ഇംഗ്ലീഷ് ചാനലിൽ അഭയാർഥികളുടെ ബോട്ടു മുങ്ങി 27 മരണം; രക്ഷാപ്രവർത്തനം തുടരുന്നു

BRITAIN-FRANCE-EUROPE-MIGRANTS
SHARE

ലണ്ടൻ ∙ ഇംഗ്ലീഷ് ചാനലിൽ ബോട്ടു മുങ്ങി 27 അഭയാർഥികൾ മരിച്ചു. നിരവധിപേരെ കാണാതായി. ഫ്രഞ്ച് തുറമുഖ നഗരമായ കാലെസിൽനിന്നും ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി ബ്രിട്ടനിലേക്ക് കടക്കാൻ ശ്രമിച്ച അഭയാർഥികളാണ് അപകടത്തിൽ പെട്ടത്. ഫ്രഞ്ച്, ബ്രിട്ടീഷ് സേനകളും കോസ്റ്റ് ഗാർഡും ഹെലികോപ്ററ്ററുകളും ബോട്ടുകളും കപ്പലുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. സമീപത്തുള്ള മൽസ്യബന്ധനബോട്ടുകളാണ് അപകടവിവരം പുറംലോകത്തെ അറിയിച്ചത്. 2014നുശേഷം ഇംഗ്ലീഷ് ചാനലിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. സ്ഥിതിഗതികൾ വിലയിരുത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടിയന്തര യോഗം വിളിച്ചു. 

പ്രാദേശിക സമയം വൈകിട്ട് അഞ്ചുമണിയോടെയാണ് കാലെസിനു സമീപത്തു നിന്നും അപകടവിവരം ഒരു ഫിഷിംങ് ബോട്ടിലുണ്ടായിരുന്നവർ അധികൃതരെ അറിയിക്കുന്നത്. പീന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ്  27 പേരുടെ ജീവനെടുത്ത അപകടത്തിന്റെ വ്യാപ്തി മനസിലാകുന്നത്. ബ്രിട്ടീഷ്, ഫ്രഞ്ച് അധികൃതർ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. 

ഫ്രഞ്ച് അതിർത്തി പട്ടണങ്ങളിൽ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങൾ വ്യാപകമായി അഭയാർഥികളെ ബ്രിട്ടനിലേക്ക് കടത്തുന്നത് വർധിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായ ദുരന്തം. മനുഷ്യക്കടത്ത് നിയന്ത്രിക്കാൻ യൂറോപ്യൻ യൂണിയനും ബ്രിട്ടനും കരാറിൽ ഏർപ്പെടുകയും കോസ്റ്റ് ഗാർഡിന്റെ ഉൾപ്പെടെ പരിശോധന കർക്കശമാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലും അധികൃതരെ കബളിപ്പിച്ച് സംഘങ്ങൾ മനുഷ്യ കടത്തു തുടരുന്നത് കഴിഞ്ഞദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. തണുപ്പുകാലത്ത് പൊതുവേ കുറയാറുള്ള അഭയാർഥി പ്രവാഹം ഇക്കുറി വർധിക്കുന്ന സ്ഥിതിയാണ്. അതിനിടെയാണ് ഇപ്പോൾ നിരവധി പേരുടെ ജീവനെടുത്ത ദുരന്തം. 

ജീവൻ പണയം വച്ചും പുതിയ ജീവിതം സ്വപ്നം കാണുന്നവരാണ് ഇംഗ്ലീഷ് ചാനലിലെ സാഹസിക കുടിയേറ്റക്കാർ. തുർക്കി, അഫ്ഗാനിസ്ഥാൻ, സിറിയ, ലിബിയ, യെമൻ, എറിത്രിയ, ചാഡ്, ഈജിപ്ത്, സുഡാൻ, ഇറാഖ് തുടങ്ങി കലാപബാധിതവും രാഷ്ട്രീയ കലുഷിതവുമായ ലോകത്തുനിന്നും രക്ഷപെട്ടോടി ജീവിതം തിരിച്ചുപിടിക്കാൻ കൊതിക്കുന്നവരാണ് ഇവരെല്ലാം.  നഷ്ടപ്പെടാൻ ജീവൻ മാത്രം ബാക്കിയുള്ളവർക്ക്  മരണത്തെ ഭയമില്ലാത്തത് സ്വാഭാവികമാണ്.  വായു നിറച്ച ചെറിയ പോളിത്തീൻ ബോട്ടുകളിൽ കടൽകടക്കാൻ ഇവർ കാണിക്കുന്ന ധൈര്യം നിസ്സഹായതയുടേതു കൂടിയാണ്.

ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തിയാൽ ഏതെങ്കിലും കാലത്ത് അഭയാർഥിയായി പരിഗണിക്കപ്പെടും എന്ന വിശ്വാസമാണ് ഈ സാഹസികതയ്ക്കു ബലമേകുന്നത്.

ആഴ്ചതോറും ആയിരക്കണക്കിന് ആളുകളാണ്  ഫ്രാൻസിൽനിന്നും ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടീഷ് തീരത്ത് എത്തുന്നത്. അതിർത്തിസേനയുടെ ബോട്ടുകൾ ഇവരെ പിന്തുടർന്ന് ഡോവറിലെ അഭയാർഥി ക്യാംപുകളിൽ എത്തിക്കും. പിന്നെ ഇവർക്ക് കാത്തിരിപ്പിന്റെ കാലമാണ്. അഭയാർഥിയായി അംഗീകരിച്ചു കിട്ടാനുള്ള അപേക്ഷാ തീർപ്പിന്റെ കാലം. 2021ൽ ഇതുവരെ ഇത്തരത്തിൽ ഇരുപത്തി മൂവായിരത്തിലധികം പേർ  ഇംഗ്ലീഷ് തീരത്ത് എത്തിക്കഴിഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ 8404 പേരുടെ വർധനയാണ് ഇക്കണക്കിലുള്ളത്.

2019ൽ ഇത്തരത്തിൽ പലവിധത്തിൽ ബ്രിട്ടനിലെത്തിയ 35,737 പേർക്കാണ് അഭയാർഥികളായി അംഗീകാരം ലഭിച്ചത്. 2020ൽ ഇത് 29,815 ആയി. 2021ലെ ആദ്യത്തെ ആറു മാസം തന്നെ അഭയാർഥിയാകാൻ അപേക്ഷ നൽകിയത് 14,670 പേരാണ്.

ഫ്രാൻസിന്റെയും ബ്രിട്ടന്റെയും പട്രോളിംങ് സംഘങ്ങളുടെ കണ്ണുവെട്ടിച്ചാണ് ദിവസേന ഇത്തരത്തിൽ നൂറുകണക്കിനാളുകൾ കടലിലേക്ക് സാഹസിക യാത്രയ്ക്ക് ഇറങ്ങുന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ കൂട്ടത്തോടെ അപകടത്തിൽ പെടുന്നതും നിരവധിപേർ മരിക്കുന്നതും നിത്യസംഭവമാണെങ്കിലും പുതിയൊരു ജീവിതം സ്വപ്നം കണ്ടുള്ള യാത്രയിൽ ഇവർക്ക് മരണഭയം തടസമേ ആകുന്നില്ല. 

English Summary : At Least 27 Dead After Migrant Boat Capsizes in English Channel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA