ADVERTISEMENT

ലണ്ടൻ∙ പോസ്റ്റൽ ജീവനക്കാരുടെയും റയിൽ ജീവനക്കാരുടെയും പിന്നാലെ ബ്രിട്ടനിൽ ശമ്പള വർധന ആവശ്യപ്പെട്ടു നഴ്സുമാരും സമരത്തിന്. 106 വർഷത്തെ ചരിത്രത്തിലാദ്യമായി സമരത്തിനിറങ്ങാൻ റോയൽ കോളജ് ഓഫ് നഴ്സിങ് മൂന്നു ലക്ഷത്തിലധികം വരുന്ന അംഗങ്ങളോട് അഭ്യർഥിച്ചു. സമരം ആവശ്യമാണോ എന്നതു സംബന്ധിച്ചു യൂണിയൻ അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ ഫലം അടുത്തയാഴ്ച പുറത്തു വരുന്നതോടെ സമരത്തിനുള്ള തീയതികൾ നിശ്ചയിക്കപ്പെടും. ആർസിഎൻ അംഗങ്ങളിൽ 50,000 പേരാണു നഴ്സുമാരായുള്ളത്. 

സമരവുമായി യൂണിയൻ മുന്നോട്ടു പോയാൽ അത് എൻഎച്ച്എസിലെ എമർജൻസി കെയർ ഒഴികെയുള്ള എല്ലാ ആരോഗ്യസേവനങ്ങളെയും ബാധിക്കും. രോഗികൾക്ക് ഉണ്ടാകുന്ന ദുരിതം കണക്കിലെടുത്തു വേണം സമരത്തിന് ഇറങ്ങാനെന്നു സർക്കാർ യൂണിയനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

വിലക്കയറ്റം 12 ശതമാനവും കഴിഞ്ഞ് മുന്നേറുന്ന സാഹചര്യത്തിൽ ചുരുങ്ങിയത് അഞ്ച് ശതമാനത്തിന്റെ വർധനയെങ്കിലും ശമ്പളത്തിൽ വരുത്തണമെന്നാണു റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ ആവശ്യം. എന്നാൽ ഇതു നൽകാൻ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ പ്രാദേശിക  ഭരണകൂടങ്ങൾ തയാറായിട്ടില്ല. 

ഇംഗ്ലണ്ടിൽ 25,000-27,000 പൗണ്ട് വരെയാണു തുടക്കക്കാരായ നഴ്സുമാരുടെ  ശമ്പളം. സീനിയർ നഴ്സുമാർക്ക് ഇതു പരമാവധി 55,000 പൗണ്ട് വരെയെത്തും. ശരാശരി കണക്കാക്കിയാൽ 32,000 പൗണ്ടാണ് ഇംഗ്ലണ്ടിലെ ഒരു നഴ്സിന്റെ വാർഷിക ശമ്പളം. നിലവിലെ സാഹചര്യത്തിൽ ഇതു തികച്ചും അപര്യാപ്തമാണെന്നാണു യൂണിയൻ ചൂണ്ടിക്കാട്ടുന്നത്. 

സ്കോട്ട്ലൻഡിലെ മിഡ്‌വൈഫുമാരും സമരത്തിനു തയാറെടുക്കുകയാണ്. ഇവിടെ റോയൽ കോളജ് ഓഫ് മിഡ്‌വൈഫ്സ് സമരത്തിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തിക്കഴിഞ്ഞു. നഴ്സുമാർക്കൊപ്പം ജൂനിയർ ഡോക്ടർമാരും സമരത്തിന് തയാറെടുക്കുന്നുണ്ട്. ഇവരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും സമരത്തിനായി ബാലറ്റ് തയാറായിക്കഴിഞ്ഞു. 

ശമ്പള വർധന ആവശ്യപ്പെട്ടു സമരത്തിലുള്ള റോയൽ മെയിൽ ജീവനക്കാർ സമരത്തിന്റെ രണ്ടാം ഘട്ടമായി 19 ദിവസത്തെ സമരത്തിനാണ് മാനേജ്മെന്റിന് നോട്ടീസ് നൽകിയിരിക്കുന്നത്. ബ്ലാക്ക് ഫ്രൈഡെ, സൈബർ മൺഡെ തുടങ്ങിയ തിരക്കേറിയ ദിവസങ്ങളിൽ ഉൾപ്പെടെ 19 ദിവസങ്ങളിൽ ഇടവിട്ടു സമരത്തിനാണു കമ്മ്യൂണിക്കേഷൻസ് വർക്കേഴ്സ് യൂണിയൻ റോയൽ മെയിലിൽ നോട്ടീസ് നൽകിയിട്ടുള്ളത്. കഴിഞ്ഞയാഴ്ച നടന്ന രണ്ടുദിവസത്തെ തുടർച്ചയായ സമരം ബ്രിട്ടനിലെ പോസ്റ്റൽ സർവീസ് മേഖലയുടെ പ്രവർത്തനം താളം തെറ്റിച്ചിട്ടുണ്ട്. 

ഈയാഴ്ച ബ്രിട്ടനിലെ വിവിധ റയിൽ യൂണിയനുകളും ജോലിയിൽ നിന്നു വിട്ടുനിന്നു സമരത്തിലാണ്    

English Summary : Nurses urged to strike for first time over pay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com