ബ്രിട്ടനിൽ പണിമുടക്കുന്നത് ഒരു ലക്ഷത്തോളം നഴ്സുമാർ; അടിയന്തര ശസ്ത്രക്രിയകള്‍ മാറ്റിവയ്‌ക്കേണ്ടി വരും

nurse
SHARE

ലണ്ടന്‍∙ എന്‍എച്ച്എസ് നഴ്സുമാരുടെ സമരത്തെ അവഗണിക്കുന്ന തരത്തിൽ ഗവണ്‍മെന്റ് മുന്നോട്ടു പോകുമ്പോൾ ഒരു ലക്ഷത്തോളം നഴ്സുമാർ ഡിസംബര്‍ 15, 20 തീയതികളിൽ പണിമുടക്കിൽ ഏർപ്പെടുമെന്ന് നഴ്‌സുമാരുടെ സംഘടനയായ റോയൽ കോളജ് ഓഫ് നഴ്സിങ് യൂണിയൻ അറിയിച്ചു. പണപ്പെരുപ്പത്തിന് മുകളില്‍ 5 ശതമാനം ശമ്പള വര്‍ധന നല്‍കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയ ബ്രിട്ടനിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് സമരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ക്കു പോലും മുന്‍കൈ എടുക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ബ്രിട്ടനിലെ തൊഴിൽ മേഖലയിൽ ജോലിക്ക് അനുസരിച്ച് ശമ്പളം ലഭിക്കാത്തത് നഴ്സിങ് മേഖലയ്ക്കാണെന്ന് ആർസിഎൻ യൂണിയൻ പറയുന്നു.

12 ശതമാനത്തിനടുത്തു പണപ്പെരുപ്പം നിലനിൽക്കുന്ന സാഹചര്യത്തിൽ 17 ശതമാനം ശമ്പളവർധനയാണ് ആർസിഎൻ യൂണിയൻ ആവശ്യപ്പെടുന്നത്. 2011 മുതൽ 2021 വരെയുള്ള പണപ്പെരുപ്പ നിരക്ക് പരിശോധിച്ചാൽ നിലവിലെ നഴ്സുമാരുടെ ശമ്പളത്തിൽ 6 ശതമാനത്തിന്റെ കുറവുണ്ടായതായാണ് യൂണിയൻ ചൂണ്ടിക്കാട്ടുന്നത്. ആർസിഎൻ യൂണിയൻ പ്രഖ്യാപിച്ച സമരം നടക്കുകയാണെങ്കിൽ അടിയന്തര സര്‍ജറികളും, കീമോതെറാപ്പിയും, കിഡ്നി ഡയാലിസിസും ഉള്‍പ്പെടെ സുപ്രധാന ഹെല്‍ത്ത്കെയര്‍ സേവനങ്ങള്‍ പ്രതിസന്ധി നേരിടുമെന്ന് എന്‍എച്ച്എസ് മേധാവികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നത് നിര്‍ത്തിവയ്ക്കാനും അടിയന്തര പരിശോധനകള്‍ മാറ്റിവയ്ക്കാനും മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കുള്ള സേവനങ്ങള്‍ മാറ്റിവയ്ക്കാനും എൻഎച്ച്എസ് ഹോസ്പിറ്റലുകൾ നിർബന്ധിതമാകും. ശമ്പള വിഷയത്തില്‍ ഗവണ്‍മെന്റിന് എതിരെ ഏറ്റുമുട്ടാന്‍ ലക്ഷ്യമിട്ടാണു നഴ്സുമാര്‍ നീങ്ങുന്നത്. ഇതോടെ രോഗികൾക്കുള്ള ക്രിട്ടിക്കല്‍ സേവനങ്ങള്‍ ഉള്‍പ്പെടെ മാറ്റിവയ്ക്കേണ്ടി വരും. റോയല്‍ കോളജ് ഓഫ് നഴ്സിങ്ങുമായി ഈയാഴ്ച അവസാനം ചര്‍ച്ചകള്‍ നടത്താന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് തയാറാകുന്നുണ്ട്.

ചര്‍ച്ചയില്‍ ഡിസംബര്‍ 15, 20 തീയതികളില്‍ നടക്കുന്ന പണിമുടക്ക് പ്രത്യാഘാതം ചെലുത്തുന്ന മേഖലകളെക്കുറിച്ച് കൂടുതൽ  വ്യക്തത ഉണ്ടാകും. നഴ്സുമാരുടെ യൂണിയനുമായി ഒത്തു തീര്‍പ്പിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സുപ്രധാന കെയര്‍ വിഭാഗങ്ങള്‍ പ്രതിസന്ധി നേരിടേണ്ടി വരും. അടിയന്തര പ്രാധാന്യമുള്ള പരിചരണം നല്‍കാന്‍ ആര്‍സിഎന്‍ തയ്യാറാകുമെങ്കിലും എല്ലാ മേഖലകളിലും സാധാരണ നിലയില്‍ ചികിത്സ നല്‍കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സാധ്യതയില്ല.

English Summary : Nurses’ strike could delay surgery for up to 3m people in England

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS