ADVERTISEMENT

കൊളോണ്‍ ∙ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്‍റെ നാല്‍പ്പതാമത്തെ തിരുന്നാളിനും, ഭാരത അപ്പസ്തോലന്‍ മാര്‍ത്തോമാ ശ്ലീഹായുടെ തിരുന്നാളിനും ജൂണ്‍ 25 ന് (ശനി) വൈകുന്നേരം അഞ്ചു മണിയ്ക്ക് കൊടിയേറിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

 

 ശുശ്രൂഷകള്‍ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ലെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി കാര്‍മ്മികത്വം വഹിച്ചു. ലദീഞ്ഞ്, നൊവേന എന്നിവയെ തുടര്‍ന്നു നടപ്പുവര്‍ഷത്തെ പ്രസുദേന്തി ആന്‍റണി സഖറിയ കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ പള്ളിയില്‍ നിന്നും പ്രദക്ഷിണമായി എത്തി. ഇഗ്നേഷ്യസ് അച്ചന്‍  കൊടിയേറ്റി. യൂത്ത് കൊയറിന്‍റെ ഗാനാലാപനം ഭക്തിനിര്‍ഭരമായി. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.

 

ജൂണ്‍ 26 നാണ് (ഞായര്‍) തിരുനാളിന്‍റെ മുഖ്യപരിപാടികള്‍. യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്‍റെ  മുഖ്യകാർമികത്വത്തില്‍ രാവിലെ പത്തു മണിയ്ക്ക്  ആഘോഷമായി നടക്കുന്ന സമൂഹബലിയില്‍ നിരവധി വൈദികര്‍ സഹകാർമികരായിരിയ്ക്കും. പ്രസുദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്,  ഉച്ചഭക്ഷണം എന്നിവയും നടക്കും.

cologne-feast-2

 

ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് കള്‍ച്ചറല്‍ പരിപാടിക്ക് ശേഷം കൊടിയിറക്കത്തോടെ ആഘോഷപരിപാടികള്‍ സമാപിക്കും. തിരുന്നാളിന്‍റെ  സുഗമമായ നടത്തിപ്പിനുവേണ്ടി  വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.

 

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെ എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെ  ഇന്ത്യക്കാരുടെ  കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1970 ലാണ് ആരംഭിച്ചത്. സുവര്‍ണ്ണജൂബിലി കടന്ന കമ്യൂണിറ്റിയില്‍ ഏതാണ്ട് എണ്ണൂറോളം കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്. കഴിഞ്ഞ 22 വര്‍ഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ. കമ്യൂണിറ്റി ചാപ്ലെയിനായി സേവനം ചെയ്യുന്നു.

 

വൈക്കം സ്വദേശി  ആന്‍റണി സഖറിയ, സ്മിത കുടുംബം ആണ് ഈ വര്‍ഷത്തെ പ്രസുദേന്തി. തിരുന്നാളിലേക്കും തിരുക്കര്‍മ്മങ്ങളിലേക്കും ഏവരെയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com