ADVERTISEMENT

 

ലണ്ടൻ∙ നാഷനൽ ഇൻഷുറൻസിലെ വർധന പിൻവലിച്ചും ഇൻകം ടാക്സിൽ ഒരുശതമാനത്തിന്റെ ഇളവു നൽകിയും ലിസ്സ് ട്രസ്സ് സർക്കാരിന്റെ ഇടക്കാല ബജറ്റ്. സ്റ്റാംപ് ഡ്യൂട്ടിയിലും ഉയർന്ന വരുമാനക്കാരുടെ ആദായ നികുതിയിലും വമ്പൻ ഇളവുകളാണ് ചാൻസിലർ ക്വാസി ക്വാർട്ടെങ് പാർലമെന്റിൽ അവതരിപ്പിച്ച ഗ്രോത്ത് പ്ലാൻ സ്റ്റേറ്റ്മെന്റിൽ പ്രഖ്യാപിച്ചത്. 

 

നിലവിലെ ആദായനികുതി നിരക്കായ 20 ശതമാനം എന്നത് അടുത്ത ഏപ്രിൽ മുതൽ 19 ശതമാനമായി കുറയും. മൂന്നു കോടിയോളം ആളുകൾക്ക് പ്രതിവർഷം ഏകദേശം 200 പൌണ്ടിന്റെ വരെ കുറവ് ഇതോടെ നികുതിയിനത്തിൽ ലഭിക്കും. വാർഷിക വരുമാനം £12,571നും £50,270നും മധ്യയുള്ളവർക്കാണ് ഇൻകം ടാക്സിലെ ഈ ഇളവ് ലഭിക്കുക. 

 

കഴിഞ്ഞ ഏപ്രിൽ മുതൽ നാഷണൽ ഇൻഷുറൻസ് ടാക്സിൽ വരുത്തിയിരുന്ന 1പൌണ്ട് 25 പെൻസിന്റെ വർധന നവംബർ ആറു മുതൽ പിൻവലിക്കും. 

 

50,000 പൗണ്ട് മുതൽ 150,000 പൗണ്ട് വരെ വരുമാനമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന 45 ശതമാനം എന്ന ഉയർന്ന നികുതി നിരക്ക് 40 ശതമാനമായി കുറച്ചു. ഏപ്രിൽ മുതലാകും ഇതും പ്രാബല്യത്തിലാകുക. 

 

സ്റ്റാംപ് ഡ്യൂട്ടിയിലും വലിയ ഇളവുകളാണ് ചാൻസിലർ പ്രഖ്യാപിച്ചത്. 250,000 പൌണ്ടുവരെയുള്ള പ്രോപർട്ടിക്ക് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല. നിലവിൽ ഈ ആനുകൂല്യം  125,000 പൌണ്ടുവരെ ആയിരുന്നു.  ആദ്യമായി വീടുവാങ്ങുന്നവർക്ക് 4,25,000 പൌണ്ടുവരെ സ്റ്റാമ്പ് ഡ്യൂട്ടിയിലെ ഈ ഇളവ് ബാധകമായിരിക്കും. നിലവിൽ മൂന്നു ലക്ഷം  പൌണ്ടായിരുന്നു ഇതിനുള്ള ത്രഷ്ഹോൾഡ്. യുകെയിലെത്തി വീടുവാങ്ങി സെറ്റിൽ ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലെ ഈ ഇളവുകൾ ഏറെ ഗുണം ചെയ്യും. സ്റ്റാമ്പ് ഡ്യൂട്ടിയിലെ ഈ ഇളവുകൾ രണ്ടുലക്ഷത്തോളം ആളുകൾക്ക് ഗുണപ്രദമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.  

 

സന്ദർശക വിസയിൽ ബ്രിട്ടനിൽ എത്തുന്നവർക്ക് വാറ്റ് ഫ്രീ ഷോപ്പിംങ് അനുവദിക്കും. ഇവർ വാങ്ങുന്ന ഓരോ ഉൽപന്നത്തിനും 20 ശതമാനത്തിന്റെ മൂല്യ വർധിത നികുതിയിളവ് ലഭിക്കും. കോർപറേഷൻ ടാക്സ് 19 ശതമാനത്തിൽനിന്നും 25 ശതമാനം ആക്കാനുള്ള മുൻ സർക്കാരിന്റെ തീരുമാനം പിൻവലിച്ചു. ബിയർ, വൈൻ എന്നിവയുൾപ്പെടെ എല്ലാ മദ്യത്തിനും ഏർപ്പെടുത്താനിരുന്ന ഉയർന്ന നികുതിയും പുതിയ സർക്കാർ വേണ്ടെന്നു വച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com