലെ ആദ്യ കേസ് തൃശൂരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിടത്തു നിന്ന് എത്ര പെട്ടെന്നാണ് റാന്നിയിലും കാസർകോട്ടും പിന്നെ കേരളത്തിന്റെ എല്ലാ ജില്ലകളിലേക്കും ഹോം ക്വാറന്റീനായും ലോക്ഡൗണായും കോവിഡ് പിടിമുറുക്കിയത്! പലർക്കും ജോലി നഷ്ടപ്പെട്ടത്, പലരും പുതിയ തൊഴിലുകൾ കണ്ടെത്തിയത്, തൊഴിലിടങ്ങളും ക്ലാസ് മുറികളും വീട്ടിലേക്കു മാറിയത്.

അങ്ങനെ ഒരുപാടൊരുപാട് മാറ്റങ്ങളുടെ ഒരു വർഷം. ലോകത്തിന്റെ പലഭാഗങ്ങളിൽ, പലയിടങ്ങളിൽ മാറ്റങ്ങളും പല വിധത്തിലായിരുന്നു. ചില നാടുകളെ തീരെ ബാധിക്കാതെ നേർത്ത കാൽവപ്പുകളോടെ കോവിഡ് കടന്നുപോയപ്പോൾ ചിലയിടങ്ങളെ കണ്ണീരിലും ഭീതിയിലുമാഴ്ത്തി. ചിലനാടുകളിൽ ജനം  തീർത്തും വീടുകളിൽ അടയ്ക്കപ്പെട്ടു. പലനാടുകളിൽനിന്ന് അവർ ജീവിതം പറയുന്നു– അടച്ചുപൂട്ടലിന്റെ ഒറ്റപ്പെടൽക്കാലത്തെ എങ്ങനെ ക്രിയേറ്റീവായി ഉപയോഗിച്ചുവെന്ന്, എങ്ങനെ അതിജീവനത്തിന്റെ മറുവാക്കായെന്ന്...

ആർഷ അഭിലാഷ്, യുഎസ്എ

ജീവിതത്തിനെ 2020 മാർച്ചിന് മുൻപും ശേഷവും എന്ന് കൃത്യമായി പകുക്കാൻ കഴിയുന്ന രീതിയിലാണ് കൊറോണ മിക്ക മനുഷ്യരുടെയും ലോകത്തിലേക്ക് കടന്നുവന്നത്. ഞങ്ങളെ സംബന്ധിച്ച് അത് അന്നുവരെ കണ്ടിരുന്ന മനുഷ്യരെ, നടന്നിരുന്ന വഴികളെ, കളിച്ചിരുന്ന കളികളെ, കണ്ടിരുന്ന ഇടങ്ങളെ ഒക്കെ വിട്ടിട്ട് വീടിന്റെ നാലു ചുവരുകൾക്കുള്ളിലേക്ക് ഒൻപതും നാലും വയസുള്ള രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് ഒതുങ്ങുക എന്നതായിരുന്നു. ലോക്ഡൗണിൽ ഏറ്റവും കൂടുതൽ ഡൗൺ ആകപ്പെടുക ചെറിയ കുട്ടികളാണ് എന്നു തോന്നിയത് കൊണ്ട് തന്നെ രണ്ടു മക്കളെയും ഏതെങ്കിലും തരത്തിൽ എൻഗേജ്‌ഡ്‌ ആക്കിനിർത്താൻ ഉള്ള ശ്രമമായിരുന്നു പിന്നീട്. 

ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന വേനലവധിക്കാലം മിക്കപ്പോഴും യാത്രകളുടേതും കൂടിച്ചേരലുകളുടേതുമാണ്. പക്ഷേ, കഴിഞ്ഞ കൊല്ലം പുതിയ പരീക്ഷണ രീതികളിലൂടെ കുഞ്ഞുങ്ങൾ ലോകം കാണുകയും അവർ മനുഷ്യരുമായി കണക്ട് ആകുന്നുണ്ടെന്നു ഉറപ്പിക്കുകയും ചെയ്യേണ്ടി വന്നു. 2020 മാർച്ച് പകുതി മുതൽ മേയ്‌ അവസാനം വരെ മൂത്ത മകൻ താത്വികുമായി ചേർന്നു ചെയ്ത 50 ഡേയ്സ് ഓഫ് സൈൻ ലാംഗ്വേജ് ക്ലാസുകൾ ഫെയ്സ്‌ബുക്ക് ലൈവുകൾ വഴിയാണ് കൂടുതൽ ആളുകളിലേക്ക് എത്തിയത്. 

aarsha,-us
ആർഷ അഭിലാഷ് കുടുംബത്തോടൊപ്പം.

ഞങ്ങൾ രണ്ടുപേർക്കും ആംഗ്യഭാഷയെ കുറിച്ച് വലിയ വിവരമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്നത്തെക്കാലത്ത് മിക്ക വിവരങ്ങളും നമ്മുടെ വിരൽത്തുമ്പിൽ തന്നെയുണ്ടാകുമ്പോൾ എന്തിനെക്കുറിച്ചും ആവശ്യമായ വിവരങ്ങൾ നമുക്ക് വേഗം ശേഖരിക്കാനാകും. ഒരോ ദിവസവും ലൈവിൽ ഉൾപ്പെടുത്താൻ വിചാരിക്കുന്ന ടോപിക് തിരഞ്ഞെടുക്കാൻ മകനെ സഹായിക്കുക മാത്രമാണ് ഞാൻ ചെയ്‌തത്. അതിനു ശേഷം ആ വാക്കുകൾ യൂട്യൂബ് വിഡിയോകൾ / അമേരിക്കൻ സൈൻ ലാംഗ്വേജ് സൈറ്റുകളിൽ നിന്നും പഠിക്കുകയും എന്നെ പഠിപ്പിക്കുകയും ചെയ്യും. എന്നിട്ടാണ് ഞങ്ങൾ എഫ്ബി ലൈവുകൾ ചെയ്തിരുന്നത്. ഇത്തരത്തിൽ പല ഭാഷകളും കുട്ടികൾക്കൊപ്പം നമ്മളും പഠിക്കാൻ തയാറായാൽ വളരെ പ്രയോജനപ്രദമായ രീതിയിൽ നമുക്ക് ഇന്റർനെറ്റിനെ ഉപയോഗിക്കാം. 

സൈൻ ലാംഗ്വേജിനു ശേഷം കഴിഞ്ഞ വേനലവധിക്ക് കുഞ്ഞുങ്ങളെ കൂടെച്ചേർത്ത് ചെയ്ത രണ്ടു കാര്യങ്ങളാണ് 'ശലഭ പ്രോജക്ടും' 'അടച്ചുമൂടിയ ടെറാറിയം' പ്രോജക്ടും. ഞങ്ങൾ താമസിക്കുന്നത് മൊണാർക് ശലഭങ്ങളുടെ മൈഗ്രെഷൻ പാതയായ വിസ്കോൺസിൻ എന്ന സംസ്‌ഥാനത്താണ്. ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന ഈ ശലഭങ്ങൾ കുറച്ചേറെ നാളുകളായി എണ്ണത്തിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മുട്ട മുതൽ ശലഭം വരെയുള്ള ജീവിതചക്രത്തിനെ നമ്മളാൽ കഴിയുന്ന വിധത്തിൽ സഹായിക്കുന്നതാണ് ശലഭ പ്രോജക്ട്. ഇവിടെ 200 - 300 ശലഭങ്ങളെയൊക്കെ ഒരു സീസണിൽ വളർത്തി പറത്തിവിടുന്നവരുണ്ട്. ഞങ്ങൾ കഴിഞ്ഞ രണ്ടുകൊല്ലമായി വേനലിൽ ചെയ്തുവരുന്നു. കുട്ടികൾക്ക് ഓരോ മുട്ടയും വിരിഞ്ഞു പുഴുക്കളായി പിന്നീട്  പ്യുപ്പയായി വർണ്ണപ്പകിട്ടാർന്ന ശലഭമായി മാറുന്നത് കാണുന്ന കൗതുകം കാണേണ്ട കാഴ്ച തന്നെയാണ്. എന്റെ നാലുവയസുകാരൻ തദ്വിത് എന്ന ദിച്ചു ഓരോ പുഴുക്കൾക്കും പേരിട്ട് അവരെ കൃത്യമായി തിരിച്ചറിയുന്നത് അമ്മ എന്ന രീതിയിൽ എന്നെ അതിശയിപ്പിച്ച കാര്യമാണ് . 

ക്ലോസ്‌ഡ്‌ ടെററിയം - അഥവാ കുപ്പിക്കകത്തൊരു ഭൂമി. എക്സ്പ്ലോറ എന്ന ഗ്രൂപ്പിന്റെ ഭാഗമായി കിരൺ കണ്ണൻ മുന്നോട്ട് വെച്ച ആശയം ആണ് ക്ലോസ്ഡ് ടെറാറിയം. ഒരു കണ്ണാടിപ്പാത്രത്തിന് അകത്ത് ഒരാവാസവ്യവസ്ഥ ഉണ്ടാക്കുക. ഞങ്ങൾ ഉണ്ടാക്കിയ ടെററിയം ഒരു വലിയ ഫിഷ് ടാങ്കിനെ പോലെയുള്ള കണ്ണാടിക്കൂട്ടിലാണ്. ഇപ്പോൾ ഒരു കൊല്ലത്തോളം ആകുന്നു അതിനെ തുറന്നിട്ട്. രാത്രികളിൽ മഴ പെയ്യുന്ന, അനേകായിരം മൈക്രോ ജീവികളുള്ള, ജനനവും മരണവും നടക്കുന്ന ക്ലോസ്ഡ് ടെററിയങ്ങൾ ഒരു കുഞ്ഞു കുപ്പിക്കുള്ളിൽ നമുക്കുണ്ടാക്കാവുന്ന ഭൂമികളാണ്. കൗതുകം കൂടപ്പിറപ്പുകളായ കുട്ടികൾക്ക് എത്ര ആവേശം കൊടുക്കുമെന്നോ അത്തരം കാര്യങ്ങൾ.

ചിത്രങ്ങൾ വരയ്ക്കാൻ ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് നൂറു ദിവസം വരയ്ക്കാനും ഇഷ്ടമുണ്ടാകും. നമ്മൾ അവർക്കൊപ്പം ആ സമയം ചിലവഴിച്ചാൽ പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്യാം എന്നാണ് എന്റെ അനുഭവം. മകന് ചിത്രങ്ങളോട് താൽപര്യം ഉണ്ട് എന്നാൽ എനിക്ക് വരയ്ക്കാൻ അറിയില്ല. എന്റെ  ചിത്രംവരയിലെ ഗുരുവാണ് മകൻ. കഴിഞ്ഞ കൊല്ലം 100 ചിത്രങ്ങൾ വരച്ചതിലെ 15 എണ്ണം അക്രിലിക് പെയിന്റിങ്ങുകൾ ആയി ചെയ്തത് വിൽക്കാനും കഴിഞ്ഞു എന്നതാണ് അവന്റെ സന്തോഷം. 

എഴുതാൻ ഇഷ്ടമുള്ളവർക്ക് എഴുതാനും വായിക്കാനും ഉള്ള സമയം, പക്ഷിനിരീക്ഷണക്കാർക്ക് അതിനുള്ള സമയം (ചുറ്റുവട്ടത്തെ കിളികൾ എന്നൊരു ആൽബം എത്ര രസമായിരിക്കും ), ഇലകളെക്കുറിച്ചു കൗതുകമുള്ളവർക്ക് ചുറ്റുവട്ടത്തുള്ള ഇലകൾ വെച്ചൊരു ആൽബം ഉണ്ടാക്കാനുള്ള സമയം, ഫോട്ടോഗ്രഫി  ഇഷ്ടപ്പെടുന്നവർക്ക് നൂറു ദിവസത്തേക്കോ അൻപത് ദിവസത്തേക്കോ അത്തരമൊരു പ്രോജക്ടിനുള്ള സമയം (ഓരോ ദിവസവും 10 ഫോട്ടോകൾ എടുക്കുക ഇതിൽ നിന്നും ഏറ്റവും മികച്ച ഒരെണ്ണം അന്നത്തേതായിട്ട് പ്രിന്റ് എടുക്കുകയോ രക്ഷകർത്താക്കളുടെ സഹായത്തോടെ ഇൻസ്റ്റഗ്രാമിലോ ഫെയ്സ്‌ബുക്കിലോ പോസ്റ്റുകയോ ചെയ്യുക), ചെറിയ ചെടികൾ - പച്ചക്കറികൾ എന്നിവ നട്ടുവളർത്താൻ പറ്റിയ സമയം, രാത്രികളിൽ നക്ഷത്രങ്ങളെ കാണുകയും അവയെക്കുറിച്ചു പഠിക്കുകയും ചെയ്യാനുള്ള സമയം ഇങ്ങനെയിങ്ങനെയൊക്കെയാണ് ഞങ്ങൾ ലോക്ഡൗണിനെ കണ്ടത്. 

2020 ൽ നിന്നും 21 ലേക്ക് എത്തുമ്പോൾ ഞങ്ങളിപ്പോഴും കൂടുതൽ സമയവും വീടുകൾക്കുള്ളിൽ തന്നെയാണ്. 2020 -2021 സ്‌കൂൾവർഷത്തിൽ നേരിട്ടുളള പഠനത്തോടൊപ്പം ഓൺലൈൻ ക്ലാസുകൾക്കും ഓപ്‌ഷൻ ഉണ്ടായിരുന്നതിനാൽ മകൻ വെർച്വൽ സ്‌കൂളിലാണ് ക്ലാസുകൾ എടുക്കുന്നത്. പക്ഷേ  ഇക്കൊല്ലത്തെ വേനലവധി കഴിഞ്ഞ് സെപ്റ്റംബറിൽ സ്‌കൂൾ തുറക്കുമ്പോൾ ഓൺലൈൻ ക്ലാസുകൾ ഉണ്ടാകാൻ സാധ്യതയില്ല. മുതിർന്നവർക്കും 12 വയസ്സുവരെയുള്ള കുട്ടികൾക്കും വാക്സീനുകൾ ലഭ്യമാകാൻ തുടങ്ങിയതിനാൽ പലയിടങ്ങളിലും നിയന്ത്രണങ്ങൾ വളരെ മയപ്പെടുത്തിയിട്ടുണ്ട്. സിഡിസിയുടെ പുതിയ പത്രക്കുറിപ്പ് പ്രകാരം വാക്സീനെടുത്തവർക്ക് തുറസായ ഇടങ്ങളിൽ മാസ്കുകൾ വേണമെന്ന് നിർബന്ധമില്ല. 

പല ഇടങ്ങളിലും ജൂണിൽ തുടങ്ങുന്ന വേനൽക്കാല ക്യാംപുകളുടെ പരസ്യങ്ങൾ കണ്ടുതുടങ്ങി. പൂളുകളും മാളുകളും ആഘോഷങ്ങളും ഒക്കെ ജൂണോടു കൂടി അമേരിക്കയിൽ തിരികെ എത്തും എന്നാണ് പലരും പ്രതീക്ഷിക്കുന്നത്. ഒരു പുതിയ നോർമലിലേക്ക് എല്ലാവരും എത്തിച്ചേരുകയാണ് ഈ വർഷത്തിൽ. ഇവിടെ വീടിനുള്ളിലിരുന്നാണ് 2020 ലെ അമേരിക്കയുടെ ഭീകരാവസ്ഥ കണ്ടത്. ഒരു കൊല്ലത്തിലേറെയായി ലോകത്തിന്റെ മറ്റൊരു കോണിൽ ചതുരത്തിനുള്ളിൽ ജീവിച്ചതുകൊണ്ട് ഇവിടെയുള്ള നല്ല മാറ്റങ്ങൾ കാണുമ്പോഴും ഇന്ത്യയിലേക്കാണ് ഞങ്ങൾ നോക്കുന്നത്. എത്രയും പെട്ടെന്ന് അവിടത്തെ അവസ്ഥകൾ നല്ല രീതിയിലാകണം എന്ന് ആഗ്രഹിക്കുന്നു. 

ഡെന്നി പി. മാത്യു, യുകെ

പേരൊക്കെ തീരുമാനിച്ചു വച്ചിരിക്കുന്ന എന്റെ കുഞ്ഞിന്റെ മുഖമാണ് സത്യത്തിൽ ഇപ്പോഴുള്ള ഈ മടുപ്പിക്കുന്ന കാലത്തെയും കടന്നുപോകാൻ എനിക്ക് ചിറകുകൾ തരുന്നത്. സ്വപ്‌നങ്ങൾ ആരോടും പറയരുതെന്നും അങ്ങനെ ചെയ്താൽ അത് നടക്കാതെ പോകുമെന്നും ചിലരെങ്കിലും എന്നോട് സ്നേഹത്തോടെ ശാസിക്കാറുണ്ട്. പക്ഷേ, ഈ നാളുകളിൽ മനസ് ചില ശുഭ വാർത്തകൾക്ക് ദാഹിക്കുന്നു എന്ന് തന്നെയാണ് എന്റെ മതം.  

കൊറോണ കൊടുമ്പിരി കൊണ്ടിരുന്ന ഓഗസ്റ്റ് മാസത്തിലാണ് ഞാൻ യുക്കെയിലെത്തുന്നത്. അന്ന് പതിനാലു ദിവസം ക്വാറന്റീനിൽ കഴിയേണ്ടി വന്നു. ഗവൺമെന്റിന്റെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളോട് ക്രിയാത്മകമായി അനുഭാവം പ്രകടിപ്പിച്ച  പൗരന്മാർ ഈ നാട്ടിലെ അതിവേഗത്തിലുള്ള കോവിഡ് വ്യാപനം ഒരു പരിധിവരെ തടഞ്ഞു നിർത്തിയതെന്നു നിസംശയം പറയാം. ഇടയ്ക്കു കൈവിട്ടുപോയ സ്ഥിതിഗതികൾ ശക്തമായ നിയന്ത്രണങ്ങളോടെ യുകെ തിരിച്ചുപിടിച്ചു. പുറകെ നടന്നു വിരട്ടാൻ പൊലീസുകാരില്ലെങ്കിലും ഓരോരുത്തരും സമൂഹത്തോട് പുലർത്തേണ്ട ദൂരം കൃത്യമായി പാലിച്ചു. 

ഇതിനിടയിൽ യുകെയിൽ ഒരു ജോലി ശരിയായി. കടുത്ത സമ്മർദ്ദങ്ങളിൽ ഇളവ് വന്നു. പുതിയ സഹപ്രവർത്തകർ, പുതിയ കഥകൾ. എഴുത്തിനോടുള്ള ഇഷ്ട്ടം പൊടിതട്ടിയെടുക്കാനും കൊറോണക്കാലം ഒരുപാട് സഹായിച്ചു. പുതിയ കാഴ്ചപ്പാടുകളുടെ മഴ നിറഞ്ഞ മനസ്സിൽ എഴുത്തിന് പുതിയ കൈവഴികളുണ്ടായി. ആദ്യപുസ്തകം എന്ന സ്വപ്നം എന്നത്തേക്കാളും സജീവമായി മനസിനെ ഇപ്പോൾ മോഹിപ്പിക്കുന്നു.

കൊറോണക്കാലം മടുപ്പിക്കാതെയിരിക്കാൻ യാത്രകളും എന്നെ ഒരുപാട് സഹായിച്ചു‌. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള യാത്രകൾക്ക് ഇവിടെ കടുത്ത നിയന്ത്രണങ്ങളില്ലാതിരുന്നത് കാരണം ഞാൻ താമസിക്കുന്ന സാലിസ്ബറിയെന്ന ഗ്രാമത്തിലൂടെ കഴിയുമ്പോഴൊക്കെ യാത്രചെയ്തു. ചിലപ്പോഴൊക്കെ കാൽനടയായി, അല്ലെങ്കിൽ എന്റെ സൈക്കിളിൽ. ഒരു പുതിയ നാടിനെ പരിചയപ്പെടുമ്പോൾ അല്ലെങ്കിൽ ഒരു പുതിയ സംസ്കാരത്തെ അറിയാൻ ശ്രമിക്കുമ്പോൾ കൊറോണക്കാലത്തിന്റെ വിരസത പലപ്പോഴും മറന്നുപോയി എന്നതാണ് സത്യം. അങ്ങനെ ജീവിച്ചിരിക്കാൻ ഓരോ കാരണങ്ങളെ ദിവസവും  കണ്ടെത്തിക്കൊണ്ടേയിരിക്കുകയാണ്.

Denny-p-uk-alphy-uae
ഡെന്നി പി. മാത്യു, ആൽഫി മൈക്കിൾ എന്നിവർ കുടുംബത്തോടൊപ്പം.

ജനുവരിയിലെ  അതിശൈത്യത്തെ അതിജീവിക്കാൻ കഴിയാതെ ചില കിളികൾ ചത്തു വീഴുന്നത് ഈ യാത്രകളിൽ ഞാൻ കണ്ടു. പക്ഷേ, ഫെബ്രുവരി അവസാനത്തോടെ വസന്തകാലം ആരംഭിക്കുകയും സുഖമുള്ള ഇളം വെയിൽ നിറഞ്ഞ ഭൂമിയിലാകെ പൂക്കൾ വിടരുകയും ചെയ്തു. അന്ന് വേദനയോടെ ഞാനോർത്തത് വീണുപോയ കിളികളെപ്പറ്റിയായിരുന്നു. അൽപ്പം കൂടി പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വസന്തകാലം അവരുടേത് കൂടി ആകുമായിരുന്നേനെ. അതുകൊണ്ടു അൽപ്പംകൂടി കാത്തിരിക്കാം സുഹൃത്തുക്കളെ . ജീവിച്ചിരിക്കാൻ ഉറപ്പായും നമുക്കെല്ലാം ഒരു കാരണമുണ്ട്. അത് കണ്ടെത്താൻ കഴിഞ്ഞാൽ വസന്തകാലത്തിലേക്കുള്ള ദൂരം നമ്മെ തളർത്തുകയില്ല. പൂക്കൾ വീണ്ടും വിടരുക തന്നെ ചെയ്യും. 

രഞ്ജിത് രവീന്ദ്രൻ, യുകെ 

യുകെയിലെ മലയാളികളിലേറെയും മെഡിക്കൽ ഫീൽഡിൽ തന്നെയാണ്. അതുകൊണ്ടുതന്നെ ഫസ്റ്റ് വേവും സെക്കൻഡ് വേവും വന്നപ്പോഴും കൃത്യമായി ഫാമിലിയിൽ അതിന്റെ മുൻകരുതലുകളെടുക്കാൻ സാധിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലും കോവിഡ് ആളുകളെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്. ഇവിടെ ഞങ്ങൾ നഴ്സിങ് ഫീൽഡിലായത് കൊണ്ടു വരുമാനത്തെ ബാധിച്ചില്ല. അതുകൊണ്ട് തന്നെ ജീവിക്കാനുള്ള ഒരു സ്ട്രഗിൾ വേണ്ടി വന്നില്ല. ജോലി ഉണ്ട്, വരുമാനമുണ്ട്, എന്നും ജോലിക്ക് പോയേ പറ്റു എന്ന അവസ്ഥയിൽ ചെലവുകളൊക്കെ സ്മൂത്തായി പോയി. 

മറ്റു പല മേഖലകളിലും ജോലി വർക്ക് ഫ്രം ഹോം സിസ്റ്റത്തിലേക്ക് മാറി. സ്കൂളുകളും അടച്ചിട്ടിരുന്നത് കൊണ്ട് മാതാപിതാക്കൾ കൂടുതൽ സമയം കുട്ടികളോടൊത്ത് ചെലവഴിക്കാനും സാധിച്ചു. പോസിറ്റീവ് ആയി പറഞ്ഞാൽ പലർക്കും കൂടുതൽ ഫാമിലി ടൈം കിട്ടി. രണ്ടാം ലോക്ഡൗൺ വന്നതോടെ വളരെ വിലക്കുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ ആളുകൾ സേഫ് ആയി. പ്രായമായ ആളുകളെ ഒക്കെയാണ് ആദ്യം കോവിഡ് ബാധിച്ചതെങ്കിൽ പതിയെ ചെറുപ്പക്കാരെയും ബാധിച്ചു. സോഷ്യലൈസേഷൻ കുറഞ്ഞു എന്നല്ലാതെ വ്യക്തിപരമായി വലിയ പ്രശ്നങ്ങളൊന്നും പറയാനില്ല. 

പക്ഷേ, നാട്ടിൽ അവധിക്കുപോകാൻ പ്ലാൻ ചെയ്തവർക്കും അത്യാവശ്യമായി പോകേണ്ടി വന്നവർക്കും യാത്ര സാധിക്കാത്ത അവസ്ഥയുണ്ടായി. പോയാൽ തന്നെ മടങ്ങിയെത്തുമ്പോൾ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമായിരുന്നു. ഒരാൾക്ക് ഒന്നരലക്ഷത്തിലേറെ ചെലവു വരുമെന്നതിനാൽ പലരും യാത്ര ഒഴിവാക്കി.  നാട്ടിൽ നിന്നു സന്ദർശക വീസയിലെത്തിയ മുതിർന്നവർക്ക് മടങ്ങി പോകാൻ പറ്റാതെ വന്നു. സ്റ്റുഡന്റ് വീസയിലൊക്കെ വന്ന കുട്ടികളെയും കോവിഡ് തരംഗം വല്ലാതെ ബാധിച്ചിട്ടുണ്ട്. കോളജുകളൊക്കെ അടച്ചുപൂട്ടി. അടച്ചഫീസ് നഷ്ടടമായി. പാർട്ട് ടൈം ജോലി ചെയ്തു ഫീസ് അടച്ചിരുന്നവർക്ക് അത് സാധിക്കാത്ത അവസ്ഥയായി. പലരും നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വന്നു. കോളജുകൾ ഓൺലൈൻ കോഴ്സ് നടത്തി സർട്ടിഫിക്കറ്റ് കൊടുത്തുതുടങ്ങി. ചെറിയ ഇൻഡസ്ട്രീസ് പലതും അടച്ചുപൂട്ടി.

ciji-bijoy-Ranjith-uk
സിജി ബിജോയ് കുടുംബത്തോടൊപ്പം, രഞ്ജിത് രവീന്ദ്രൻ.

മേയ് 17ന് കുറേയേറെ നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടുണ്ട്. പോരാത്തതിന് വേനൽക്കാലവുമെത്തിയതോടെ പുറത്തിറങ്ങാൻ സാധിച്ചു. ഇപ്പോഴത്തെ പ്ലാൻ അനുസരിച്ച് ജൂൺ 21 ഓടെ എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റും. സോഷ്യലൈസേഷനോ യാത്ര ചെയ്യുന്നതിനോ ഒരു വിധ വിലക്കുമുണ്ടാകില്ല. എല്ലാം ബാക്ക് ടു നോർമൽ എന്ന സന്തോഷത്തിലാണിപ്പോൾ എല്ലാവരും.

തങ്കം തോമസ്, ഖത്തർ 

2020 മാർച്ച് മാസം 8ാം തിയതി കേശവദാസപുരത്തെ വീടിന്റെ പടിയിറങ്ങുമ്പോൾ കൊച്ചുമോനെ പിരിയാൻ വയ്യാതെ പൊട്ടിക്കരഞ്ഞ എന്റെ അമ്മായിയമ്മയോട് ഞാൻ പറഞ്ഞു, ഞങ്ങളിപ്പോ ഇങ്ങ് വരില്ലേ, മമ്മി നോക്കിക്കോ ജൂൺ മുപ്പതാം തിയതി രാവിലെ ഞങ്ങളിങ്ങെത്തും. എന്നിട്ടിപ്പോ ആ ജൂണും കഴിഞ്ഞ് അടുത്ത ജൂണാവാൻ പോകുന്നു. എന്നു നാട്ടിൽ പോകുമെന്ന് ഓർക്കാൻ സ്വപ്നം പോലും കാണാൻ പറ്റാത്ത അവസ്ഥ. വനിതാ ദിനത്തിൽ ഹമദ് വിമാനത്താവളത്തിൽ ജീവനക്കാരിൽ നിന്നു പൂച്ചെണ്ടും വാങ്ങി ഫ്ലാറ്റിൽ വന്ന് കയറിയതിന്റെ മൂന്നാം പക്കം ലോക്ഡൗൺ. ഒരു ദിവസം വൈകിയിരുന്നെങ്കിൽ ഞാനും പുത്രനും നാട്ടിൽ കുടുങ്ങിയേനേ.

കൊറോണക്കാലത്തെ ജീവിതത്തിന്റെ ആദ്യദിനങ്ങൾ ഭീകരമായിരുന്നു. ഇവിടെ മിക്ക ഫ്ലാറ്റുകൾക്കും ബാൽക്കണി ഇല്ല. അടുത്തടുത്ത് നിൽക്കുന്ന ബഹുനില മന്ദിരങ്ങൾ പലപ്പോഴും സൂര്യപ്രകാശം തടഞ്ഞ് പകലേതാ രാത്രിയേതാ എന്ന് അറിയാൻ പറ്റില്ല. ഞങ്ങളുടെ ബിൽഡിങ്ങിലെ മിക്ക ഫ്ലാറ്റുകളും ബ്ലോക്കേഡ് വന്നതോടെ ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഞങ്ങളുടെ ഫ്ലോറിൽ 4 വീടുകളിലേ ആളുള്ളു. ഇടയ്ക്ക് അവരെ കാണാം സംസാരിക്കാം എന്നതായിരുന്നു ഒരാശ്വാസം, പിന്നെ എന്നും വൈകീട്ട് ഏതെങ്കിലും പാർക്കിലോ സൂപ്പർ മാർക്കറ്റിലോ കറങ്ങി നടക്കും. ഡൽഹിക്കാരായ അയൽക്കാരും ഈജിപ്റ്റിൽ നിന്നുള്ള കുടുംബവും ഒരാഴ്ചയ്ക്കുള്ളിൽ വീട് മാറി. അതോടെ എവിടെയോ ഏകാന്തതടവിന് വിധിക്കപ്പെട്ട അവസ്ഥയായി. ഖത്തറിലെ ടെലികോം കമ്പനിയായ ഒറീദുവിൽ കൺസൽട്ടന്റ് ആണ് എന്റെ ജീവിതപങ്കാളി ജോൺ ജേക്കബ്. ലോക്ഡൗൺ ആരംഭിച്ചതോടെ കമ്പനി എല്ലാവർക്കും വർക്ക് ഫ്രം ഹോം നൽകി. വീട്ടുസാധനങ്ങൾ വാങ്ങാൻ ജോൺ മാത്രം പുറത്തിറങ്ങും.

കെട്ടിക്കിടക്കുന്ന വെള്ളം പോലെ മനസ് കലുഷിതമായി. എഴുത്തും ക്രാഫ്റ്റും ഒക്കെയായി സമയം കളയാൻ ശ്രമിച്ചു. ഫ്രീലാൻസ് ജോലികൾ പൊടി തട്ടിയെടുത്തു. എന്റെ സുഹൃത്ത് പവിത്രചേച്ചി വഴി ആദ്യത്തെ വർക്ക് വന്നു. ബ്ലോഗിങ്ങും, വ്ലോഗിങ്ങും പരീക്ഷിച്ചു. ചിലതിനൊക്കെ സമ്മാനം വാങ്ങി. എല്ലാം നാട്ടിലെ ബാങ്ക് അക്കൗണ്ടിൽ സുരക്ഷിതമായി കിടപ്പുണ്ട്. പക്ഷേ, മോന്റെ കാര്യമാണ് പരിതാപകരമായത്. കളിക്കാൻ കൂട്ടുകാരില്ലാതെ, ചുറ്റുമുള്ള ലോകം കാണാതെ അവനാകെ സങ്കടപ്പെട്ടു. ഇടയ്ക്ക് തല ഭിത്തിയിൽ ഇട്ടിടിക്കാൻ തുടങ്ങി. ഒട്ടും തന്നെ സ്ക്രീൻ ടൈം അനുവദിക്കാതിരുന്ന കുട്ടിയെ ടിവി കാണിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലാതായി. ഇതിനിടെ ഞാനും മോനും തമ്മിൽ യുദ്ധം പതിവായി, ഇതിനിടയിൽപ്പെട്ട് അച്ചാച്ചൻ പലപ്പോഴും വർക്ക് ഫ്രം ഹോമും ഹോമിലെ വർക്കുമായി വലഞ്ഞു.

അയൽക്കാരില്ലാത്ത ഫ്ലാറ്റിലെ ജീവിതം മൂന്നു മാസത്തിനുള്ളിൽ ഞങ്ങൾക്ക് മടുത്തു, വീട് മാറാൻ തീരുമാനിച്ചു. ഇറങ്ങി നടക്കാൻ ഒക്കെ അൽപം സ്ഥലമുള്ള ഒരിടം മതി ഇനി. കോംപൗണ്ട് വില്ലകൾ കുറേ നോക്കിയെങ്കിലും മനസിനു പിടിച്ചില്ല, പ്രധാനപ്രശ്നം ഓഫീസിൽ നിന്ന് വീട്ടിലേക്കുള്ള ദൂരം കൂടും. ഒടുവിൽ തിരഞ്ഞ് തിരഞ്ഞ് കിട്ടി, മുറ്റമുള്ള, കളിസ്ഥലമുള്ള, ബാൽക്കണിയുള്ള ഒരു ഫ്ലാറ്റ്. ലോക്ഡൗണിൽ ഞങ്ങളെടുത്ത ഏറ്റവും മികച്ച തീരുമാനം. പിന്നെയുള്ള ലോക്ഡൗൺ സത്യത്തിൽ കളറായിരുന്നു അല്ല ഇപ്പോഴും ആണ്.

ബാൽക്കണി കിട്ടിയതോടെ ഞാൻ ചെടികൾ വച്ചു പിടിപ്പിച്ചു. മോനും കൂടെക്കൂടി. ഞങ്ങളുടെ ബാൽക്കണിയിൽ ചെമ്പരത്തിയും റോസയും, നിത്യകല്യാണിയും ചിരിതൂകി. പുറത്ത് എന്ത് നടന്നാലും ചെടിനോട്ടവും നനയ്ക്കലും, അവരോട് വർത്തമാനം പറയലുമായി ഞങ്ങൾ സന്തുഷ്ടരായി. 4 ചെടിച്ചട്ടിയിൽ തുടങ്ങിയതാണ്. ഇപ്പോൾ ചെടിവയ്ക്കാൻ സ്ഥലമില്ലാതായി. വീട്ടിൽ തന്നെ കമ്പോസ്റ്റ് ഉണ്ടാക്കി. അങ്ങനെ അങ്ങനെ ഞങ്ങളും ഉദ്യാനപാലകരായി. ജെറമി ബാൽക്കണിയിൽ കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങിയതോടെ എനിക്കും കുറച്ച് സമയം ബാക്കിയായി. ആ കിട്ടിയ നേരത്ത് ഞാനെന്റെ ചിരകാല അഭിലാഷമായി ഫ്രഞ്ച് പഠനം തുടങ്ങി. കൂട്ടത്തിൽ ഇഗ്നോയുടെ ക്രിയേറ്റീവ് റൈറ്റിങ് ഡിപ്ലോമയ്ക്കും, ക്ലൈമറ്റ് ചേഞ്ച് കോഴ്സിനും ചേർന്നു. അസൈൻമെന്റ് ഒക്കെ ചെയ്തെങ്കിലും പരീക്ഷ ഇപ്പോഴും കയ്യെത്താ ദൂരത്താണ്. എന്നേലും നാട്ടിൽ വരുമ്പോൾ എഴുതാം.

Thankam-thomas
തങ്കം തോമസ് കുടുംബത്തോടൊപ്പം.

അടുത്ത സന്തോഷം എന്താണെന്ന് വച്ചാൽ ഇവിടെ നിറയെ കുട്ടികളാണ്. ജെറമിക്കും കിട്ടി ഒരു കൂട്ടുകാരനെ നിക്ക് എന്ന നിക്കോളാസ്. പ്ലേ ഏരിയായിൽ കളിക്കാൻ പോയി തുടങ്ങിയതോടെ ആളാകെ മാറി. 2020 ഓഗസ്റ്റോടെ ഇവിത്തെ നിയന്ത്രണങ്ങളിൽ അൽപം ഇളവുവന്നു. ദോഹയുടെ സുന്ദരമായ കോർണിഷിലും, പാർക്കുകളിലും നടക്കാൻ പോകാം. സാമൂഹ്യ അകലം പാലിക്കണം, മാസ്ക് വയ്ക്കണം, മാളുകളും തുറന്നു. ജീവൻ തിരിച്ചു കിട്ടിയ പോലെ ആയിരുന്നു. ജീവിതം പതിയെ സാധാരണനിലയിലായി. ഫ്ലാറ്റിലെ ജിമ്മിൽ നിന്ന് എനിക്ക് കുറേ കൂട്ടുകാരെ കിട്ടി. പാലക്കാടുകാരി സംഗീത, കാൺപൂർകാരി ചിത്രാൻഷ, മഹരാഷ്ട്രക്കാരി സാനിയ, ഗുജറാത്തുകാരിയും ബ്യൂട്ടീഷനുമായ തൃഷ. പാക്കിസ്ഥാനിലെ പെഷവാറിൽ നിന്നുള്ള സുമയ്യ, പിന്നെ അവിടെ നിന്ന് തന്നെയുള്ള ആയിഷ. 

വർഷത്തിൽ രണ്ട് തവണയെങ്കിലും നാട്ടിൽ വന്നിരുന്ന ഞങ്ങൾ നാടുകാണാതെ ഒരു വർഷം ജീവിച്ചു. കാത്തിരുന്ന് വാക്സീനെടുത്തെങ്കിലും ഇന്ത്യയിലെ കോവിഡ്ക്കേസുകളുടെ വർധന വിനയായി. വാക്സീനെടുത്തവർക്കും ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കി. ആകെയുള്ള 30 ദിവസത്തെ അവധിയിൽ ക്വാറന്റീൻ എന്നും കൂടി പറഞ്ഞ് പിടിച്ചാൽ പിന്നെ എത്രദിവസം നാട്ടിൽ നിൽക്കാനാവും. സാമ്പത്തികബാധ്യത വേറെ. ഇന്ത്യക്കാർ മിക്കവരും അതുകൊണ്ടു തന്നെ നാടെന്ന സ്വപ്നത്തെ അകറ്റി നിർത്തി. നാട്ടിൽ നിന്നുള്ള വാർത്തകൾ മിക്കപ്പോഴും വേദനയായി, ചിലതെല്ലാം കരയിച്ചു.

ഇതിനിടെ കോവിഡ്ക്കേസുകൾ ഖത്തറിലും കൂടി. ഒത്തുപിടിച്ച് നൂറിൽ താഴെയെത്തിയ കേസുകൾ യുകെ, സൗത്താഫ്രിക്കൻ വേരിയന്റുകളുടെ വരവോടെ തൊള്ളായിരവും ആയിരവുമായി. വീണ്ടും ലോക്ഡൗൺ. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാളുകളിലോ വ്യാപാരസമുച്ചയങ്ങളിലോ പ്രവേശനമില്ല, കളിസ്ഥലങ്ങളും ജിമ്മും അടച്ചു. പക്ഷേ, ഇത്തവണ ഞങ്ങൾക്ക് ഒട്ടും തന്നെ മടുപ്പോ സങ്കടമോ തോന്നിയില്ല. ഞാനും കൂട്ടുകാരി സംഗീതയും കൂടി വൈകുന്നേരങ്ങളിൽ നടക്കാൻ പോയി കൂട്ടത്തിൽ ഓൺലൈനായി സൂംബ ഡാൻസും. കാറിൽ മാത്രം കറങ്ങിയ ദോഹയുടെ മുക്കും മൂലയും നടന്നു. നടപ്പ് ഞങ്ങളെ കൂടുതൽ ഉത്സാഹവതികളാക്കി. വാക്സിനേഷൻ ലഭിച്ചത് കുറച്ച് ആത്മവിശ്വാസം നൽകുന്നുണ്ട്, ആ സർട്ടിഫിക്കറ്റ് കയ്യിലുള്ളപ്പോൾ എന്തോ ഒരു സുരക്ഷിതത്വം.

കുട്ടികളുടെ കാര്യമാണ് പരിതാപകരമായത്, ഫ്ലാറ്റിന്റെ കോറിഡോറിൽ പോലും കളിക്കാൻ സെക്യൂരിറ്റി അനുവദിച്ചില്ല. കുട്ടികളിൽ പലരും വീട്ടിൽ തന്നെയിരുന്ന് വിഷാദത്തിന്റെയും ഹൈപ്പർ ആക്ടിവിറ്റിയുടേയും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. അതോടെ കുട്ടികളുമായി രക്ഷിതാക്കൾ മിക്കവരും ആളും ആരവവും ഇല്ലാത്ത ബീച്ചുകൾ തേടി യാത്രപോയി. എല്ലായിടത്തും പൊലീസ് ചെക്കിങ്. സുരക്ഷിതമായി യാത്രചെയ്യാനും ആഘോഷിക്കാനും ഈ ദിനങ്ങൾ ഞങ്ങളെ പ‌ഠിപ്പിച്ചു.

എല്ലാ വാരാന്ത്യങ്ങളിലും ഞങ്ങളുടെ രഥത്തിൽ കയറി അൽഖോറിലേക്കോ, പർപ്പിൾ ഐലന്റിലേക്കോ, ഖത്തറിന്റെ എണ്ണമറ്റ ബീച്ചുകളിലേക്കോ യാത്ര പോയി. മരുഭൂമി മരുപ്പച്ചയാക്കുന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്ന് ഓരോ യാത്രയിലും തിരിച്ചറിഞ്ഞു. അത്ര സ്നേഹത്തോടെയും കരുതലോടെയുമാണ് ഈ മരുക്കാട്ടിൽ ഖത്തർ പച്ചപ്പൊരുക്കുന്നത്. പർപ്പിൾ ഐലന്റ് എന്ന കണ്ടൽവനമൊക്കെയുണ്ടല്ലോ എത്ര നിർമ്മലമാണെന്നോ. ഓരോ ആഴ്ചയിലും ഓരോ ഇടങ്ങൾ. ജെറമായക്ക് ഇപ്പോൾ കടൽ  ഫിഷിന്റെ വീടാണെന്നും, അവിടെ ക്രാബുണ്ടെന്നും അറിയാം. ഒത്തിരി കിളികളുടെ പേരറിയാം. ബലദ്നായിലെ പശുക്കൾ നൽകുന്ന പാലാണ് അവന് കിട്ടുന്നതെന്ന് അറിയാം. മിൽക്ക് ഷേക്ക് കയ്യിലെടുത്ത് കൗ തന്നതാ എന്ന് ആവേശത്തോടെ പറയുമ്പോൾ എനിക്കറിയാം ഞാൻ എന്തായാലും അവന്റെ ബാല്യത്തെ തടവിലിട്ടില്ല. നാട്ടിലെ കുട്ടികൾക്ക് ലഭിക്കുന്നതിലും അനുഭവങ്ങൾ ഈ അറേബ്യൻ മരുഭൂമിയിൽ നിന്ന് അവൻ നേടിയിട്ടുണ്ട്.

ജീവിതത്തിലെ ആദ്യത്തെ ക്യാംപിങ് അനുഭവവും ഈ കാലത്ത് ഞങ്ങൾ നേടി. സെക്രീത്ത് ബീച്ചിൽ ടെന്റിച്ച് ഒരു രാവ്. ഇനിയുമേറെ സ്ഥലങ്ങൾ കാണാനുണ്ട്. ജന്മനാടിന്റെ സ്നേഹത്തിലേക്ക് കൊറോണ ഭീതിയില്ലാതെ പറന്നെത്താൻ കഴിയുവോളം പോറ്റമ്മയുടെ സ്നേഹം ആവോളം ആസ്വദിക്കട്ടെ. ഒന്ന് പറയാൻ വിട്ടു പോയി ഒരു കാര്യത്തിൽ ഈ ലോക്ക്ഡൗൺ കാലത്തോട് ഞങ്ങൾ നന്ദിയുള്ളവരാണ് ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾക്ക് പരസ്പരം ഒത്തിരി സമയം കിട്ടി. ഞങ്ങൾ കൂടുതൽ കൂടുതൽ അടുത്തു. അതെ ജീവിതം മനോഹരമാണ് എല്ലാക്കാലത്തും.

അമ്മു ആൻഡ്രൂസ്, ഇറ്റലി

2020 എന്ന വർഷത്തിന്റെ തുടക്കം മുതലേ കൊറോണ എന്ന വാക്ക് കേട്ട് തുടങ്ങിയെങ്കിലും, അതു മറ്റെവിടെയോ, വേറെ ഏതോ ഭൂഖണ്ഡത്തിൽ ആണെന്ന ഭാവവും ആശ്വാസവും ആയിരുന്നു. പക്ഷേ, ആഴ്ചകൾ പിന്നിട്ടതോടെ, ഇറ്റാലിയൻ ഭാഷയിൽ കിരീടം എന്നർഥമുള്ള 'കൊറോണ' ഇറ്റലിയെയും വിറപ്പിച്ചു. ലോകപ്രശസ്തമായ ശൈത്യക്യകാല ഇറ്റാലിയൻ ആഘോഷം, കാർണിവൽ നടക്കുന്ന വെനീസിലും ചുറ്റുവട്ടങ്ങളിലുമായി കൊറോണ കത്തിപ്പടർന്നതോടെ ആഘോഷമൊക്കെ നിർത്തലാക്കി അടിയന്തരാവസ്ഥയിലേക്ക് നീങ്ങി. സ്‌കൂളുകളും ഓഫീസുകളുമൊക്കെ പെട്ടന്ന് നിശ്ചലമായതും രാജ്യമൊട്ടാകെ ലോക്ഡൗൺ ചെയ്തതുമൊക്കെ വളരെ പെട്ടന്നായിരുന്നു.

നോർത്ത് ഇറ്റാലിയൻ റീജിയനുകളായ ലൊമ്പാർദിയയിലും വെനെത്തോയിലും കൊറോണ വൈറസ് വ്യാപകമായി പടരുന്നതും മരണങ്ങൾ നൂറും ഇരുന്നൂറും അഞ്ഞൂറും കടക്കുന്നതും കണ്ടു ഭയന്ന് ഇറ്റലിയുടെ ഇങ്ങേയറ്റമായ സിസിലി ദ്വീപിൽ ഞങ്ങൾ. അടുത്ത പ്രദേശങ്ങളിലൊന്നും കൊറോണ വൈറസ് എത്തിയിട്ടില്ല എന്ന ആശ്വാസം ഉണ്ടായിരുന്നുവെങ്കിലും, ലോക്ഡൗൺ ഞങ്ങളെയും ബാധിച്ചുവെന്ന് പറയാതെ വയ്യ. സ്‌കൂളുകൾ അടഞ്ഞു. പള്ളികളും റെസ്റ്റോറന്റുകളും ജിമ്മുകളും എന്നുവേണ്ട സകല സ്ഥാപനങ്ങളും അടച്ചു. ജനനിബിഢമായിരുന്ന വീഥികൾ ഏകാന്തമായി. അവശ്യവസ്തുക്കളുടെ കടകളും (ഫർമസി, ജനറൽ കടകൾ തുടങ്ങിയവ) മാത്രം തുറന്നു. മിനറൽ വാട്ടർ കമ്പനി ആയതിനാൽ, ഭർത്താവിന്റെ ഓഫിസ് എല്ലാ ദിവസവും പ്രവർത്തിച്ചിരുന്നു.   ഒരാഴ്ചയ്ക്ക് ഉള്ളിൽ തന്നെ കുട്ടികൾക്ക് സ്‌കൂളും ഓൺലൈൻ ആയി നടപ്പിലാക്കി. 

മറ്റേതു സ്ഥാപനം അടയുന്നതിനേക്കാളും സ്‌കൂളുകൾ അടയ്ക്കുന്നതിനെ വളരെ ഗൗരവമായി നോക്കിക്കണ്ട ഇറ്റാലിയൻ ഗവൺമെന്റ് നടപടി എടുത്തു പറയേണ്ടതുണ്ട്. അധ്യയന വർഷത്തിന്റെ രണ്ടാം പാദത്തിലാണ് കൊറോണ വൈറസിന്റെ രംഗപ്രവേശം. പെട്ടന്നുണ്ടായ അത്യാവശ്യ ഘട്ടത്തിൽ സ്‌കൂളുകൾ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറേണ്ടി വന്നു. ആ ഘട്ടത്തിൽ കംപ്യൂട്ടറോ ഇന്റർനെറ്റ് സൗകര്യങ്ങളോ ഇല്ലാത്ത കുട്ടികൾക്ക് സ്‌കൂൾ ലാബുകളിലെ കംപ്യൂട്ടർ നൽകിയും ഇന്റർനെറ്റ് സൗകര്യങ്ങൾ ഏർപ്പാടാക്കിയും എല്ലാവർക്കും ഓൺലൈൻ ക്ലാസിൽ സംബന്ധിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി. 

Ammu-andrews-italy
അമ്മു ആൻഡ്രൂസ് കുടുംബത്തോടൊപ്പം.

കൊറോണയുടെ ഒന്നാം വരവിൽ, ആദ്യമൊന്നു പകച്ചെങ്കിലും അവസരത്തിനൊത്തുയർന്നു ധൈര്യപൂർവ്വം നേരിട്ട ഇറ്റാലിയൻ ജനത, രണ്ടാം വരവിനെ മുൻകൂട്ടി കണ്ടു ഒരുക്കത്തോടെയും അച്ചടക്കത്തോടെയും നേരിട്ട കഥയാണ് ഞങ്ങൾ കണ്ടത്. 

കൊറോണയുടെ രണ്ടാം വരവിനെ മുന്നിൽ കണ്ടുകൊണ്ടു തന്നെ, അടുത്ത അധ്യയന വർഷത്തിൽ സ്‌കൂളുകളിൽ പോയി തന്നെ ക്ലാസ് അറ്റൻഡ് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് വിദ്യാഭ്യാസവകുപ്പ് ചെയ്തത്. സ്‌കൂൾ അവധിയുള്ള വേനൽക്കാലം മുഴുവൻ അതിനുള്ള ഒരുക്കങ്ങളും അധ്യാപകർക്കും മാതാപിതാക്കൾക്കുമുള്ള ട്രെയിനിങ്ങും നടത്തി. സ്‌കൂളിൽ എന്തെല്ലാം കൊണ്ടുപോകണം, എന്തൊക്കെ കുട്ടികളെ പറഞ്ഞു മനസിലാക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ മാതാപിതാക്കൾക്ക് പറഞ്ഞു മനസിലാക്കി തന്നു. സ്വന്തം ബാഗിൽ ഫേസ് ടിഷ്യൂസ്, സാനിറ്റൈസർ, വെറ്റ് വൈപ്പ്സ്, ടോയ്‌ലറ്റ് പേപ്പർ നാപ്കിന്സ് എന്നിങ്ങനെയുള്ള വ്യക്തിശുചിത്വത്തിനുള്ള സാധനങ്ങൾ ഒരുക്കി. കുട്ടികൾക്ക് ഇഷ്ടമുള്ള ചാനലുകളിലെ കാർട്ടൂൺ താരങ്ങളും വ്ലോഗേഴ്സും, കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും മാസ്ക് ധരിക്കേണ്ടതിന്റെയും ആവശ്യകത പറഞ്ഞു മനസിലാക്കിയത് കൊണ്ട് മാതാപിതാക്കൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. 

ഓരോ കുട്ടിക്കും പേരെഴുതിയ സ്വന്തം  ഇരിപ്പിടങ്ങൾ കൃത്യമായ അകലത്തിൽ ക്രമീകരിച്ചു. മാതാപിതാക്കൾക്കു സ്‌കൂളിനകത്തു പ്രവേശനം നിഷേധിച്ചു. അധ്യാപകരും അനധ്യാപകരും കൃത്യമായ ഇടവേളകളിൽ കോവിഡ് പരിശോധന നടത്തി മോണിറ്റർ ചെയ്തു കൊണ്ടിരുന്നു. തിക്കും തിരക്കും ഒഴിവാക്കി സ്‌കൂളിൽ പ്രവേശിക്കാൻ ഓരോ ക്ലാസിനും ഓരോ സമയക്രമങ്ങൾ നൽകി. ഏതുസമയവും ഒരു ലോക്ഡൗൺ സാധ്യത ഉള്ളതിനാൽ, എല്ലാ പുസ്തകങ്ങളും ബാഗിൽ കരുതണം എന്നതു നിർബന്ധമാക്കി. (കോറോണയ്ക്ക് മുൻപ് ഹോംവർക്ക് ചെയ്യാനുള്ള പുസ്തകങ്ങൾ മാത്രമേ വീട്ടിലേക്ക് കൊടുത്തയക്കുമായിരുന്നുള്ളു. ബാക്കി പുസ്തകങ്ങൾ സ്‌കൂളിൽ തന്നെ വയ്ക്കാമായിരുന്നു) എല്ലാ ദിവസവും വെവ്വേറെ വസ്ത്രങ്ങൾ ധരിക്കണം എന്ന കാരണത്താൽ, യൂണിഫോം നിർത്തലാക്കി. 

പെൻസിലോ ഷാർപ്നെരോ അങ്ങനെ എന്തെങ്കിലും ഒരു വസ്തു നഷ്ടാപ്പെടുകയോ കേടു വരുകയോ ചെയ്‌താൽ പകരത്തിനായി, സ്ഥിരം ഉപയോഗിക്കുന്ന  പെൻസിൽ ബോക്സിനു പുറമെ എല്ലാ സാധനങ്ങളും അടങ്ങിയ ഒരു 'സ്റ്റെപ്പിനി പെൻസിൽ ബോക്സ്' ബാഗിൽ കരുതി. (മുൻപ് ഇങ്ങനെ വലതും സംഭവിച്ചാൽ കൂട്ടുകാരോട് കടം വാങ്ങുകയോ ടീച്ചർ നൽകുകയോ ഒക്കെ ചെയ്യാമായിരുന്നു.) അങ്ങനെ പരസ്പരം സമ്പർക്കത്തിൽ വരാനുള്ള സാധ്യതകൾ ഇല്ലാതാക്കിയാണ് സ്‌കൂളുകൾ ഇക്കഴിഞ്ഞ ഒരു വർഷം പ്രവർത്തിച്ചത്. കുട്ടികൾക്ക് ഉപയോഗിക്കാനായി പ്രത്യേകമായി ഡിസൈൻ ചെയ്ത മാസ‌്ക്കുകൾ ഓരോ മാസവും സൗജന്യമായി വിതരണം ചെയ്തു. 

കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന കുട്ടികളുള്ള ക്ലാസ്സിലെ വിദ്യാർഥികൾക്ക് കോവിഡ് പരിശോധനകൾ നടത്തി. അതിലെല്ലാം തന്നെ സ്‌കൂളുകൾ വഴി കോവിഡ് പടരുന്നില്ല എന്ന സൂചനകൾ ലഭിച്ചതോടെ മാതാപിതാക്കൾക്കും കുട്ടികളെ സ്‌കൂളിൽ വിടാൻ ധൈര്യമായി. കൊറോണയുടെ ആദ്യ വരവിൽ സുരക്ഷിതമായിരുന്ന സിസിലിയെ പിടിച്ചു കുലുക്കിയാണ് രണ്ടാം തരംഗം ഉണ്ടായത്. ഈ ദ്വീപ് പലപ്പോഴും റെഡ് സോൺ ആയി മാറുകയും ചെയ്തു. എന്നുവരികിലും സ്‌കൂളുകൾ തുറന്നു തന്നെ പ്രവർത്തിച്ചു. കൊറോണയുടെ ശക്തമായ രണ്ടാം വരവിനെ അതിജീവിച്ച് സ്‌കൂൾ അവധിയിലേക്ക് കടക്കുകയാണ്. വേനലവധി ആഘോഷിക്കാൻ തുടങ്ങുകയാണ്.

സിജി ബിജോയ്, കാനഡ

2020 മാർച്ച് മൂന്നാം ആഴ്ചയാണ് കാനഡയിൽ ആദ്യത്തെ ലോക്ഡൗൺ തുടങ്ങിയത്. ഏപ്രിൽ അവസാനത്തോടുകൂടി കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയെങ്കിലും ലൈവ് ക്ലാസുകൾ ഉണ്ടായിരുന്നില്ല. പകരം വിവിധ അസൈൻമെന്റ്സ്, പ്രോജക്ടുകൾ ഇവയായിരുന്നു. സെപ്റ്റംബറിൽ പുതിയ സ്കൂൾ വർഷം തുടങ്ങിയപ്പോൾ മുതൽ ‘ഇൻ പേഴ്സൺ അല്ലെങ്കിൽ ഓൺലൈൻ ഓപ്ഷൻ ഉണ്ടായിരുന്നു. കുട്ടികൾ ചെറിയ ക്ലാസിലായതു കൊണ്ട് ഞങ്ങൾ ഓൺലൈൻ തന്നെ തിരഞ്ഞെടുത്തു. 

ആദ്യ നാളുകൾ അനിശ്ചിതത്വത്തിന്റെയും അറിവില്ലായ്മയുടേതുമായിരുന്നു. പ്രത്യേകിച്ച് ഹോസ്പിറ്റൽ ജോലി ചെയ്യുന്ന ഞങ്ങൾക്ക് പിപിഇ ഷോർട്ടേജ്, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഗൈഡ്‌ലൈൻസ് ഒക്കെ ഒരുപാട് സ്ട്രെസ്ഫുൾ ആയിരുന്നു. ജോലി കഴിഞ്ഞു വീട്ടിൽ വന്നുകയറാനുള്ള ഭീതി വേറെയും. ചില നഴ്സ് സുഹൃത്തുക്കൾ വീടിനു പുറമേ റൂം വാടകയ്ക്കെടുത്തു താമസിച്ചപ്പോൾ രണ്ടുപേരും നഴ്സസ് ആയതുകൊണ്ട് ഞങ്ങൾക്ക് അത്തരം ഒരു സാധ്യതയുമില്ലായിരുന്നു. ഇതിനിടെ ചില സുഹൃത്തുക്കൾ രോഗബാധിതരായി. ചെറിയ കുഞ്ഞുങ്ങളും രോഗബാധിതരായ മാതാപിതാക്കളും ഒപ്പമുള്ളതുകൊണ്ട് എല്ലാത്തിലും എക്സ്ട്രാ കെയർ എടുക്കുന്നു. പ്രാർഥനയോടെയാണ് ഓരോ ദിവസവും മുന്നോട്ടുപോകുന്നത്. 

കുഞ്ഞുങ്ങളെ സംബന്ധിച്ചു പറഞ്ഞാൽ ആഘോഷങ്ങളില്ലാത്ത പിറന്നാളുകൾ, വീട്ടിനകത്തും ബാക് യാർഡിലും മാത്രമായി ഒതുങ്ങിയ വേനൽക്കാലം, കൂട്ടുകൂടാനോ കളിക്കാനോ പറ്റാത്ത അവസ്ഥ. ഔട്ടിങ്, ഷോപ്പിങ്, സമ്മർ ട്രിപ്പ്സ്, പാർക്ക് ഒന്നുമില്ല. പല തരത്തിലുള്ള ബോർഡ് ഗെയിംസ്, കാർഡുകൾ ഒക്കെ വാങ്ങിക്കൊടുത്ത് അവരെ സന്തോഷമാക്കി വക്കാൻ ശ്രമിച്ചു. കംപ്യൂട്ടറിനും ടിവിയ്ക്കും അഡിക്ട് ആയി പോകാതിരിക്കണമെങ്കിൽ അവർക്കൊപ്പം ഏറെ നേരം ചെലവഴിക്കണമെന്ന അവസ്ഥ വന്നു. ജോലിയും വീട്ടുജോലിയും ഒക്കെയായി ബാലൻസ് ചെയ്യാൻ ശരിക്കും ഇതിനിടയിൽ കഷ്ടപ്പെട്ടു. 

ഇപ്പോൾ കാനഡയിൽ മൂന്നാം തരംഗമാണ്. മൂന്നാഴ്ചയായി വീണ്ടും ലോക്ഡൗൺ ആണ്. എങ്കിലും അവശ്യസാധനങ്ങൾക്ക് ബുദ്ധിമുട്ടില്ല. വാക്സിനേഷൻ പുരോഗമിക്കുന്നു. അടുത്ത സെപ്റ്റംബറിൽ സ്കൂളിൽ പോകാൻ എന്റെ 4 വയസ്സുകാരൻ കാത്തിരിക്കുന്നു, പ്രതീക്ഷയോടെ... 

UAE-HEALTH-VIRUS

ആൽഫി മൈക്കിൾ, യുഎഇ

2020 ജനുവരി 29നാണ് യുഇയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. മിഡിൽ ഈസ്റ്റിൽ ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യവും യുഎഇ ആയിരുന്നു. പിന്നീട് ഒരു മാസം രാജ്യത്തിന് പുറത്തുനിന്ന് വരുന്നവർക്ക് മാത്രമേ കോവിഡ് സ്ഥിരീകരിച്ചുള്ളൂ. മാർച്ച് ആദ്യവാരം സ്കൂളുകൾ അടച്ചു. അപ്പോൾ മുതലാണ് ചെറിയ ഭയം തോന്നിത്തുടങ്ങിയത്. മാർച്ച് അവസാനം ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പൂർണമായും നിലച്ചതോടെ പ്രവാസികൾ ആശങ്കയിലായി. വിസിറ്റ് വീസയിൽ വന്നവരും ഗർഭിണികളും രോഗികളുമെലമലാം എപ്പോൾ നാട്ടിൽ പോകാൻ കഴിയുമെന്നറിയാതെ വിഷമത്തിലായി. 

ഏപ്രിലിൽ ഇന്ത്യൻ സ്കൂളുകൾക്ക് പുതിയ അധ്യയന വർഷം ആരംഭിച്ചു. പഠനം ഓൺലൈനിലേക്ക് മാറി. കുട്ടികൾ ഓടിക്കളിച്ചിരുന്ന സ്കൂളിന്റെ മുറ്റത്തുപോലും കുട്ടികളുമായി ചെല്ലരുതെന്ന മുന്നറിയിപ്പ് പലതവണ വന്നു. ഞങ്ങൾ താമസിക്കുന്ന ഷാർജയിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയില്ല എങ്കിലും രാത്രി 9 മുതൽ രാവിലെ 6 വരെ യാത്രാ നിരോധനവും സ്റ്റെറിലൈസേഷൻ പ്രക്രിയയും നടന്നിരുന്നു. രാത്രി 9ന് മൊബൈലിൽ വരുന്ന ഷാർജ പൊലീസിന്റെ മുന്നറിയിപ്പുകൾ കുഞ്ഞുങ്ങളെ ആദ്യം ഭയപ്പെടുത്തിയെങ്കിലും പിന്നീട് കാര്യങ്ങൾ അവർ മനസ്സിലാക്കിത്തുടങ്ങി. കോവിഡ് മുൻകരുതൽ ക്ലാസുകളും കുട്ടികൾക്ക് നൽകി. ഓൺലൈനിൽ കൂട്ടുകരെയും ടീച്ചർമാരെയും കാണുന്നതും ഡാൻസ്, പാട്ട് മത്സരങ്ങൾ, വെർച്വൽ ടൂർ ഇവ കുട്ടികളുടെ മാനസികാരോഗ്യത്തെ ഏറെ സഹായിച്ചു.

സാമൂഹിക അകലം പാലിച്ചുകൊണ്ട് എങ്ങനെ മറ്റുള്ളവരെ ചേർത്തുപിടിക്കാം എന്നതിന് മാതൃകയായി യുഎഇയിലെ മലയാളി സംഘടനകൾ. ടെസ്റ്റു ചെയ്യാനും ഭക്ഷണം എത്തിക്കാനും എല്ലാം ഏറെ സഹായങ്ങൾ എത്തിച്ചു. ഗവൺമെന്റിന്റെ സൗജന്യ പരിശോധനയും സൗജന്യ ചികിത്സയും ഇരുന്നൂറിൽപ്പരം രാജ്യങ്ങളിൽ നിന്ന് ഇവിടെയെത്തി ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമായി. 2020 പകുതി കഴിഞ്ഞപ്പോഴേയ്ക്ക് യുഎഇ തിരിച്ചുവരവിന്റെ പാതയിലായി. മാസ്ക്, സാമൂഹിക അകലം ഇവയിൽ ഇപ്പോഴും വിട്ടുവീഴ്ചയില്ല. പഠനം ഓൺലൈനിൽ തന്നെ. പ്രവാസികളേറെയും സൗജന്യ വാക്സിനേഷൻ പ്രയോജനപ്പെടുത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കോൺഗ്രസിന് വേണ്ടത് പുതിയ പ്രവർത്തന രീതി: സി.ആർ മഹേഷ് എം.എൽ.എ

MORE VIDEOS
FROM ONMANORAMA