ADVERTISEMENT

ബര്‍ലിന്‍∙ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയിലെത്തി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി നരേന്ദ്രമോദി തിങ്കളാഴ്ച രാവിലെയാണു ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍ എത്തിയത്. ബര്‍ലിന്‍ ബ്രാന്‍ഡന്‍ബര്‍ഗ് വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേല്‍പ്പാണ് ഇന്ത്യന്‍ സമൂഹം ഉള്‍പ്പടെ നല്‍കിയത്. ബര്‍ലിനില്‍ മോദിയെ സൈനിക ബഹുമതികളോടെയാണു സ്വീകരിച്ചത്. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ ക്ഷണം സ്വീകരിച്ചാണു മോദി ബര്‍ലിനിലെത്തിയത്.

modi-scholz-2

 

ബര്‍ലിനില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍, ആരോഗ്യമന്ത്രി ഡോ. മനുഷ്ക് മാണ്ഡവ്യ എന്നീ മന്ത്രിമാരും മോദിക്കൊപ്പമുണ്ട്.   ജൂണ്‍ അവസാനം ബവേറിയയിലെ എല്‍മൗവില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ചിട്ടുണ്ട്. ചാന്‍സലര്‍ ഷോള്‍സ് ഇന്ത്യയെ അതിഥി രാജ്യമായി നിര്‍ദ്ദേശിച്ചു. നിലവില്‍ ജി 7 പ്രസിഡന്‍സി ജർമനിക്കാണ്. പരമ്പരാഗതമായി അതിഥി രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുന്നതും ഒരു പതിവാണ്.  മൂന്നുദിവസത്തെ ത്രിരാഷ്ട്ര യൂറോപ്പ് സന്ദര്‍ശന വേളയില്‍  മോദി യുക്രെയ്ന്‍ വിഷയത്തില്‍ കാഴ്ചപ്പാടുകള്‍ കൈമാറി.

modi-berlin

 

ജര്‍മനിയിലെ ഹോട്ടല്‍ ആഡ്ലോണ്‍ കെംപിന്‍സ്കിയില്‍ എത്തിയ പ്രധാനമന്ത്രി ഇന്ത്യക്കാരുമായി സംവദിച്ചു. വന്ദേമാതരവും ഭാരത് മാതാ കീ ജയും ഉയര്‍ന്നുപൊങ്ങിയ അന്തരീക്ഷത്തില്‍ ഇന്ത്യക്കാര്‍ പ്രധാനമന്ത്രിക്കു ചുറ്റും കൂടി അഭിവാദ്യമര്‍പ്പിച്ചു. ഒരു പെണ്‍കുട്ടി താന്‍ വരച്ച മോദിയുടെ ചിത്രം പ്രധാനമന്ത്രിക്കു സമ്മാനിച്ചു. ചിത്രം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി, കുട്ടിയുമായി കുശലം പറഞ്ഞതിനിടയില്‍ ഈ ചിത്രം വരയ്ക്കാന്‍ എത്രദിവസം എടുത്തെന്നു ചോദിച്ചത് കുട്ടിയെയും  മാതാപിതാക്കളെയും ആശ്ചര്യപ്പെടുത്തി.

 

തുടര്‍ന്ന് ഒരു ആണ്‍കുട്ടി പ്രധാനമന്ത്രിക്കു മുന്നില്‍ ദേശഭക്തിഗാനം ആലപിച്ചപ്പോൾ പ്രധാനമന്ത്രി താളം പിടിച്ചതും കയ്യടിച്ചു കുട്ടിയെ അഭിനന്ദിച്ചതും ഏറെ ശ്രദ്ധേയമായി. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ചു ബര്‍ലിനില്‍ ഇന്ത്യക്കാര്‍ ഉത്സവമാക്കി മാറ്റി. ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റിന്റെ മുന്‍പില്‍ തടിച്ചുകൂടിയ ഇന്ത്യക്കാര്‍ ഒരു മേളയുടെ പ്രതീതി സൃഷ്ടിച്ചു.

 

സംയുക്ത ചര്‍ച്ചയ്ക്കു ശേഷം വിവിധ കൂടിക്കാഴ്ചകളും നടന്നു. അതില്‍ ഇരുപക്ഷത്തു നിന്നുമുള്ള മന്ത്രിമാരും വ്യവസായ പ്രതിനിധികളും പങ്കെടുക്കും. കാലാവസ്ഥാ സംരക്ഷണം, ബിസിനസ്, വികസന സഹകരണം എന്നീ മേഖലകളില്‍ കരാറുകള്‍ ഒപ്പുവച്ചു. അവസാനമായി, ഷോള്‍സും മോദിയും തമ്മിലുള്ള അത്താഴവിരുന്നും ഒരുക്കി.

 

ജര്‍മനിക്കു പിന്നാലെ ഡെന്‍മാര്‍ക്കും ഫ്രാന്‍സും സന്ദര്‍ശിക്കുന്ന മോദിക്കു തിരക്കിട്ട ത്രിദിന യാത്രാപരിപാടിയാണുള്ളത്. മൊത്തം 65 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ത്രിദിന സന്ദര്‍ശനത്തില്‍ 25 കൂടിക്കാഴ്ചകളിലാണു മോദി പങ്കെടുക്കുന്നത് എന്നതും ഒരു വലിയ കാര്യമാണ്.

 

50 ഓളം ആഗോള വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തുന്നതിനു പുറമേ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള ലോക നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി, ബഹുമുഖ കൂടിക്കാഴ്ചകള്‍ നടത്തും.

 

ചൊവ്വാഴ്ച ഡെൻമാര്‍ക്ക്, ഐസ്‌ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, നോര്‍വേ പ്രധാനമന്ത്രിമാരുമൊത്തുള്ള രണ്ടാം ഇന്ത്യ നോര്‍ഡിക് ഉച്ചകോടിയിലും പങ്കെടുക്കും. ബുധനാഴ്ച മടക്കയാത്രയില്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്കായി മോദി പാരീസിലെത്തും. യൂറോപ്പിന്റെ ഹൃദയഭാഗത്തു നടന്ന ഒരു യുദ്ധം ഏഴു പതിറ്റാണ്ടുകളുടെ ആഗോള ക്രമം ഉയര്‍ത്തിയ സമയത്താണ് ഈ വര്‍ഷത്തെ മോദിയുടെ ആദ്യ വിദേശ യാത്ര എന്നതും ശ്രദ്ധേയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com