ADVERTISEMENT

ലണ്ടൻ∙  ബ്രിട്ടനിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റുകൾ പുന:രാരംഭിക്കാൻ തീരുമാനമായതോടെ ഇന്ത്യൻ നഴ്സുമാരെ അതിവേഗം ബ്രിട്ടനിലെത്തിക്കാൻ വിവിധ ട്രസ്റ്റുകൾ നടപടി തുടങ്ങി.  റിക്രൂട്ട്മെന്റ് നടപടികൾ ഉടനടി പുന:രാരംഭിക്കാമെന്നു കഴിഞ്ഞ വെള്ളിയാഴ്ചയാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് ഏജൻസികൾക്ക് നർദേശം നൽകിയത്.  ഇതോടെ അവസാന നിമിഷം മുടങ്ങിപ്പോയ പലരുടെയും യാത്രകൾ ആഴ്ചകൾക്കുള്ളിൽ സാധ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണു വിവിധ ഏജൻസികൾ. 

 

ഇതിനിടെ വിവിധ ട്രസ്റ്റുകൾ കൂടുതൽ ഒഴിവുകളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ഏജൻസികൾക്ക് കരാറും നൽകി. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റ് എൻഎച്ച്എസ്. ട്രസ്റ്റിനു കീഴിലുള്ള അഞ്ച് ആശുപത്രികളിലേക്ക് നിരവധി നഴ്സുമാർക്കാണ് അവസരം തുറന്നിരിക്കുന്നത്. മാഞ്ചസ്റ്റർ റോയൽ ഇൻഫേമറി ഹോസ്പിറ്റൽ, വിഥിൻഷോ ഹോസ്പിറ്റൽ, റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റൽ, മാഞ്ചസ്റ്റർ റോയൽ ഐ ഹോസ്പിറ്റൽ, നോർത്ത് മാഞ്ചസ്റ്റർ ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്കാണ് ഉടൻ റിക്രൂട്ട്മെന്റ്  ആരംഭിക്കുന്നത്. ജനറൽ വാർഡ്, ഗൈനക്കോളജി ആൻഡ് തിയറ്റർ, ഐസിയു, എന്നീ ഡിപ്പാർട്ടുമെന്റുകളിലേക്കാണ് ഇവിടങ്ങളിൽ നഴ്സുമാരെ ആവശ്യമുള്ളത്. ഈ ഒഴിവുകളിലേക്ക് ‘’നഴ്സിങ് ജോബ്സ് യുകെ’’ വഴി അപേക്ഷിക്കാം. (www.nursingjobsuk.co.uk)  ജൂൺ 23 മുതൽ ജൂലൈ 30 വരെ വിവിധ ദിവസങ്ങളിലാണ് ഇന്റർവ്യൂ. 

 

ഇതിനു പുറമേ ലണ്ടൻ റോയൽ ഫ്രീ ഹോസ്പിറ്റൽ, ലസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ഡറം ആൻഡ് ഡാർലിംങ്ടൺ കൌണ്ടി ഹോസ്പിറ്റൽ, നോട്ടിംങ്ങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ബ്രൈറ്റൺ ഹോസ്പിറ്റൽ, ലണ്ടൻ ഇംപീരിയൽ കോളജ്, ലണ്ടൻ കിംങ്സ് കോളജ്, നോർത്തേൺ അയർലൻഡിലെ എച്ച്എസ്‌സി ട്രസ്റ്റ് എന്നിവിടങ്ങളിലേക്കും വിവിധ ഏജൻസികൾ റിക്രൂട്ട്മെന്റ് നടപടികൾ പുനരാരംഭിച്ചിട്ടുണ്ട്. 

 

റിക്രൂട്ട്മെന്റ് വിലക്ക് നീങ്ങിയെങ്കിലും ഇപ്പോഴും ഇന്ത്യ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലായതിനാൽ ബ്രിട്ടനിലേക്കുള്ള വരവ് മുൻകാലങ്ങളിലേപ്പോലെ അത്ര സുഗമമാവില്ല. വരുന്നവർ നിർബന്ധമായും 1750 പൗണ്ട് മുൻകൂറായി അടച്ച് ഹോട്ടൽ ക്വാറന്റീനു വിധേയരാകണം. പത്തുദിവസത്തെ ക്വാറന്റീനിടെ രണ്ടുവട്ടം പിസിആർ. ടെസ്റ്റും സ്വന്തം ചെലവിൽ നടത്തണം. ഈ തുക നൽകി നഴ്സുമാരെ എത്തിക്കാൻ മിക്കവാറും എല്ലാ ട്രസ്റ്റുകളും തയാറായിട്ടുണ്ട്. ട്രസ്റ്റുകൾക്ക് സ്വന്തം നിലയിൽ നഴ്സുമാർക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കാൻ എൻഎച്ച്എസ് ഇംഗ്ലണ്ട് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇതിനുള്ള നടപടിക്രമങ്ങൾ എളുപ്പമല്ലാത്തതിനാൽ ആരുതന്നെ അതിനു മുതിരുന്നില്ല. പകരം പണം മുടക്കി ഹോട്ടൽ ക്വാറന്റീൻ ഒരുക്കാനാണ് മിക്കവാറും ട്രസ്റ്റുകളും തയാറായിട്ടുള്ളത്. 

 

ഇന്ത്യയുടെ ആരോഗ്യമേഖല അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ അവിടെ നിന്ന് ആരോഗ്യമേഖലയിലെ പ്രഫഷണലുകളെ, പ്രത്യേകിച്ചു നഴ്സുമാരെ വിദേശത്തേക്കു റിക്രൂട്ട്ചെയ്തു കൊണ്ടുപോരുന്നതു ധാർമികമായി ശരിയല്ലാത്തതിനാലാണു സ്ഥിതിഗതികൾ മെച്ചമാകുന്നതുവരെ തൽകാലത്തേക്ക് റിക്രൂട്ട്മെന്റ് നടപടികൾ മരവിപ്പിക്കാൻ ഏപ്രിൽ അവസാനവാരം ബ്രിട്ടീഷ് ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ഇപ്പോൾ ഇന്ത്യയിലെ സ്ഥിതിഗതികൾ മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് വീണ്ടും റിക്രൂട്ട്മെന്റ് നടപടികൾ പുനരാരംഭിക്കാൻ തീരുമാനം ഉണ്ടായത്. 

 

ഫിലിപ്പീൻസിൽനിന്നും റിക്രൂട്ട്ചെയ്യാൻ അനുമതി ലഭിച്ചിരുന്ന 5000 നഴ്സുമാരുടെ പരിധി അവസാനിച്ചതും ഇന്ത്യൻ നഴ്സുമാർക്കായി വീണ്ടും വാതിൽ തുറക്കാൻ ബ്രിട്ടനു പ്രേരണയായി.  

English Summary: NHS to bring Indian Nurses to UK soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com