ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടന്റെ യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽനിന്നും യാത്രാനുമതിയുള്ള ആംബർ ലിസ്റ്റിലേക്ക് ഇന്ത്യ മാറുമ്പോൾ ക്വാറന്റീൻ നിയമത്തിൽ വരുന്നത് ഒട്ടേറെ ഇളവുകളാണ്. ഈ മാസം എട്ടാം തിയതി ഞായറാഴ്ച പുലർച്ചെ നാലുമണി മുതലാണ് ഇന്ത്യയെ ആംബർ ലിസ്റ്റിലാക്കാനുള്ള തീരുമാനം പ്രാബല്യത്തിലാകുന്നത്. അതുവരെ ഹോട്ടൽ ക്വാറന്റീൻ ഉൾപ്പെടെയുള്ള നിലവിലെ റെഡ് ലിസ്റ്റ് നിയന്ത്രണങ്ങൾ തുടരും.   . 

ആംബർ ലിസ്റ്റിലാക്കാനുള്ള തീരുമാനം നടപ്പിലാകുന്ന ഞായറാഴ്ച പുലർച്ചെ മുതൽ ഇന്ത്യയിലേക്കും തിരിച്ചും യാത്രാനുമതിയുണ്ടെങ്കിലും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന നിർദേശം നിലനിൽക്കും. ഇന്ത്യ ഗ്രീൻ ലിസ്റ്റിലായാലേ യഥേഷ്ടം ഇരുഭാഗത്തേക്കും യാത്രചെയ്യാനുള്ള അനുമതിയാകൂ. എങ്കിലും അത്യാവശ്യ കാര്യങ്ങൾക്കായി നാട്ടിൽപോകാൻ കാത്തിരിക്കുന്നവർക്ക് ആംബർ ലിസ്റ്റിലേക്കുള്ള ഇപ്പോഴത്തെ മാറ്റം വലിയതോതിൽ ഗുണപ്രദമാകും. റെഡ് ലിസ്റ്റിലാകുന്നതിനു മുമ്പേ നാട്ടിൽപോയി കുടുങ്ങിപോയവർക്ക് ഹോട്ടൽ ക്വാറന്റീനില്ലാതെ തിരികെയെത്താനും പുതിയ തീരുമാനം  സഹായിക്കും. 

ഇന്ത്യ, ബഹ്റൈൻ, ഖത്തർ, യുഎഇ, ഫ്രാൻസ് എന്നീ രാജ്യങ്ങളെയാണ് ഇന്നലെ റെഡ് ലിസ്റ്റിൽനിന്നും ആംബർ ലിസ്റ്റിലാക്കിയത്. ഓസ്ട്രിയ, ജർമനി, സ്ലോവേനിയ, സ്ലോവാക്കിയ, ലാത്വിയ, റൊമേനിയ, നോർവേ എന്നീ രാജ്യങ്ങളെ യാത്രാനിയന്ത്രണങ്ങളില്ലാത്ത ഗ്രീൻ ലിസ്റ്റിലുമാക്കി. ജോർജിയ, മെക്സിക്കോ, ലാ റീ-യൂണിയൻ, മയോട്ട എന്നീ രാജ്യങ്ങളെ പുതുതായി റെഡ് ലിസ്റ്റിലും ഉൾപ്പെടുത്തി. 

യുഎഇ, ഖത്തർ, ബഹ്റൈൻ എന്നീ മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ ആംബർ ലിസ്റ്റിലാക്കിയതോടെ എമിറേറ്റ്സ്, എത്തിഹാദ്, ഖത്തർ എയർവേസ്, ഗൾഫ് എയർ തുടങ്ങിയ വിമാനക്കമ്പനികൾ ബ്രിട്ടണിൽനിന്നും കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കും. ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള യാത്രക്ക് ഇത് കൂടുതൽ സഹായകമാകും. നിലവിൽ ആഴ്ചയിൽ 15 സർവീസുകൾ മാത്രം നടത്തുന്ന എയർ ഇന്ത്യയും പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ കുടുതൽ സർവീസുകൾ ആരംഭിക്കും. 

ആംബർ ലിസ്റ്റിലെ ക്വാറന്റീൻ നിയന്ത്രണങ്ങൾ രണ്ടുവിധത്തിലാണ്. ബ്രിട്ടൻ, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽനിന്നും രണ്ടു ഡോസ് വാക്സീൻ എടുത്തവർക്കും 18 വയസിൽ താഴെയുള്ളവർക്കും ക്വാറന്റീൻ ആവശ്യമേയില്ല. ഇവർക്ക് എട്ടാം ദിവസത്തെ ആർടിപിസിആർ ടെസ്റ്റും നടത്തേണ്ടതില്ല.  

മറ്റുരാജ്യങ്ങളിൽനിന്നും വരുന്നവർ യുകെ അപ്രൂവ്ഡ് വാക്സീൻ ട്രയിലന്റെ ഭാഗമായുള്ള വാക്സീനാണ് എടുത്തിട്ടുള്ളതെങ്കിൽ അവരും ക്വാറന്റീൻ വേണ്ടാത്തവരുടെ പട്ടികയിലാകും. എന്നാൽ ഇവർ യാത്രയ്ക്കു 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് വാക്സീൻ എടുത്തിരിക്കണം. ഇവർക്ക് രണ്ടാം ദിവസത്തെ ടെസ്റ്റിൽനിന്നും ഒഴിവുണ്ടാകില്ല. 

വാക്സീൻ എടുക്കാത്തവർക്കും ഒരു ഡോസ് വാക്സീൻ മാത്രമെടുത്തവർക്കും ക്വാറന്റീൻ നിയമം വ്യത്യസ്തമാണ്. ഇവർ പത്തുദിവസത്തെ ഹോം ക്വാറന്റീന് വിധേയരാകണം. മാത്രമല്ല, യാത്രയ്ക്ക് മൂന്നു ദിവസത്തിനുള്ളിൽ കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. ബ്രിട്ടനിലെത്തിയാൽ രണ്ടാം ദിവസവും എട്ടാം ദിവസവും ചെയ്യേണ്ട കോവിഡ് ടെസ്റ്റ് മുൻകൂറായി പണമടച്ച് ബുക്കുചെയ്യണം. ഒപ്പം gov.uk എന്ന വെബ്സൈറ്റിലെ പാസഞ്ചർ ലൊക്കേറ്റർ ഫോമും പൂരിപ്പിക്കണം. 

ബ്രിട്ടനിൽനിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇപ്പോഴും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വാക്സിനേഷൻ രേഖകളും കരുതണം. കേന്ദ്രസർക്കാരിന്റെ എയർ സുവിധ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് സെൽഫ് ഡിക്ലറേഷൻ സമർപ്പിക്കണം. ഇവയ്ക്കെല്ലാം പുറമേ ഓരോ സംസ്ഥാനത്തെയും ക്വാറന്റൈൻ നിയമങ്ങളും വിമാനത്താവളങ്ങളിലെ സെൽഫ് റിപ്പോർട്ടിംങ് നിയമങ്ങളും പാലിക്കുകയും വേണം. ആംബർ ലിസ്റ്റിൽ ആകുന്നതോടെ ഉടനെ നാട്ടിലേക്ക് തിരിച്ചുകളയാം എന്നു കരുതി ആരും തിരക്ക് കൂട്ടേണ്ട എന്നു ചുരുക്കം. 

കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യങ്ങളെ ട്രാഫിക് ലൈറ്റ് സംവിധാനത്തിൽ, പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിൽ തരംതിരിച്ച് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഫെബ്രുവരി 15നാണ് ബ്രിട്ടൻ ആരംഭിച്ചത്. 30 രാജ്യങ്ങളായിരുന്നു ആദ്യം ഇത്തരത്തിൽ റെഡ് ലിസ്റ്റിലായത്. കോവിഡിന്റെ അതിതീവ്രവ്യാപനം ഉണ്ടായതോടെ ഇന്ത്യയും, പാക്കിസ്ഥാൻ ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങലുമെല്ലാം റെഡ് ലിസ്റ്റിലായി.

ഓരോ രാജ്യത്തെയും കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ജോയിന്റ് ബയോ സെക്യൂരിറ്റി സെന്റർ നൽകുന്ന ഉപദേശപ്രകാരമാണ് രാജ്യങ്ങളെ വിവിധ വർണങ്ങളിലായി തിരിക്കുന്നത്. ഇത്തരത്തിൽ ബുധനാഴ്ച നടത്തിയ അവലോകത്തിലാണ് ഇന്ത്യയെ റെഡ് ലിസ്റ്റിൽനിന്നും ആംബർ ലിസ്റ്റിലേക്ക് മാറ്റാൻ തീരുമാനം ഉണ്ടായത്. 

റെഡ് ലിസ്റ്റിൽനിന്നും മാറ്റാൻ ഇന്ത്യ ബ്രിട്ടനുമേൽ നയതന്ത്രതലത്തിൽ സമ്മർദം ശക്തമാക്കിയിരുന്നു. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണറും വിദേശകാര്യമന്ത്രാലയ പ്രതിനിധികളും ഇതിനായി ബ്രിട്ടനിലെ മുതിർന്ന മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ കണ്ട് കഴിഞ്ഞയാഴ്ച ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങൾ ധരിപ്പിച്ചിരുന്നു.

English Summary: UK relaxes Covid travel curbs for India, institutional quarantine exempted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com