ADVERTISEMENT

ലണ്ടൻ∙ വാക്സീന്റെ പേരിലുള്ള ഇന്ത്യ- യുകെ നയതന്ത്രയുദ്ധത്തിന് ശമനമായി. ഓക്സ്ഫഡ് വാക്സീന്റെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡ് വാക്‌സീൻ എടുത്തവർക്ക് ബ്രിട്ടൻ ഏർപ്പെടുത്തിയിരുന്ന പത്തുദിവസത്തെ ഹോം ക്വാറന്റീൻ ഒഴിവാക്കിയതിനു പിന്നാലെ ഇന്നലെ ബ്രിട്ടീഷ് പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന പത്തുദിവസത്തെ ക്വാറന്റീൻ ഇന്ത്യയും ഒഴിവാക്കി. ഇതോടെ ഇരുരാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും കോവിഡ് വാക്സീന്റെ രണ്ടുഡോസ് എടുത്തിട്ടുള്ള യാത്രക്കാർക്ക് ക്വാറന്റീൻ ആവശ്യമില്ലാതായി. എന്നാൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തുന്നവർ വിമാനത്താവളത്തിലും ബ്രിട്ടനിലേക്ക് പറക്കുന്നവർ രണ്ടാംദിവസവും കോവിഡ് ടെസ്റ്റും ചെയ്യണം.  

 

കോവിഷീൽഡ് വാക്‌സീൻ എടുത്തവർക്ക് ബ്രിട്ടൻ ക്വാറന്റീൻ നിർബന്ധമാക്കിയതോടെയാണ്  സമാനമായ രീതിയിൽ ബ്രിട്ടന്റെ ആസ്ട്ര സെനിക്ക വാക്‌സീൻ എടുത്തവർക്ക് ഇന്ത്യയും പത്തുദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കിയത്.  ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവിഷയമായി പരിണമിച്ച ഈ പ്രശ്നം ഏറ്റവും അധികം വലച്ചത് ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരെയാണ്.  

 

ബ്രിട്ടന്റെ ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പരിഷ്കരിച്ച  ട്രാവൽ നിബന്ധനകളിലാണ് ഇന്ത്യ ഉൾപ്പെടെ 47 രാജ്യങ്ങളെ ക്വാറന്റീനിൽനിന്ന് ഒഴിവാക്കിയത്. ബ്രിട്ടൻ അനുകൂല തീരുമാനം എടുത്തെങ്കിലും ഇന്ത്യ ഉടൻ തീരുമാനം മാറ്റാൻ തയാറായിരുന്നില്ല. നയതന്ത്രതലത്തിൽ കൂടുതൽ ചർച്ചകൾക്കു ശേഷമാണ് ഇപ്പോൾ ഇന്ത്യയും ബ്രിട്ടീഷ് പൗരന്മാർക്കുള്ള ക്വാറന്റീൻ ഒഴിവാക്കിയിരിക്കുന്നത്. 

 

കോവിഷീൽഡ് വാക്സിന് തത്വത്തിൽ അംഗീകാരം നൽകിയിരുന്നെങ്കിലും ഇതെടുത്ത ഇന്ത്യക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കാനാകില്ല എന്ന വിചിത്രമായ നയമാണ് ബ്രിട്ടൻ സ്വീകരിച്ചിരുന്നത്.  ഇതിനെ വാക്‌സീൻ റേസിസമായി കണ്ട ഇന്ത്യ നയതന്ത്രതലത്തിൽ അപമാനിതരായതോടെയാണ് സമാനമായ രീതിയിൽ കനത്ത തിരിച്ചടിക്ക് തീരുമാനമുണ്ടായത്. 

 

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച ആസ്ട്രാസെനിക്ക വാക്സിന്റെ ഇന്ത്യൻ പതിപ്പാണ് കോവിഷീൽഡ്. ഒരേ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന വാക്സീനായിട്ടും ഇന്ത്യയിൽ നിർമിച്ചു എന്ന ഒറ്റക്കാരണത്താൽ കോവിഷീൽഡിന് അംഗീകാരം നൽകാത്ത നടപടിയെ കോൺഗ്രസ് നേതാവ് ശശി തരൂരാണ് ലോകത്തിനു മുന്നിൽ തുറന്നുകാട്ടിയത്. കോവിഷീൽഡ് എടുത്തതുകൊണ്ടു മാത്രം ക്വാറന്റീൻ വേണമെന്ന കാരണത്താൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പങ്കെടുക്കാനിരുന്ന പരിപാടിയിൽ നിന്നു പിന്മാറിക്കൊണ്ട് കോവിഷീൽഡിനെതിരായ ബ്രിട്ടന്റെ വിവേചനത്തെ  ട്വിറ്ററിലൂടെയാണു ശശി തരൂർ വിമർശിച്ചത്. തരൂരിന്റെ വിമർശനം പിന്നീട് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ആരോഗ്യമന്ത്രാലയവും ഗൗരവമായി ഏറ്റെടുക്കുകയായിരുന്നു. 

English Summary: Malayalis in UK relieved by quaratine relief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com