ADVERTISEMENT

ലണ്ടൻ ∙ യുകെയിൽ ക്നാനായ പ്രവാസികൾ തീർക്കുന്ന മഹാ വിസ്മയത്തിന് തിരിതെളിയുകയായി. യുണൈറ്റഡ് കിങ്ഡം ക്നാനായ കാത്തലിക് അസോസിയേഷന്റെ (യുകെകെസിഎ) 19–ാ മത് വാർഷിക കൺവൻഷൻ ചെൽറ്റൻഹാമിലെ ജോക്കി ക്ലബിൽ ജുലൈ രണ്ടിന്  നടക്കും.

കുടിയേറ്റം രക്തത്തിലലിഞ്ഞു ചേർന്ന ക്നാനായക്കാർ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ഇന്നും കുടിയേറിക്കൊണ്ടിരിക്കുന്നു. രണ്ടായിരത്തിന്റെ തുടക്കം മുതലാണ് യുകെയില്‍ ക്നാനായക്കാർ സംഘടിത കുടിയേറ്റത്തിന് തുടക്കം കുറിയ്ക്കുന്നത്. യുകെയിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന ക്നാനായക്കാരെ കൂട്ടിയിണക്കാനായി 2001ലാണ് യുകെകെസിഎ രൂപീകൃതമാവുന്നത്. 

അവശതയനുഭവിക്കുന്നവരെ അവഗണിയ്ക്കാതെ ചാരിറ്റി പ്രവർത്തനങ്ങൾ എക്കാലവും യുകെകെസിഎ നടത്തിയിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന വിദ്യാർഥികൾക്ക്, ഭവനരഹിതർക്ക്, രോഗികൾക്ക്, പ്രളയബാധിതർക്ക്, യുക്രയ്നിലെ യുദ്ധക്കെടുതിയിൽ വലയുന്നവർക്ക് ഒക്കെയും സഹായം എത്തിക്കാൻ യുകെകെസിഎയ്ക്ക് കഴിഞ്ഞിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായി, ലോകത്തിലെ മൂന്നാമത്തെ വലിയ ക്നാനായ സംഘടനയായും യുകെകെസിഎ വളർന്നത് അതിന്റെ മുൻ കാല ഭാരവാഹികളുടെ ദീർഘവീക്ഷണത്തോടെയുള്ള കർമപദ്ധതികളിലൂടെയാണ്.

പ്രവാസി നാട്ടിലെ വിസ്മയമാകാൻ 19 മത് കൺവൻഷൻ

സാമുഹ്യ ഒത്തുചേരലുകൾ അസാധ്യമാക്കിയ കോവിഡിന്റെ രണ്ടു വർഷത്തെ ഇടവേളക്കു ശേഷം നടക്കുന്ന ദേശീയ കൺവൻഷനിൽ പങ്കെടുക്കാൻ യുകെയിലെ ക്നാനായ ജനം ആവേശത്തോടെ കാത്തിരിയ്ക്കുകയാണ്. പ്രൗഡഗംഭീരവും അതിവിശാലവുമായ ജോക്കി ക്ലബ് ക്നാനായക്കാരെ വരവേൽക്കാനായി ഒരുങ്ങിക്കഴിഞ്ഞു. യുകെകെസിഎ യുടെ 51 യൂണിറ്റുകളും അണിനിരക്കുന്ന റാലി, യുവജനങ്ങൾ വിസ്മയം തീർക്കുന്ന സ്വാഗതനൃത്തം, ഭക്തി സാന്ദ്രമായ ദിവ്യബലി എന്നിവ ഉണ്ടാകും. പൊതുസമ്മേളനത്തിനു ശേഷം, കലാപ്രകടനങ്ങളും നടക്കും. ജുലൈ 2 ലെ കൺവൻഷൻ ക്നാനായ മനസ്സുകളിലെ ഒളിമങ്ങാത്ത ഓർമയാവും എന്നതിൽ സംശയമില്ല.

 പ്രസിഡന്റ്‌  ബിജി  മങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്റ്‌ സിബി കണ്ടത്തിൽ, സെക്രട്ടറി ലുബി മാത്യൂസ്, ട്രഷറർ മാത്യു പുളിക്കത്തോട്ടിൽ, ജോയിന്റ് സെക്രട്ടറി ടിജി, ജോയിന്റ് ട്രഷറർ അബി കുടിലിൽ, ഉപദേശകരായ സണ്ണി രാഗമാളിക, സാജു ലുക്കോസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികൾ കൺവൻഷന്റെ  വിജയത്തിനായി പ്രവത്തിച്ചുകൊണ്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com