ADVERTISEMENT

ഡബ്ലിൻ ∙ വേൾഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ 2021-ലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡ് ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.ഐ. ലോനപ്പന്. അദ്ദേഹത്തിന്റെ പ്രവർത്തന മേഖലയായ പത്തനംതിട്ട ജില്ലയിലെ പൂങ്കാവിൽ മല്ലശ്ശേരി ഫ്രണ്ട്‌സ് സ്പോർട്സ് & ആർട്സ് ക്ലബിന്റെ സഹകരണത്തോടെ അവാർഡ് ദാന ചടങ്ങ്  മാർച്ച് 19ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

പൂങ്കാവിലെ ഡാനികുട്ടി ഡേവിഡ് മെമ്മോറിയൽ ഓപ്പൺ സ്റ്റേജിൽ കോന്നി എംഎൽഎ അഡ്വ. കെ.യു. ജനീഷ് കുമാർ അവാർഡ് ഫലകവും അവാർഡ് തുകയായ ഒരു ലക്ഷം രൂപയും പി.ഐ. ലോനപ്പന് സമ്മാനിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് ‌എൻ. നവനിത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ.എം. മോഹനൻ, ലിജാ പ്രകാശ്, അച്യുതൻ നായർ, ഡബ്ല്യൂഎംസി ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഡബ്ല്യുഎംസി അയർലൻഡ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ടോംസി ഫിലിപ്പ്, അശ്വതി പ്ലാക്കൽ, ശ്രീകുമാർ നാരായണൻ, ഫ്രണ്ട്‌സ് ക്ലബ് പ്രസിഡന്റ് ജിജു അച്ചൻ എന്നിവർ പങ്കെടുക്കും. ചടങ്ങിനോട് അനുബന്ധിച്ചു കനൽ പാട്ടു കൂട്ടത്തിന്റെ  നാടൻ പാട്ടും ഉണ്ടായിരിക്കും.

 

പത്തനംതിട്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ്, സമൂഹത്തിലെ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഒറ്റപ്പെട്ടവര്‍ക്ക് തണലായി പ്രവര്‍ത്തിക്കുന്നു. ഒപ്പം 1996 മുതല്‍ ദിവസവും മുടക്കം ഇല്ലാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൗജന്യമായി ഏകദേശം 250 ലധികം ആളുകള്‍ക്ക് ഉച്ചഭക്ഷണ വിതരണവും നടത്തുന്നു. ആരോരും ഇല്ലാതെ തരുവില്‍ അകപ്പെട്ട നൂറിലധികം മനുഷ്യര്‍ക്കാണ് ഇതിനോടകം പി.ഐ. ലോനപ്പന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് ആശ്രയം ഒരുക്കിയത്. ഭക്ഷണവും മരുന്നും താമസ സൗകര്യവും അടക്കമുള്ള സൗകര്യങ്ങളാണ് കരുണാലയത്തിലെ അന്തേവാസികള്‍ക്ക് ലഭ്യമാകുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ചാരിറ്റി നിബന്ധനകള്‍ പാലിച്ച് റജിസ്‌ട്രേഷനോടെയാണ് ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. 1999ല്‍ പത്തനംതിട്ട ഓമല്ലൂരില്‍ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 

 

പ്രവാസ ജീവിതത്തിന് ശേഷം ആണ് പി.ഐ. ലോനപ്പന്‍ ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയത്. അദ്ദേഹവും ട്രസ്റ്റ് അംഗം ആയ ഭാര്യ ആനിയമ്മയും കൂടിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മൂന്ന് സ്ഥിരം ജീവനക്കാരും സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡബ്ല്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായി. അയര്‍ലന്‍ഡ് മലയാളികളുടെ സഹകരണത്തോടെ ഡിവൈന്‍ കരുണാലയത്തിന് സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്. 

 

2016 ലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ചുമതലാബോധത്തോടെ സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നവര്‍ക്കായി ഡബ്ല്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അസീസി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്ഥാപകയായ മേരി മക്ക്‌കോര്‍മക്ക്, മെറിന്‍ ജോര്‍ജ്ജ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഫാ. ജോര്‍ജ് തങ്കച്ചന്‍, എംഐസിഎയുടെ ജീവകാരുണ്യ വിഭാഗമായ ‘ഷെയർ ആൻഡ് കെയർ, ലിമെർക്ക്’ എന്നിവര്‍ മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡിനര്‍ഹരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com