ADVERTISEMENT

ബര്‍ലിന്‍ ∙ ജർമനിയില്‍ നായ്ക്കളുടെ നികുതി റെക്കോര്‍ഡ് തുക നേടി. ഇത് കേള്‍ക്കുമ്പോള്‍ കേരളത്തിലെ നായ പ്രേമികള്‍ മുഖം ചുളിക്കും, ഓ പട്ടിയ്ക്കും നികുതിയോ എന്നു ചോദിച്ച് മൂക്കത്ത് വിരല്‍വയ്ക്കും. ജർമനിയില്‍ നായ ഉടമകള്‍ പ്രത്യേക നികുതി നല്‍കേണ്ടി വരുമെന്നറിയുമ്പോള്‍ ഇവിടെ പുതുതായി എത്തിയ പല മലയാളികളും ആശ്ചര്യപ്പെടാറുണ്ട്.

ഇവിടുത്തെ ഭരണകൂടത്തിന് ഇത് ഒരു വലിയ വരുമാനമാണ്. കഴിഞ്ഞ വര്‍ഷം  401 ദശലക്ഷം യൂറോ നികുതി ഇനത്തിൽ സമാഹരിച്ചു. 2021 ല്‍ ജർമനിയിലെ നഗരങ്ങള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും നായ നികുതിയില്‍ നിന്ന് മുമ്പത്തേക്കാള്‍ ഉയര്‍ന്ന വരുമാനം ലഭിച്ചു. ഇത് കോവിഡ് സമയത്ത് ആളുകള്‍ നായ്ക്കളെ ദത്തെടുക്കുന്ന പ്രവണത വർധിച്ചതിനാലാണെന്നാണ് സുചന.

ഫെഡറല്‍ സ്ററാറ്റിസ്ററിക്കല്‍ ഓഫിസില്‍ നിന്നുള്ള പുതിയ കണക്കുകള്‍ പ്രകാരം 2021 ൽ 401 മില്യണ്‍ യൂറോയാണ് അധികൃതർ ശേഖരിച്ചത്. 2020ല്‍ ഇത് 308 ദശലക്ഷം യൂറോ ആയിരുന്നു. 2011 ല്‍ 275 മില്യണ്‍ യൂറോയാണ് ലഭിച്ചത്.

വീട്ടിലുള്ള നായ്ക്കളുടെ എണ്ണത്തെയും നായയുടെ ഇനത്തെയും ആശ്രയിച്ചാണ് നികുതി തുക നിശ്ചയിക്കുന്നത്. ഉദാഹരണത്തിന്, ബെര്‍ലിനില്‍, ഒരു നായയ്ക്ക് പ്രതിവര്‍ഷം 120 യൂറോ ചിലവാകും, ഓരോ അധിക നായയ്ക്കും പ്രതിവര്‍ഷം 180 യൂറോയും ചിലവാകും. ഡ്യൂസല്‍ഡോര്‍ഫില്‍, ഒരു നായയുടെ നികുതി 96 യൂറോയാണ്, ഇനി രണ്ടാമത് ഒന്നുണ്ടെങ്കില്‍ 150 യൂറോയായി ഉയരും. 

കേരളത്തില്‍ ഇപ്പോള്‍ തെരുവുനായ്ക്കളാണ് പ്രധാന വാര്‍ത്ത. എന്നാല്‍, നായ്ക്കളുടെ ആക്രമണം പേടിക്കാതെ നടക്കാവുന്ന തെരുവുകള്‍ ഒരു യൂറോപ്യന്‍ രാജ്യത്തുണ്ട്. നെതര്‍ലന്‍ഡ്സാണ് തെരുവുനായകളില്ലാത്ത യൂറോപ്യന്‍ രാജ്യം. നികുതിയും നിയമവും കരുതലും സ്നേഹോപദേശവും ചേര്‍ത്താണ് നെതര്‍ലന്‍ഡ്സില്‍ തെരുവുനായ്ക്കളെ ഇല്ലാതാക്കിയത്. അവയെ കൊന്നൊടുക്കുകയല്ല, അവയ്ക്കെല്ലാം 'വീട്' നല്‍കിക്കൊണ്ടാണ് പരിഹാരം കണ്ടത്. തെരുവുനായ്ക്കളില്ലാത്ത ലോകത്തെ ആദ്യ രാജ്യമെന്ന ഔദ്യോഗിക പ്രഖ്യാപനവും വന്നു.

കടയില്‍നിന്ന് പട്ടിക്കുട്ടിയെ വാങ്ങുമ്പോഴുള്ള നികുതി വ്യവസ്ഥയും സമര്‍ഥമായി ആവിഷ്കരിച്ച ഒട്ടേറെ പദ്ധതികളുമാണ് തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ ഡച്ചുകാരെ സഹായിച്ചത്. വലിയ തുക നികുതി കൊടുത്ത് പട്ടിയെ വാങ്ങുന്നതിനു പകരം ജനങ്ങള്‍ തെരുവുനായ്ക്കളെ ദത്തെടുക്കാനുള്ള കേന്ദ്രങ്ങളിലേക്കു എത്താൻ തുടങ്ങി.

.മൃഗാവകാശങ്ങള്‍ക്കായി നിയമപോരാട്ടമുള്‍പ്പെടെ നടത്താന്‍ സംഘടനകള്‍ സജീവമായി. മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ പ്രത്യേക പൊലീസ് സേനയും രൂപീകരിച്ചു. നെതര്‍ലന്‍ഡ്സിലിപ്പോള്‍ 90% ജനങ്ങളും വീട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത.

English Summary:  German dog tax sees record spike in revenue during pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com