ADVERTISEMENT

ലണ്ടൻ ∙ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയുടെ വക്കിലാണ് പൗണ്ട് സ്റ്റെർലിംങ്. ഡോളറുമായുള്ള വിനിമയ നിരക്കിൽ കഴിഞ്ഞ അമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് പൗണ്ടിന്റെ വിപണി മൂല്യം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായി പലിശ നിരക്ക് ഉയർത്തുകയും വമ്പിച്ച നികുതി ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി ക്വാസി ക്വാർട്ടെംങ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയും ചെയ്തതോടെയാണ് പൗണ്ടിന്റെ തകർച്ച സർവകാല റെക്കോർഡിലേക്ക് നീങ്ങിയത്.

യുക്രെയ്ൻ യുദ്ധവും അപ്രതീക്ഷിതമായുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പൗണ്ടിന്റെ വീഴ്ചയ്ക്ക് ആക്കം കൂട്ടി. പൗണ്ടിന്റെ മൂല്യത്തിലുണ്ടായ ഈ കുത്തനെയുള്ള വീഴ്ച ബ്രിട്ടീഷ് ജനതയ്ക്കു സമ്മാനിക്കുന്നത് പണപ്പെരുപ്പവും വിലക്കയറ്റവും ഉൾപ്പെടെയുള്ള നിരവധി പ്രതിസന്ധികളാണ്. 

രൂപയുമായുള്ള പൗണ്ടിന്റെ വിനിമയ നിരക്കിലും കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വൻ വീഴ്ചയാണ് ഉണ്ടായത്. ജൂലൈ അവസാനവാരം 100 രൂപയ്ക്കു മുകളിലായിരുന്നു ഒരു പൗണ്ടിന്റെ വിനിമയനിരക്ക്. നാലാഴ്ച കൊണ്ട് പൗണ്ടിന്റെ മൂല്യം രൂപയ്ക്കെതിരേ 85 ലേക്ക് കൂപ്പുകുത്തി. 87.36 യ്ക്കാണ് ഇന്നലെ വിപണി ക്ലോസ് ചെയ്തത്. ഏറെ പ്രതീക്ഷയോടെ ബ്രിട്ടനിലേക്ക് എത്തിയ പതിനായിരക്കണക്കിന് മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് താൽകാലികമായെങ്കിലും കനത്ത തിരിച്ചടിയാണിത്. 

പൗണ്ടിന്റെ മൂല്യത്തിലുണ്ടായ ഈ വൻ ഇടിവ് അഞ്ചു തരത്തിലാണ് ബ്രിട്ടനിലെ ജനജീവിതത്തെ ബാധിക്കുന്നത്. പൗണ്ടിന്റെ മ്യൂല്യച്യുതി ഭക്ഷ്യോൽപന്നങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളുടെയും സേവനങ്ങളുടെയും വിലക്കയറ്റത്തിന് വഴിവയ്ക്കും. വിദേശങ്ങളിൽനിന്നുള്ള ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഇറക്കുമതിക്ക് ചെലവേറുന്നത് വിലക്കയറ്റത്തിന് ആക്കം കൂട്ടും. ഡോളറിലും യൂറോയിലുമുള്ള വിനിമയത്തിന് ഏറെ പൗണ്ട് ചെലവഴിക്കേണ്ട സാഹചര്യമാണ് ഇതിനു കാരണം. 

സർക്കാർ ക്യാപ് നിശ്ചയിച്ചെങ്കിലും എനർജി ബില്ലിന്മേൽ പൗണ്ടിന്റ വിലയിടിവ് വലിയ സമ്മർദ്ദമാകും സൃഷ്ടിക്കുക. സർക്കാർ നിശ്ചയിച്ച ക്യാപ്പിനുള്ളിൽ നിന്ന് ഗ്യാസും ഇലക്ട്രിസിറ്റിയും വിതരണം ചെയ്യാൻ സപ്ലൈ കമ്പനികൾ നന്നേ ബുദ്ധിമുട്ടും. പണപ്പെരുപ്പം പിടിച്ചു നിർത്താൻ ഇനിയും പലിശനിരക്ക് ഉയർത്തേണ്ടിവരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ മോർട്ഗേജ് പലിശനിരക്കും വർധിക്കും.ഇത് വീടുകളുടെ പ്രതിമാസ തിരിച്ചടവ് ഉയർത്തും.  

വിദേശ യാത്രകളെല്ലാം ചെലവേറിയതാകും എന്നതാണ് പൗണ്ടിന്റെ മൂല്യശോഷണം കൊണ്ട് ഉണ്ടാകുന്ന വലിയ തിരിച്ചടി. ബ്രിട്ടീഷുകാരുടെ അമേരിക്കൻ, യൂറോപ്പ് യാത്രകളെല്ലാം മുൻപുണ്ടായിരുന്നതിനേക്കാൾ ചെലവേറിയതാകും. എന്നാൽ, വിദേശത്തുനിന്നും ബ്രിട്ടനിലേക്ക് വുരുന്നവർക്ക് പൗണ്ടിന്റെ ഈ മ്യൂല്യശോഷണം യാത്രാ ചെലവ് കുറയ്ക്കാൻ സഹായിക്കും. ഹോട്ടൽ ചാർജിലും വിമാന ടിക്കറ്റിലുമെല്ലാം വിദേശത്തുനിന്നും എത്തുന്നവർക്ക് പൗണ്ടിന്റെ വിലയിടിവ് ഗുണം ചെയ്യും.    

ഡോളറിനും യൂറോയ്ക്കുമെതിരായ വിനിമയ നിരക്കിലെ മാറ്റം ബ്രിട്ടീഷ് ഉൽപന്നങ്ങളെയും അസംസ്കൃതവസ്തുക്കളെയും  ആശ്രയിച്ച് നിലനിൽക്കുന്ന ആഗോള ബിസിനസുകൾക്കും ഗുണപ്രദമാണ്. അമേരിക്കൻ ബിസിനസുകാർ ഉൾപ്പെടെയുള്ളവർ കൂടുതൽ നിക്ഷേപത്തിന് ഈ സാഹചര്യം പ്രയോജനപ്പെടുത്തിയാൽ അത് ബ്രിട്ടന് ഭാവിയിൽ ഗുണമാകും.

English Summary : Pound Sterling hits all-time low versus broadly stronger dollar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com