ADVERTISEMENT

മാഞ്ചസ്റ്റർ∙ യുകെയിലെ മലയാറ്റൂർ എന്നു പ്രശസ്‌തമായ മാഞ്ചസ്റ്ററിൽ  ദുക്റാന തിരുനാൾ ആഘോഷങ്ങൾക്കു ഭക്തി നിർഭരമായ തുടക്കം.

ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ  ഫാ.മൈക്കിൾ ഗാനൻ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നിർവഹിച്ചതോടെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്കു തുടക്കമായി.കോവിഡ് മാനദണ്ഡങ്ങൾ  പൂർണമായും പാലിച്ചുനടക്കുന്ന തിരുനാൾ ആഘോഷങ്ങളിൽ ഇന്നലെയും ഒട്ടേറെ വിശ്വാസികൾ പങ്കാളികളായി. വൈകിട്ട് നാലിനു ഗിൽഡ് റൂമിൽ നിന്നും  പ്രസുദേന്തിമാരും വൈദീകരും പ്രദക്ഷിണമായി എത്തിയതിനെ തുടർന്ന് മാഞ്ചസ്റ്റർ മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ ഏവരെയും തിരുന്നാൾ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്തു.പ്രാർഥനാ ശുശ്രൂഷകളെ  തുടർന്ന്  ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ  ഫാ.മൈക്കിൾ ഗാനൻ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നിർവഹിച്ചു.ഇതേ തുടർന്ന് പ്രസുദേന്തി വാഴ്ചയും,ദിവ്യബലിയും,വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും നടന്നു.ഫാ. മൈക്കിൾ ഗാനൻ ദിവ്യബലിയിൽ മുഖ്യ കാർമ്മികൻ ആയപ്പോൾ,സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.നിക്ക് കെൺ,മിഷൻ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ സഹകാർമികരായി.

തിരുനാളിന് ഒരുക്കമായി ശനിയാഴ്ച ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തിൽ  നടന്ന ചെയിൻ പ്രയറുകളും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മിഷൻ ചെയർപേഴ്സൺ സിസ്റ്റർ ആൻ മരിയ എസ്.എച്ച് നേതൃത്വം നൽകിയ  ആത്മീയ ഒരുക്ക പ്രഭാഷണവും  ഭക്തി നിർഭരമായി നടന്നു.മാഞ്ചസ്റ്റർ മിഷനിലെ ഒട്ടേറെ കുടുംബങ്ങൾ സൂമിലൂടെ പ്രാർഥനാ ശുശ്രൂഷകളിൽ പങ്കാളികളായി.

ഇന്നു വൈകിട്ട് 5.30 ന്  നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും നിയുക്ത ഹോളിഫാമിലി മിഷൻ ഡയറക്‌ടർ ഫാ.വിൻസെന്റ്‌ ചിറ്റിലപ്പള്ളി നേതൃത്വം നൽകും. 

29 നു ചൊവ്വാഴ്ച വൈകിട്ട് 6 ന് സിറോ മലങ്കര ക്രമത്തിൽ നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും മാഞ്ചസ്റ്റർ സിറോ മലങ്കര ചാപ്ലിൻ ഫാ.രഞ്ജിത് മഠത്തിറമ്പിൽ  കാർമ്മികത്വം വഹിക്കും. 30നു ബുധനാഴ്ച വൈകിട്ട് ആറിനു നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ.സജി മലയിൽ പുത്തൻപുര മുഖ്യ കാർമ്മികനാകും.

ജൂലൈ 1 വ്യാഴാഴ്ച വൈകിട്ട് ആറിന് ദിവ്യബലിക്കും നൊവേനക്കും പ്രിസ്റ്റൺ സെന്റ് അൽഫോൻസാ കത്തിഡ്രൽ വികാരി ഫാ.ബാബു പുത്തൻപുരക്കൽ മുഖ്യ കാർമ്മികനാകും. ജൂലൈ 2നു വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ.ആന്റണി ചുണ്ടലിക്കാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും.

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ 3 ശനിയാഴ്ച  രാവിലെ 10ന് തിരുനാൾ തിരുക്കർമ്മങ്ങൾക്കു തുടക്കമാകും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ.ജോസഫ് ശ്രാമ്പിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കർമ്മികൻ  ആകുമ്പോൾ, ഒട്ടേറെ വൈദികർ സഹ കാർമ്മികരാകും.ദിവ്യബലി  മധ്യേ മാഞ്ചസ്റ്റർ മിഷനിലെ പതിനൊന്നു കുട്ടികൾ ആദ്യമായി ഈശോയെ സ്വീകരിക്കുമ്പോൾ അത് തിരുന്നാൾ ആഘോഷങ്ങൾക്ക് നിറവേകും .ഇതേതുടർന്ന് മറ്റു തിരുന്നാൾ തിരുകർമ്മങ്ങളും, ലദീഞ്ഞും,വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.

കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ ഇക്കുറി തിരുന്നാൾ പ്രദക്ഷിണവും, മറ്റു കലാപരിപാടികളും ഒഴിവാക്കിയിരിക്കുകയാണ്.

സാമൂഹിക അകലം പൂർണമായും പാലിക്കുന്നതിനാൽ മുഴുവൻ ആളുകളെയും പള്ളിയിൽ ഉൾക്കൊള്ളുവാൻ സാധിക്കാത്തതിനാൽ മാഞ്ചസ്റ്റർ മിഷൻറെ ഫേസ്ബുക്ക് പേജിലൂടെയും,സെൻറ് ആന്റണീസ് പള്ളിയുടെ വെബ്‌സയിറ്റിലൂടെയും വിശ്വാസികൾ തിരുന്നാൾ ആഘോഷങ്ങളിൽ പങ്കാളികളാവണമെന്ന് മിഷൻ ഡയറക്‌ടർ  ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.

ജൂലൈ നാലാം തിയതി ഞാറാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന താങ്ക്സ് ഗിവിങ് മാസ്സിൽ  ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമ്മികനാവും.ഇതേത്തുർന്നാവും തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.

ഭാരത അപ്പസ്തോലൻ മാർ തോമാശ്ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോസായുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾ ആണ് നടന്നു വരുന്നത്. തിരുന്നാൾ ആഘോഷങ്ങളുടെ  വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ,കൈക്കാരന്മാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിസ്മോൻ ജോർജ്, ജോജി ജോസഫ് , ജോസ് വരിക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. 

യുകെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങ്ൾക്കു തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു. അന്നുമുതൽ എല്ലാ വർഷങ്ങളിലും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിൽ ആണു മാഞ്ചസ്റ്റർ ദുക്രാനത്തിരുന്നാൽ അത്യാഘോഷപൂർവം കൊണ്ടാടി വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com