ADVERTISEMENT

ലണ്ടൻ ∙ നാലാമത് അലൈഡ് പ്രസന്റ്സ് യുക്മ കേരളപൂരം വള്ളംകളി 2022ൽ വിജയ കിരീടം ചൂടി ജവഹർ ബോട്ട് ക്ലബ് ലിവർപൂൾ. തായങ്കരി വള്ളത്തിൽ മത്സരത്തിനെത്തിയ ലിവർപൂൾ തുടർച്ചയായ മൂന്നാം തവണയാണ് വിജയികളായത്. ആദ്യന്തം ആവേശം നിറഞ്ഞ മത്സരങ്ങളിൽ 27 ടീമുകൾ അണിനിരന്നപ്പോൾ, തായങ്കരി വള്ളത്തിൽ തോമസ്കുട്ടി ഫ്രാൻസീസിന്റെ നേതൃത്വത്തിൽ ജവഹർ ബോട്ട് ക്ലബ് ലിവർപൂൾ ഒന്നാം സ്ഥാനം നേടി യുക്മ ട്രോഫിയും 1000 പൌണ്ട് ക്യാഷ് അവാർഡും സ്വർണ്ണ മെഡലുകളും കരസ്ഥമാക്കി. പ്രശസ്‌ത സിനിമ നടൻ ഉണ്ണി മുകുന്ദനിൽ നിന്നും വിജയികൾ യുക്മ ട്രോഫി ഏറ്റു വാങ്ങി. 

uukma-kerala-pooram

 

uukma-kerala-pooram-2

മാത്യു ചാക്കോ ക്യാപ്റ്റനായുള്ള പുളിങ്കുന്ന് വള്ളത്തിൽ എസ്എംഎ സാൽഫോർഡ് ബോട്ട് ക്ലബ്ബ് രണ്ടാം സ്ഥാനവും ബെന്നി മാവേലി നായകനായുള്ള കുമരകം വള്ളത്തിൽ റോയൽ 20 ബർമിംങ്ഹാം ബോട്ട് ക്ലബ്ബ് മൂന്നാം സ്ഥാനവും മാർട്ടിൻ വർഗ്ഗീസ്സ് ക്യാപ്റ്റനായ പുന്നമട വളളത്തിൽ ലണ്ടൻ ചുണ്ടൻ ബോട്ട് ക്ലബ് നാലാം സ്ഥാനവും ആന്റണി ചാക്കോ നയിച്ച കാവാലം വള്ളത്തിൽ BMA ബോൾട്ടൺ ബോട്ട് ക്ലബ്ബ് അഞ്ചാം സ്ഥാനവും ജിനോ ജോൺ ക്യാപ്‌റ്റനായ കാരിച്ചാൽ വള്ളത്തിൽ 7 സ്റ്റാർസ് കവൻട്രി ബോട്ട് ക്ലബ്ബ് ആറാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ സാൽഫോർഡ് ട്രോഫിയും 750 പൗണ്ട്‌ ക്യാഷ് പ്രൈസും സിൽവർ മെഡലുകളും മൂന്നാം സ്ഥാനത്തെത്തിയ റോയൽ 20 ട്രോഫിയും 500 പൗണ്ട് ക്യാഷ്‌ പ്രൈസും ബ്രോൺസ് മെഡലുകളും കരസ്ഥമാക്കി. യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലെത്തിയ ലണ്ടൻ ചുണ്ടൻ, ബോൾട്ടൺ, കവൻട്രി ടീമുകൾക്ക് ട്രോഫികൾ സമ്മാനമായി ലഭിച്ചു. 

uukma-kerala-pooram-3

 

uukma-kerala-pooram-4

നാലു ടീമുകൾ അണി നിരന്ന വനിതകളുടെ പ്രദർശന മത്സരത്തിൽ സ്കന്തോർപ്പ് "പെൺകടുവകൾ" ഒന്നാം സ്ഥാനവും റോഥർഹാം രണ്ടാം സ്ഥാനവും ഐൽസ്ബറി മൂന്നാം സ്ഥാനവും എസ്എംഎ സാൽഫോർഡ്‌ നാലാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാർക്ക് എരുമേലി ഫാമിലി, സ്കന്തോർപ്പ് സ്‌പോൺസർ ചെയ്ത ട്രോഫിയും ഗോൾഡ് മെഡലും രണ്ടാം സ്ഥാനക്കാർക്ക് പ്ളാമ്മോതിൽ ഫാമിലി, സ്കന്തോർപ്പ് സ്പോൺസർ ചെയ്ത ട്രോഫിയും സിൽവർ മെഡലും മൂന്നാം സ്ഥാനക്കാർക്ക് സോണി ജെയിംസ്‌ ആൻഡ് ഫാമിലി സ്പോൺസർ ചെയ്ത ട്രോഫിയും ബ്രോൺസ് മെഡലും നാലാം സ്ഥാനക്കാർക്ക് മനോജ് കെ.വി ആൻഡ് ഫാമിലി സ്‌കന്തോർപ്പ് സ്‌പോൺസർ ചെയ്ത ട്രോഫിയും സമ്മാനമായി ലഭിച്ചു.

uukma-kerala-pooram-5

 

രാവിലെ 10ന് യുക്‌മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ ഇന്ത്യൻ, ബ്രിട്ടീഷ് ദേശീയ പതാകകൾ ഉയർത്തിയതോടെ ആരംഭിച്ച പരിപാടികളിൽ പങ്കെടുക്കുവാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. 10.30 ന് ആരംഭിച്ച ഹീറ്റ്സ് മത്‌സരങ്ങൾ അവസാനിച്ചതോടെ ടീമുകളുടെ മാർച്ച് പാസ്റ്റ് ആരംഭിച്ചു. പ്രശസ്ത കലാകാരൻ വിനോദ്‌ നവധാര നേതൃത്വം നൽകിയ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച മാർച്ച് പാസ്‌റ്റിന് യുക്‌മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്‌സ് ജോർജ്ജ്, വൈസ് പ്രസിഡന്റുമാരായ ഷീജോ വർഗീസ്, ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്‌മിത തോട്ടം, ജോയിന്റ് ട്രഷറർ അബ്രാഹം പൊന്നുംപുരയിടം, കേരളപൂരം വള്ളംകളി ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ നാഷണൽ പിആർഒയും മീഡിയ കോർഡിനേറ്ററുമായ അലക്‌‌സ് വർഗീസ്, പ്രോഗ്രാം കോർഡിനേറ്റർ മനോജ്കുമാർ പിള്ള, യുക്മ ന്യൂസ്‌ ചീഫ്‌ എഡിറ്ററും യുക്മ റീജിയണൽ പ്രസിഡൻറുമായ സുജു ജോസഫ്, വള്ളംകളി മത്സരത്തിന്റെ ചുമതല വഹിച്ചിരുന്ന യുക്‌മ ദേശീയ സമിതിയംഗം ജയകുമാർ നായർ, റീജിയണൽ പ്രസിഡന്റുമാരായ വർഗ്ഗീസ്സ് ഡാനിയൽ, ബിജു പീറ്റർ, ജോർജ്ജ് തോമസ്, സുരേന്ദ്രൻ ആരക്കോട്ട്, ദേശീയ സമിതി അംഗങ്ങളായ ഷാജി തോമസ്, ടിറ്റോ തോമസ്‌, അഡ്വ. ജാക്സൺ തോമസ്, സണ്ണിമോൻ മത്തായി, നോർത്ത് ഈസ്റ്റ് റീജിയൻ കോർഡിനേറ്റർ ജിജോ മാധവപ്പള്ളി മത്സര നടത്തിപ്പിന് നേതൃത്വം നൽകിയ ജേക്കബ്ബ് കോയിപ്പിള്ളി, വിവിധ റീജിയണുകളിൽ നിന്നുമുള്ള ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. അനുശ്രീ എസ് നായർ അവതാരകയായി വേദിയിൽ നിറഞ്ഞ് നിന്നു.

uukma-kerala-pooram-7

 

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തെ അനുസ്മരിച്ച് ഇന്ത്യൻ ദേശീയ പതാകകളേന്തിയാണ് ടീം അംഗങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. മാർച്ച് പാസ്‌റ്റ് പ്രധാന വേദിയിൽ എത്തിയതിനെ തുടർന്ന് നിലവിലെ ചാമ്പ്യൻമാരായിരുന്ന ടീമിന്റെ ലിവർപൂൾ ടീം ക്യാപ്റ്റൻ തോമസ്കുട്ടി ഫ്രാൻസീസ് ടീം അംഗങ്ങൾക്കുള്ള സത്യപ്രതിഞ്ജ ചൊല്ലികൊടുത്തു.

uukma-kerala-pooram-6

 

യുക്മ ദേശീയ അധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥികളായ ഉണ്ണി മുകുന്ദൻ, വിഷ്ണു മോഹൻ, മാളവിക അനിൽകുമാർ, മാസ്റ്റർ ഷെഫ് സുരേഷ് പിള്ള എന്നിവരോടൊപ്പം യുക്മ ദേശീയ ഭാരവാഹികളും ഇവന്റ് ടൈറ്റിൽ സ്‌പോൺസർ അലൈഡ് ഫിനാൻസിന്റെ ജോയ്‌ തോമസും വേദിയിൽ അണി നിരന്നു. ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച് തുടങ്ങിയ യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തിയ ഡോ. ബിജു പെരിങ്ങത്തറ, യുകെ മലയാളികൾ യുക്മയ്ക്ക് നൽകി വരുന്ന ഉറച്ച പിന്തുണയ്ക്ക് ഹൃദയപൂർവ്വം നന്ദി പറഞ്ഞു.

 

uukma-kerala-pooram-9

ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാൻ വേദിയിലേക്ക് എത്തിയ മലയാളികളുടെ പ്രിയ നടൻ ഉണ്ണി മുകുന്ദന് കാണികൾ ഉജ്ജ്വല വരവേൽപ്പാണ് നൽകിയത്. തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ യുകെ മലയാളികൾ തന്നോട് കാണിക്കുന്ന സ്നേഹാദരവുകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. സംവിധായകൻ വിഷ്ണു മോഹൻ, പിന്നണി ഗായിക മാളവിക അനിൽകുമാർ, ഷെഫ് സുരേഷ് പിള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വിശിഷ്ടാതിഥികളും യുക്മ ഭാരവാഹികളും ചേർന്ന് നിലവിളക്ക് തെളിയിച്ചു.

 

മേപ്പടിയാൻ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ഉണ്ണി മുകുന്ദന് യുക്‌മ പ്രഖ്യാപിച്ച മികച്ച നടനുള്ള അവാർഡ് യുക്‌മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ കൈമാറിയപ്പോൾ മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകനുള്ള യുക്‌മയുടെ സത്യജിത് റേ അവാർഡ് സംവിധായകൻ വിഷ്ണു മോഹന് യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് കൈമാറി. പിന്നണി ഗായിക മാളവിക അനിൽകുമാറിനുള്ള ഉപഹാരം യുക്‌മ നാഷണൽ പിആർഒയും  മീഡിയ കോർഡിനേറ്ററുമായ അലക്‌സ് വർഗീസ് സമ്മാനിച്ചു.

 

രാവിലെ 10 മണി മുതൽ പ്രശസ്‌ത പിന്നണി ഗായിക മാളവിക അനിൽകുമാറും യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരൻമാരും കലാകാരികളും തുടർച്ചയായി അവതരിപ്പിച്ച കലാപരിപാടികൾ കാണികളുടെ കണ്ണിനും കാതിനും വിരുന്നൊരുക്കി. ഉദ്‌ഘാടന യോഗത്തിന് ശേഷം വേദിയുടെ സമീപത്തുള്ള പുൽത്തകിടിയിൽ അരങ്ങേറിയ മെഗാ ഫ്യൂഷൻ ഡാൻസിലും തിരുവാതിരയിലും നൂറു കണക്കിന് കലാകാരൻമാരും കലാകാരികളും പങ്കെടുത്തു. കാണികളുടെ പ്രശംസ പിടിച്ച് പറ്റിയ മെഗാ ഫ്യൂഷൻ ഡാൻസിനും തിരുവാതിരയ്ക്കും യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറി സ്‌മിത തോട്ടം എന്നിവർ നേതൃത്വം നൽകി. 

 

റോയൽ 20 ബർമിംങ്ങ്ഹാം നേതൃത്വം നൽകിയ ഫ്ലാഷ് മോബ് കാണികൾ നിറഞ്ഞ കരഘോഷത്തോടെ ആസ്വദിച്ചു. രാവിലെ മുതൽ വേദിയിൽ ഇടതടവില്ലാതെ നടന്ന കലാപരിപാടികൾക്ക് പ്രോഗ്രാം കോർഡിനേറ്റർമാരായ മനോജ്കുമാർ പിള്ള, ലിറ്റി ജിജോ എന്നിവർ നേതൃത്വം നൽകി.  യുക്മ ചാരിറ്റി ട്രസ്റ്റി ബൈജു തോമസ്, മുൻ ഭാരവാഹികളായ കൗൺസിലർ സജീഷ് ടോം, കെ.പി. വിജി, എബ്രഹാം ലൂക്കോസ്, അനീഷ് ജോൺ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

 

ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന, യുക്മയുടെ സഹയാത്രികൻ അനിൽ ആലനോലിയ്ക്കും കുടുംബത്തിനുമുള്ള യുക്മ കുടുംബത്തിന്റെ സ്നേഹോപഹാരം ഉണ്ണി മുകുന്ദൻ സമ്മാനിച്ചു. 

 

മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി.എ. ജോസഫിന്റെ നേതൃത്വത്തിൽ തോമസ് പോൾ, ജോൺസൺ കളപ്പുരയ്ക്കൽ എന്നിവർ നടത്തിയ ലൈവ് കമന്ററി ഏറെ ശ്രദ്ധയാകർഷിച്ചു. പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി വള്ളംകളിയെ അനുസ്‌മരിപ്പിക്കുന്ന തരത്തിലുള്ള ഭാഷാ, ശൈലീ പ്രയോഗങ്ങൾ നിറഞ്ഞ കമൻററി കാണികളുടെ മനസ്സുകളിൽ ജലോത്സവമേളം രചിച്ചു.

 

യുക്‌മ കേരളപൂരം വള്ളംകളി 2022 ഒരു ചരിത്ര വിജയമാക്കുവാൻ യുക്മയോടൊപ്പം നിന്ന മെഗാ സ്പോൺസർ അലൈഡ് ഫിനാൻസ് ആൻഡ് മോർട്ട്ഗേജ് സർവീസ്, മറ്റ് സ്‌പോൺസർമാരായ പോൾ ജോൺ സോളിസിറ്റേഴ്സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്‌, മട്ടാഞ്ചേരി റസ്റ്ററന്റ്, എൻവർട്ടിസ് കൺസൽട്ടൻസി, ഏലൂർ കൺസൽറ്റൻസി, ഹോളിസ്റ്റിക് കെയർ, ക്രോസ്സ് പേ, വോസ്റ്റെക്, ലവ് ടു കെയർ, മലബാർ ഫുഡ്സ് എന്നിവർക്കും ടീമുകളെ സ്പോൺസർ ചെയ്ത ചെയ്തിരിക്കുന്ന  സ്ഥാപനങ്ങളായ സേവ്യേഴ്‌സ് അക്കൗണ്ടൻസി ലിമിറ്റഡ്, പെരിങ്ങത്തറ മെഡിക്കൽസ് ലിമിറ്റഡ്, സെനിത്ത് സോളിസിറ്റേഴ്സ്, ചാക്കോ ബിൽഡേഴ്സ് ലിമിറ്റഡ്, ഹോളിസ്റ്റിക് മോട്ടോ ഹോംസ്, പ്രിൻസ് ഫുഡ്സ്, വൈസ് കെയർ ലിമിറ്റഡ്, കെയർ ഫോർ സ്പെഷ്യൽ നീഡ്സ്, ഹോളിസ്റ്റിക് ഗാർമെന്റ്സ്, തറവാട് റസ്റ്ററന്റ്, ഡി ജെ ടാക്സീസ്, എച്ച് സി 24 സ്റ്റാഫിംങ് ആൻഡ് കെയറിംങ്ങ്,  കായൽ റസ്റ്ററന്റ് തുടങ്ങിയ സ്ഥാപനങ്ങൾക്കും പരിപാടി വിജയമാക്കിയ എല്ലാവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com