ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മനിയുടെ വിവിധ ഭാഗങ്ങളിലും കൊടുങ്കാറ്റും പേമാരിയും കനത്ത നാശം വിതച്ചു. രക്ഷാ പ്രവര്‍ത്തനത്തിനിടെ രണ്ടു അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പടെ 58 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 100 ലധികം ആളുകളെ കാണാതായിട്ടുണ്ട്. പടിഞ്ഞാറന്‍ ജര്‍മനിയിലാണ് ഏറ്റവും അധികം നാശം ഉണ്ടായിരിയ്ക്കുന്നത്. ഐഫല്‍ മേഖലയിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചത്. കൊളോണില്‍ 72 വയസുള്ള ഒരു സ്ത്രീയും 54 വയസുള്ള പുരുഷനും വെള്ളംകയറി വീടിന്റെ നിലവറകളില്‍ വെച്ചാണ് മരിച്ചത്.

വേനല്‍ക്കാലമായിട്ടും പതിവിനു വിപരീതമായി 24 മണിക്കൂര്‍ നീണ്ടു നിന്ന മഴ ജര്‍മനിയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സമൃദ്ധമായിരുന്നു. സാക്സണി, തുരിഗന്‍, നോര്‍ത്ത് റൈന്‍ വെസ്ററ്ഫാലിയ, ബവേറിയ എന്നീ സ്റേററ്റുകളെയാണ് പ്രകൃതിക്ഷോഭം കൂടുതല്‍ ബാധിച്ചത്. പല പ്രദേശങ്ങളിലും വന്‍മരങ്ങള്‍ കടപുഴകി വീണു.100 ലധികം വീടുകള്‍ തകര്‍ന്നു വീണു. ജനജീവിതം ആകപ്പാടെ താറുമാറായി. വെള്ളപ്പൊക്കത്തില്‍പ്പെട്ട് കാറുകള്‍ ഒഴുകിപ്പോവുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 

germany-rain1

വെള്ളപ്പൊക്കത്തില്‍ അനേകംപേര്‍ വീടുകളുടെ മേല്‍ക്കൂരയില്‍ കുടുങ്ങിയിട്ടുണ്ട്. പടിഞ്ഞാറന്‍ പ്രവിശ്യയായ ഒയ്സ്്കിര്‍ഷെനില്‍ മാത്രം 15 പേര്‍ മരിച്ചു. കോബ്ളെന്‍സ് നഗരത്തില്‍ നാല് പേര്‍ മരിച്ചു. റൈന്‍ സീഗ് മേഖലയിലെ സ്റെറയിന്‍ബാഹല്‍ ഡാം തകരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ബുധനാഴ്ച രാവിലെ മാത്രം ഡ്യുസല്‍ഡോര്‍ഫില്‍ ഫയര്‍ഫൈറ്റിങ് വിഭാഗത്തിന് 1000 സഹായാഭ്യര്‍ഥനകളാണ് ലഭിച്ചത്. പല വീടുകളുടെയും ബേസ്മെന്റുകളും ഭൂഗര്‍ഭ ഗാരേജുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം താറുമാറായി.

കാറുകളില്‍ പോകുന്ന വഴി വെള്ളത്താല്‍ ചുറ്റപ്പെട്ട് കുടുങ്ങിപ്പോയ നിരവധി പേരെ രക്ഷപെടുത്തി. ഹൈവേ അടക്കം പല റോഡ് ശൃംഖലകളിലും ട്രെയിന്‍, ബസ് ഗതാഗതവും നിലച്ചിരിക്കുകയാണ്. സേലന്‍ഡോര്‍ഫില്‍ 600 പേര്‍ ഒറ്റപ്പെട്ടിരിയ്ക്കയാണ്. ഹെലികോപ്റ്റർ മുഖേനയുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. രണ്ടു ദിവസമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും മധ്യ ജര്‍മനിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

 

germany-rain3

കൊളോണിന്റെ ഹൃദയഭാഗത്തുകൂടി ഒഴുക്കുന്ന റൈന്‍ നദിയും, ഡ്യൂസല്‍ഡോഫ് നഗരത്തെ ആകര്‍ഷണമാക്കുന്ന ഡ്യൂസ് നദിയും. ഐഫല്‍, ട്രിയര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മോസല്‍ നദിയും, ആര്‍ നദിയും, മെയിന്‍സിലെ റൈന്‍ അം മൈയിനും കവിഞ്ഞൊഴുകുകയാണ്. റോഡും നദിയും അരുവികളും, ചെറുതോടുകളും എല്ലാം ഇപ്പോള്‍ ഒരുപോലെ ജലനിബിഢമാണ്. ഇതെത്തുടര്‍ന്ന് നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാലിയയില്‍ പല പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലെയും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ഉയരുന്ന വെള്ളത്തില്‍ നിരവധി വീടുകള്‍ ഇടിഞ്ഞുവീഴുകയാണ്.ചിലയിടങ്ങളില്‍ കുടിവെള്ളളംവരെ നിലച്ചതായി റിപ്പോര്‍ട്ടുണ്ട്.

കാണാതായ പ്രിയപ്പെട്ടവരെ കണ്ടെത്തുന്നതിനായി പൊലീസ് എല്ലായിടത്തും ഹോട്ട്ലൈന്‍ സര്‍വീസ് സജ്ജമാക്കിയിട്ടുണ്ട്, ഒപ്പം തിരയലില്‍ സഹായിക്കാനാകുന്ന വിഡിയോകളും ഫോട്ടോകളും അയയ്ക്കാന്‍ ആളുകളോണ് ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകളുടെയും കെട്ടിടസമുച്ചയങ്ങളുടെയും നിലവറകള്‍ മുങ്ങിയ സാഹചര്യത്തില്‍ കുടുങ്ങിപ്പോയ ആളുകളെ രക്ഷപെടുത്താന്‍ ഹെലികോപ്റ്ററുകളില്‍ രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്. 100 ലധികം വീടുകളുടെ മേല്‍ക്കൂരയില്‍ കയറിയാണ് താമസക്കാരെ രക്ഷപെടുത്തിയത്.

കനത്ത മഴയില്‍ മണ്ണിടിച്ചിലും ചേറും മൂലം കുത്തൊഴുക്കാണ് താഴ്ന്ന മേഖലകളില്‍ ദുരന്തമുണ്ടാക്കിയത്. വെള്ളം കൂടുതലായി കയറാതിരിക്കാന്‍ അഗ്നിശമന സേനയും ടെക്നിക്കല്‍ റിലീഫ് ഓര്‍ഗനൈസേഷനും മെയിന്‍സ് അഗ്നിശമന സേനയും നൂറുകണക്കിന് സാന്‍ഡ്ബാഗുകള്‍ നിറച്ചു. ആറ് ട്രക്കുകളാണ് ഇവയെ ജില്ലയിലേക്ക് കൊണ്ടുവന്നത്.

റൈന്‍ലാന്‍ഡ് ഫാല്‍സില്‍ ഒരു ചതുരശ്ര മീറ്ററിന് 148 ലിറ്റര്‍ വരെ മഴ പെയ്തു. ചെറിയ അരുവികള്‍ പ്രവചനാതീതമായ വെള്ളപ്പൊക്കമായി മാറിയിരിക്കുന്നു. അഹ്വീലര്‍, ബിറ്റ്ബര്‍ഗ്പ്രീം, വള്‍ക്കനിഫെല്‍, ട്രയര്‍സാര്‍ബര്‍ഗ് എന്നീ ജില്ലകളാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. പടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ കുറഞ്ഞത് 200,000 ആളുകള്‍ വൈദ്യുതിയില്ലാതെ കഴിയുകയാണ്. പ്രത്യേകിച്ചും ഗ്രാമീണ മേഖലകളായ ഐഫലില്‍. വെള്ളപ്പൊക്കത്തില്‍ സ്ഥലങ്ങള്‍, റോഡുകള്‍ എല്ലാംതന്നെ തകര്‍ന്നു. ഇനിയും വീടുകള്‍, മറ്റ് പല കെട്ടിടങ്ങളിലും തകര്‍ന്ന് വീഴാനുള്ള സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്. കാണാതായ ഡസന്‍ കണക്കിന് ആളുകള്‍ നിര്‍ഭാഗ്യവശാല്‍ മരിച്ചുപോയേക്കുമെന്നും സൂചനയുണ്ട്. എങ്കിലും തെരച്ചില്‍ തുടരുകയാണ്.

ജൂലൈ മധ്യത്തിലെ കടുത്ത കാലാവസ്ഥവ്യതിയാനത്തിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മില്യന്‍ യറോയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. മിക്കയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി. ജലപ്രവാഹത്തെത്തുടര്‍ന്ന് 76 ജീവനക്കാരുള്ള ഒരു റിട്ടയര്‍മെന്റ് ഹോം ഒഴിപ്പിച്ചു. ചേറില്‍ അകപ്പെട്ട ഒരാളെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തി. വെള്ളത്തില്‍ കുടുങ്ങിയ 200 ഓളം ഡ്രൈവര്‍മാരെ അവരുടെ കാറുകളില്‍ നിന്ന് മോചിപ്പിച്ചു. ഹാഗന്‍ നഗരത്തില്‍ വൈദ്യുതി ഭാഗികമായി നിര്‍ത്തലാക്കി. ഇവിടെ ഒരു വൃദ്ധസദനം പൂര്‍ണ്ണമായും ഒഴിപ്പിച്ചു. മലയാളികളുടെ വീട്ടിലും നിലവറയിലും വെള്ളം കയറിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഫ്രാങ്ക്ഫര്‍ട്ടില്‍ മാത്രം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു ചതുരശ്ര മീറ്ററിന് 45 ലിറ്റര്‍ വരെ മഴ പെയ്ത് ഭൂഗര്‍ഭ അടിത്തറകളിലേക്കും ഗാരേജുകളിലേക്കും വെള്ളപ്പൊക്ക ഭീഷണിയിലേക്കും പാതകളിലേക്കും നയിച്ചു.

germany-rain4

നോര്‍ത്ത് റൈന്‍വെസ്റ്റഫാലിയ, റൈന്‍ലാന്‍ഡ്പാലറ്റിനേറ്റ് എന്നിവിടങ്ങളില്‍ കുറഞ്ഞത് 200,000 പേര്‍ക്ക് വൈദ്യുതിയില്ലെന്ന് വൈദ്യുതി വിതരണ ശൃംഖല ഓപ്പറേറ്റര്‍ വെസ്റ്റനൈറ്റ്സ് അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍, വെള്ളം ഇരച്ചുകയറിയതിാല്‍ ട്രാന്‍സ്ഫോര്‍മര്‍ സ്റേറഷനുകള്‍ ഓഫ് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. മിക്ക സംസ്ഥാനങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയും, ദുരന്തമുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാലുപേര്‍ ഷുള്‍ഡ് മുനിസിപ്പാലിറ്റിയില്‍ നിരവധി വീടുകള്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതായി റൈന്‍ലാന്‍ഡ്ഫാല്‍സ് സംസ്ഥാനത്തിലെ കോബ്ളെന്‍സ് നഗരത്തിലെ പൊലീസ് വക്താവ് അറിയിച്ചു. വെള്ളപ്പെക്കവും അതേതുടര്‍ന്നുള്ള ദുരന്തവും നേരിട്ടു മനസിലാക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ അതുതു പ്രദേശങ്ങളില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

മിക്കയിടങ്ങളിലും വൈദ്യുതി പ്രവാഹം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കാറുകളും മറ്റു വാഹനഹബ്ബുളും ശക്തമായ ഒഴുക്കില്‍പ്പെട്ട് ഒലിച്ചുപോയി. വെള്ളപ്പൊക്കമുണ്ടായതിനാല്‍ അടച്ചുപൂട്ടേണ്ടിവന്നതിനാല്‍ 1,90,000 വീടുകളില്‍ വൈദ്യുതി ഇല്ലെന്ന് ഗ്രിഡ് ഓപ്പറേറ്റര്‍ വെസ്ററ്നെറ്റ്സിന്റെ വക്താവ് റിപ്പോര്‍ട്ട് ചെയ്തു. ബെര്‍ഗിഷെസ് ലാന്‍ഡിനെയും ഈഫല്‍ മേഖലയെയുമാണ് ഇത് പ്രത്യേകമായി ബാധിച്ചത്. ട്രെയിനുകളും മറ്റ് ഗതാഗതങ്ങളും റദ്ദാക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്തതിനാല്‍ കാലാവസ്ഥാ വ്യതിയാനം സഞ്ചാരത്തെയും ചരക്കുനീക്കത്തെയും സാരമായി ബാധിച്ചു.

യാത്രകള്‍ മാറ്റിവയ്ക്കാന്‍ ജര്‍മന്‍ റെയില്‍വേ യാത്രക്കാരോട് ആവശ്യപ്പെട്ടു. നിരവധി പ്രാദേശിക ട്രെയിനുകളും പ്രവര്‍ത്തിക്കുന്നില്ല ദുരിതബാധിത പ്രദേശങ്ങളില്‍ ഹൈവേകളിലും തടസ്സമുണ്ട്. മിക്ക പ്രദേശങ്ങളിലും മൂന്നര മുതല്‍ ആറു മീറ്റര്‍വരെ ഉയരത്തില്‍ വെള്ളം പൊങ്ങിയിട്ടുണ്ട്.

കടുത്ത മഴയും കൊടുങ്കാറ്റും ഈ ആഴ്ച ജര്‍മ്മനിയെ ബാധിക്കുമെന്ന് നേരത്തെ കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിരുന്നു. രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്ക സാധ്യത പ്രാദേശികമായി വളരുകയാണന്ന് ജര്‍മ്മന്‍ കലാവസ്ഥാ സര്‍വീസ് അറിയിച്ചു. കഴിഞ്ഞ 200 വര്‍ഷത്തിനിടെയാണ് കനത്ത മഴ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ജര്‍മ്മന്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ടനുസരിച്ച് ഓള്‍ഗുവില്‍ ഒരു ചതുരശ്ര മീറ്ററിന് 80 ലിറ്റര്‍ വരെ മഴ 24 മണിക്കൂറിനുള്ളില്‍ പെയ്തു. തെക്കുപടിഞ്ഞാറന്‍, മധ്യ, കിഴക്ന്‍ താഴ്ന്ന പര്‍വതനിരയിലും ബവേറിയന്‍ വനത്തിലും പകല്‍ സമയത്ത് ശക്തമായ ഇടിമിന്നല്‍ വീണ്ടും ഉണ്ടായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ 20 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ കനത്ത മഴ പ്രതീക്ഷിക്കുന്നു. ചിലപ്പോള്‍ മണിക്കൂറുകളോളം മഴ പെയ്യാം, മഴ 35 ചതുരശ്ര മീറ്റര്‍ വരെ വര്‍ദ്ധിക്കുന്നു. കൂടാതെ, ചെറിയ ധാന്യ ആലിപ്പഴവും, ഹാഗല്‍ കൊടുങ്കാറ്റും എന്നിവയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

germany-rain2

മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കളെ ആശ്വസിപ്പിച്ചുകൊണ്ട് ചാന്‍സലര്‍ മെര്‍ക്കല്‍ അനുശോചനം അറിയിച്ചു. അപ്രതീക്ഷിത ദുരന്തത്തില്‍ ഞെട്ടിപ്പോയി, വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ നിരവധി ആളുകള്‍ കഷ്ടപ്പെടേണ്ടി വരുന്നതായും സര്‍ക്കാര്‍ വക്താവ് സ്ററീഫന്‍ സൈബര്‍ട്ടിന്റെ ട്വീറ്റില്‍ മെര്‍ക്കല്‍ പറഞ്ഞു. കാണാതായവരുടെയും ബന്ധുക്കളുടെയും അനുശോചനം അറിയിക്കുന്നു. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നിരവധി അശ്രാന്ത സഹായികള്‍ക്കും അടിയന്തിര സേവനങ്ങള്‍ക്കും നന്ദി പറയുന്നതായും ട്വീറ്റില്‍ കുറിച്ചു.

അയല്‍ രാജ്യങ്ങളായ സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലാന്‍സ്, ബല്‍ജിയം എന്നിവിടങ്ങളിലും സമാനമായ സംഭവങ്ങളാണ് ഉണ്ടായിട്ടുണ്ട്. ബല്‍ജിയത്തെ ചൗഡ്ഫോണ്ടെയ്ന്‍ പട്ടണത്തില്‍ രണ്ടായിരത്തോളം പേരെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരായി.ബെല്‍ജിയത്ത് രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വെള്ളപ്പൊക്ക ദുരന്തനിവാരണത്തിനായി യൂറോപ്യന്‍ യൂണിയന്‍ സഹായം വാഗ്ദാനം ചെയ്തു. ജര്‍മ്മനി, ബെല്‍ജിയം, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക ദുരിതബാധിത സമൂഹങ്ങളുടെ സഹായത്തിനായി യൂറോപ്യന്‍ യൂണിയന്‍ സഹായഹസ്തം നീട്ടി. ഇക്കാര്യം ഇയു കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. യൂറോപ്യന്‍ സിവില്‍ പ്രൊട്ടക്ഷന്‍, ഡിസാസ്റ്റര്‍ പ്രൊട്ടക്ഷന്‍ വഴി രാജ്യങ്ങള്‍ക്ക് സഹായം അഭ്യർഥിക്കാമെന്നും ലെയന്‍ പറഞ്ഞു.

English Summary : Many Dead and missing In Germany, Belgium As Storms Lash Europe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com