ADVERTISEMENT

ലണ്ടൻ ∙ സാമൂഹിക അകലം ഒഴിവാക്കി, മാസ്ക് നിർബന്ധമല്ലാതാക്കി കോവിഡിനെതിരെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബ്രിട്ടനിലേക്ക് പോകരുതെന്ന് സ്വന്തം പൗരന്മാർക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. അതിവേഗം കോവിഡ് കേസുകൾ കുതിച്ചു കയറുന്ന ബ്രിട്ടനിൽ സർക്കാരിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം അവിവേകമാണെന്ന് വിമർശനം ഉയരുന്നതിനിടെയാണ് ഏറ്റവും അടുത്ത സുഹൃത് രാഷ്ട്രമായ അമേരിക്ക തന്നെ ബ്രിട്ടനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഉപദേശിക്കുന്നത്. ഒഴിവാക്കാനാകാത്ത യാത്രയാണെങ്കിൽ അതിനു മുമ്പ് രണ്ടുഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മുന്നറിയിപ്പുണ്ട്. ബ്രിട്ടനെ, അപകടനില ഏറ്റവും ഉയർന്ന ലെവൽ - ഫോർ രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയാണ് അമേരിക്കയുടെ കരുതൽ നടപടി.

ഡേറ്റാ കണക്കിലെടുക്കാതെ മുൻപ് പ്രഖ്യാപിച്ച ഡേറ്റിൽ മാത്രം ഉറച്ചുനിന്ന് കോവിഡിനെതിരെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ബോറിസ് സർക്കാർ പ്രതിപക്ഷത്തുനിന്നും ഉൾപ്പെടെ കനത്ത വിമർശനമാണ് നേരിടുന്നത്. സർക്കാർ പ്രഖ്യാപിച്ച പൊതു നയം അതേപടി പിന്തുടരാതെ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് തുടങ്ങിയ ഫെഡറൽ ഭരണകൂടങ്ങളും ലണ്ടൻ നഗരത്തിലേത് ഉൾപ്പെടെയുള്ള മേയർമാരും വ്യത്യസ്ത ഗൈഡ് ലൈനുകൾ തന്നെ പുറപ്പെടുവിച്ചു കഴിഞ്ഞു. വിവിധ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്ക് സ്വന്തമായ കരുതൽ നടപടികളുമായി രംഗത്തുണ്ട്. 

Covid-19 vaccination centre in north London. Photo by DANIEL LEAL-OLIVAS / AFP
Covid-19 vaccination centre in north London. Photo by DANIEL LEAL-OLIVAS / AFP

ഇതിനിടെ സർക്കാരിന്റെ തീരുമാനങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്തെത്തി. ‘ഇപ്പോൾ ഇത് ചെയ്തില്ലെങ്കിൽ പിന്നെ എപ്പോൾ’? എന്ന ചോദ്യമാണ് വിമർശനങ്ങളെ നേരിടാൻ അദ്ദേഹം ഉയർത്തുന്നത്. ഐസൊലേഷൻ ഊർജിതമാക്കി കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് കേസുകൾ കൂടുമ്പോൾ അനുവർത്തിക്കാവുന്ന രീതിയെന്ന് അദ്ദേഹം വിശദീകരിക്കുന്നു. 

ആളുകൾ ഒരുമിക്കുന്നിടത്ത് കുറഞ്ഞത് ഒരുമീറ്റർ സാമൂഹിക അകലം എന്ന നിയമം ഇനിമുതൽ ബ്രിട്ടനിലില്ല. ഫെയ്സ്മാസ്കും നിയമപരമായ ബാധ്യതയല്ല. എന്നാൽ കൂടുതൽപേർ ഒത്തുകൂടുന്ന സ്ഥലങ്ങളിലും പൊതു യാത്രാമാർഗങ്ങളിലും ഇൻഡോർ സ്പേസിലും സർക്കാർ ഇത് ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. നൈറ്റ് ക്ലബ്ബുകളും ബാറുകളുമെല്ലാം പൂർണമായും തുറന്നെങ്കിലും രണ്ടുഡോസ് വാക്സീനെടുത്തവർക്കു മാത്രമാകും ഇവിടങ്ങളിൽ പ്രവേശനം അനുവദിക്കുക. 

വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ മാസ്ക് ധരിച്ചു തെരുവിലൂടെ നടക്കുന്നവർ. ചിത്രം: Oli SCARFF / AFP
വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ മാസ്ക് ധരിച്ചു തെരുവിലൂടെ നടക്കുന്നവർ. ചിത്രം: Oli SCARFF / AFP

39,950 പുതിയ കോവിഡ് കേസുകളാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബ്രിട്ടനിൽ ഇന്നു റിപ്പോർട്ടു ചെയ്തിട്ടുള്ളത്. മരണം പത്തൊമ്പതും. 4,094 പേർ സ്വാതന്ത്ര്യ പ്രഖ്യാപനം ശ്രവിച്ചത് ആശുപത്രിയിൽ കിടന്നാണ്. പ്രധാനമന്ത്രി കോവിഡിനെതിരേ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതും അതിനെ ന്യായീകരിക്കുന്നതും സ്വന്തം വസതിയിൽ ഐസൊലേഷനിൽ ഇരുന്നാണ്. പ്രധാനമന്ത്രി മാത്രമല്ല, എല്ലാം തുറക്കുമ്പോൾ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദും ചാൻസിലർ ഋഷി സുനാക്കും ഐസൊലേഷനിൽ തന്നെ. പ്രധാനമന്ത്രിയും മുതിർന്ന മന്ത്രിമാരും പോലും ഐസൊലേഷനിലായിരിക്കെ മുൻ നിശ്ചയപ്രകാരം നടത്തിയ ഈ സ്വാതന്ത്ര്യ പ്രഖ്യാപനം സർക്കാരിന്റെ വീഴ്ചയായി വിലയിരുത്തുന്നവരാണ് മഹാ ഭൂരിപക്ഷം ജനങ്ങളും. 

English Summary: ‘Freedom Day’ in the UK as the country removes all the COVID restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com