ADVERTISEMENT

ലണ്ടൻ ∙ കോവിഡിന്റെ നാലാം തരംഗം ആഞ്ഞുവീശുന്ന ബ്രിട്ടനിൽ ദിവസേന രോഗികളാകുന്നവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. നേരത്തെയുണ്ടായ കോവിഡ് തരംഗങ്ങളിലൊന്നും പ്രതിദിനം ഇത്രയേറെ പേർ രോഗികളാകുന്ന സ്ഥിതി ഉണ്ടായിട്ടില്ല. രോഗികളാകുന്നവരിൽ നല്ലൊരു ശതമാനം പേർക്കും ഒമിക്രോൺ വകഭേദമാണ്. രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണെങ്കിലും രോഗലക്ഷണങ്ങൾ മൂർച്ഛിച്ച് ആശുപത്രിയിലെത്തന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കാത്തതും മരണനിരക്ക് ഇരുന്നൂറിൽ താഴെത്തന്നെ സ്ഥിരമായി നിൽക്കുന്നതുമാണ് കോവിഡിന്റെ നാലാം തരംഗത്തിൽ ആശ്വാസമേകുന്ന കാര്യം. ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേരും രണ്ടുഡോസ് വാക്സീൻ സ്വീകരിച്ചവരും ഇതിൽതന്നെ പകുതിയോളം പേർക്ക് മൂന്നാമത്തെ ബുസ്റ്റർ ഡോസ് നൽകാനായതുമാണ് ഒമിക്രോൺ വകഭേദത്തിന്റെ അകമ്പടിയോടെയുള്ള കോവിഡിന്റെ നാലാം വരവിൽ ബ്രിട്ടനെ രക്ഷിച്ചു നിർത്തുന്നത്. 

എന്നാൽ നിലവിലെ സ്ഥിതി തുടർന്നാൽ വരുന്ന ആഴ്ചയോടെ സ്ഥിതിഗതികൾ കൈവിട്ടുപോകാനുള്ള സാധ്യത ഏറെയാണെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ആശുപത്രികൾ നിറഞ്ഞുകവിയുന്ന സ്ഥ്തിയിലേക്ക് വീണ്ടും രാജ്യം എത്തിച്ചേരുമെന്ന ആശങ്കയാണ് എല്ലാവരും പങ്കുവയ്ക്കുന്നത്. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്നാണ്  പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിർദേശിക്കുന്നത്. ലോക്ഡൗൺ ഒഴിവാക്കി രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഇതിന്റെ ഭാഗമായി പത്താം തിയതി മുതൽ ദിവസേന ഒരുലക്ഷത്തിലേറെ ക്രിട്ടിക്കൽ വർക്കർമാർക്ക് ദിവസേന ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്തും. പൊതുഗതാഗതം. ഭക്ഷ്യസംസ്കരണം, അതിർത്തി രക്ഷാസേന, ഹെൽത്ത് വർക്കർമാർ, ഡെലിവറി സർവീസുകാർ എന്നിവർക്കാകും ഇത്തരത്തിൽ ദിവസേനയുള്ള ടെസ്റ്റുകൾ നടത്തുക. കൂടുതൽ മേഖലയിൽ വർക്ക് ഫ്രം ഹോം ആരംഭിക്കാനുള്ള തീരുമാനവും ബുധനാഴ്ചത്തെ കാബിനറ്റിലുണ്ടായേക്കും. ജീവനക്കാരുടെ അപര്യാപ്തത ആശുപത്രികളിൽ ഏറെയാണെങ്കിലും എൻഎച്ച്എസിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകുന്നുണ്ട്. പതിനാലായിരും പേരാണ് ഇപ്പോൾ കോവിഡ് ബാധിതരായി വിവിധ എൻഎച്ച്എസ്. ആശുപത്രിയിൽ ചികിൽസയിലുള്ളത്. 

യൂറോപ്പിൽ ഫ്രാൻസ് ഉൾപ്പെടെ പലരാജ്യങ്ങളിലും സമാനമായ സ്ഥിതിവിശഷമാണ് നിലവിലുള്ളത്.  പ്രതിദിന കോവിഡ് കേസുകളുടെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ളത് ഫ്രാൻസാണ്. രണ്ടേമുക്കാൽ ലക്ഷം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഫ്രാൻസിൽ കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിൽ സർവ റെക്കോർഡും ഭേദിച്ച് ഒമിക്രോൺ ആഞ്ഞടിക്കുകയാണ് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുപ്രകാരം തിങ്കളാഴ്ച മാത്രം അമേരിക്കയിൽ രോഗികളായത് പത്തുലക്ഷത്തിലധികം പേരാണ്. ഇതിൽ മഹാഭുരിപക്ഷവും ഒമിക്രോൺ കേസുകളാണ്. 

ഇത്രയേറെ കേസുകൾ ഉണ്ടായിട്ടും അനാവശ്യ ഭീതിയുയർത്തി, വിദേശത്തുനിന്നും വരുന്ന ജനങ്ങളെ തടങ്കലിലാക്കുന്ന പത്തും പതിനാലും ദിവസത്തെ ക്വാറന്റീനും ഗതാഗത നിയന്ത്രണങ്ങളും ബ്രിട്ടനിലില്ല. പകരം ബൂസ്റ്റർ വാക്സിനേഷനിലൂടെ പ്രതിരോധമുയർത്തുകയാണ് രാജ്യം. 

English Summary : UK reports more than 2 lakh daily COVID cases for first time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com