ADVERTISEMENT

ലണ്ടൻ∙ ശശി തരൂർ തുടങ്ങി വച്ച പ്രതിഷേധവും ഇന്ത്യൻ സർക്കാരിന്റെ സമ്മർദവും ഒടുവിൽ ഭാഗികമായി ഫലം കണ്ടു.  വാക്സീൻ നയത്തിൽ മാറ്റം വരുത്തിയ ബ്രിട്ടൻ അസ്ട്രാസെനിക്കയുടെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിന് അംഗീകാരം നൽകി. കോവിഷീൽഡിനെ അംഗീകൃത വാക്സീനാക്കിയെങ്കിലും ഇത് എടുത്തശേഷം ഇന്ത്യയിൽ നിന്നെ ത്തുന്നവർക്കു നിർദേശിച്ചിരിക്കുന്ന പത്തുദിവസത്തെ ഹോം ക്വാറന്റീൻ ഇനിയും പിൻവലിച്ചിട്ടില്ല. ഇതുകൂടി പിൻവലിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. എന്നാൽ ഇന്ത്യ നൽകുന്ന വാക്സീൻ സർട്ടിഫിക്കറ്റിലെ അപാകത പരിഹരിക്കാതെ ഇതു നൽകാനാവില്ലെന്നാണു ബ്രിട്ടന്റെ നിലപാട്. സർട്ടിഫിക്കറ്റിൽ ജനന തീയതിയില്ല എന്നതാണ് ബ്രിട്ടൻ ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്നം. പകരം വ്യക്തിയുടെ വയസ് മാത്രമേ സൂചിപ്പിക്കുന്നുള്ളു. എന്നാൽ വാക്സീൻ സർട്ടിഫിക്കറ്റിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. 

 

ക്വാറന്റീൻ കാര്യത്തിൽകൂടി ബ്രിട്ടൻ ഇളവ് അനുവദിച്ചാലേ കോവിഡ് ഷീൽഡ് വാക്സീൻ എടുത്തുവരുന്നവർക്ക് സ്വന്തം ചെലവിൽ മുൻകൂട്ടി ബുക്ക് ചെയ്തുള്ള രണ്ട് ടെസ്റ്റുകളും പത്തുദിവസത്തെ ഏകാന്തവാസവും ഒഴിവാക്കാനാകൂ. 

 

ചൊവ്വാഴ്ചയാണ് കോവിഷീൽഡ് വാക്സീന് അംഗീകാരം നൽകാത്ത ബ്രിട്ടീഷ് സർക്കാരിന്റെ നടപടിയെ ഇന്ത്യ നയതന്ത്ര വിഷയമാക്കി മാറ്റിയത്.  പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമാനസ്വഭാവമുള്ള നടപടി തിരിച്ചും നേരിടേണ്ടി വരുമെന്ന് ഇന്ത്യ ബ്രിട്ടനു മുന്നറിയിപ്പ് നൽകുകയായിരുന്നു. യുകെയിലേക്ക് യാത്രചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സിനോട് അമേരിക്കയിൽ വച്ച് നേരിട്ടു കണ്ട് ആവശ്യപ്പെട്ടു.  

 

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച അസ്ട്രസെനിക്ക വാക്സീൻ, ബ്രിട്ടൻ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ എടുക്കുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്നും ഇതേ വാക്സിന്റെ തന്നെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡ് എടുക്കുന്നവർക്ക് ക്വാറന്റീൻ വേണമെന്നുമുള്ള നിലപാടിനെ വാക്സീൻ റേസിസം എന്നാണു പല ഇന്ത്യൻ മാധ്യമങ്ങളും നേതാക്കളും വിശേഷിപ്പിച്ചത്.  കോൺഗ്രസ് നേതാവ് ശശി തരൂരാണു വാക്സീൻ കാര്യത്തിൽ ഇന്ത്യയോടുള്ള ബ്രിട്ടന്റെ ഈ അയിത്തം ലോകത്തിനു മുന്നിൽ ആദ്യം തുറന്നുകാട്ടിയത്. പിന്നീട് മറ്റു പല പ്രമുഖരും മാധ്യമങ്ങളും വിഷയം ചർച്ചയാക്കിയതോടെ ഇന്ത്യൻ സർക്കാരും ഉണർന്നു. 

 

ഇന്ത്യയിലെ വാക്സീൻ വാക്സീനല്ലെന്ന യുകെ. നിലപാടിൽ പ്രതിഷേധിച്ചു കേംബ്രിംഡ്ജ് യൂണിവേഴ്സിറ്റിയിൽ പങ്കെുടുക്കാനിരുന്ന പരിപാടിയിൽ നിന്നു പിന്മാറിയ ശശി തരൂർ ഇക്കാര്യം വിശദീകരിച്ച് നടത്തിയ  ട്വീറ്റാണ് 24 മണിക്കൂറുകൊണ്ട് ഇന്ത്യ- യുകെ വാക്സിൻ നയതന്ത്രവിഷയമായി പരിണമിച്ചത്.  

 

പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഭാഗികമായ ഫലം കണ്ടെങ്കിലും   ഇക്കാര്യത്തിൽ പൂർണമായും അനുകൂല തീരുമാനം ഉണ്ടായാലേ ബ്രിട്ടനിലേക്ക് യാത്രചെയ്യാൻ കാത്തിരിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് ആളുകൾക്ക് ഗുണമുണ്ടാകൂ. 

English Summary: Covishield partially accepted; Quarantine for Indians in Britain will continue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com