ADVERTISEMENT

ലണ്ടൻ ∙ മലയാളികള്‍ ഉൾപ്പടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ പാതി വഴിയിൽ പഠനം ഉപേക്ഷിച്ച് ജോലി ചെയ്യുന്നതിനുള്ള വീസ സംഘടിപ്പിക്കുന്നതിനാൽ വെട്ടിലായത് യൂണിവേഴ്സിറ്റികൾ. ഒട്ടേറെ വിദേശ വിദ്യാർഥികളാണ് യുകെയിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കാനായി ദിനംപ്രതി എത്തിച്ചേരുന്നത്. 

എന്നാല്‍ യുകെയില്‍ എത്തുന്ന വിദ്യാർഥികളില്‍ നല്ലൊരു പങ്കും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതുമൂലം വന്‍ സാമ്പത്തിക ബാധ്യതയാണ് രാജ്യത്തെ യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് ഉണ്ടാകുന്നത്. വിദ്യാർഥികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതിന്റെ ഭാഗമായി പ്രതിവര്‍ഷം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 300 മില്യൻ പൗണ്ടില്‍ അധികം നഷ്ടമാണ് ഉണ്ടായത്.

 

നൂറിലധികം വരുന്ന യൂണിവേഴ്സിറ്റികൾക്ക് മാത്രമായി വരുന്ന നഷ്ടക്കണക്ക് ഒരു മില്യൻ പൗണ്ടില്‍ അധികമാണ്. വിദേശ വിദ്യാർഥികള്‍ പഠനം ആരംഭിക്കുന്നതിന് തൊട്ടുപിന്നാലെ കെയര്‍ ഹോം മേഖലകളില്‍ ഉള്‍പ്പെടെ തൊഴില്‍ നേടി പഠനം അവസാനിപ്പിക്കുന്നു. രാജ്യത്ത് ഇതിനോടകം തന്നെ അവശ്യ സേവന രംഗമായ ആരോഗ്യ മേഖലയിലും മറ്റും വിദേശ വിദ്യാർഥികളെ നിയമിക്കുന്നുണ്ട്. ഇത് ജീവനക്കാരുടെ കുറവ് നികത്താനുള്ള ഒരു മാര്‍ഗമായാണ് കാണുന്നത്. സ്‌കില്‍ഡ് വര്‍ക്കര്‍ വീസ സിസ്റ്റത്തില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ മൂലമാണ് ഇത്തരത്തിൽ നിയമിക്കാൻ കഴിയുന്നത്.

 

അംഗീകൃത തൊഴിലുടമയില്‍ നിന്ന് ജോലി വാഗ്ദാനം ലഭിക്കുന്ന വിദ്യാർഥികള്‍ക്ക് തങ്ങളുടെ സ്റ്റുഡന്‍സ് വീസയില്‍ നിന്ന് സ്‌കില്‍ഡ് വര്‍ക്കര്‍ വീസയിലേക്ക് മാറാന്‍ അപേക്ഷിക്കാം. ഹോം ഓഫിസ് അംഗീകരിച്ച തൊഴിലുടമയില്‍ നിന്ന് ജോലി വാഗ്ദാനം ലഭിക്കുന്ന വിദ്യാർഥികള്‍ യുകെയിലെ ഉപരിപഠനം പൂര്‍ത്തിയാക്കാതെ തന്നെ ജോലിയിലേക്ക് പ്രവേശിക്കുന്ന പ്രവണതയാണ് ഇതുമൂലം ഉണ്ടാകുന്നത്.

 

പഠനത്തിനായി യുകെയില്‍ എത്തി ആരോഗ്യ മേഖല ഉള്‍പ്പെടെയുള്ള ജോലികളിലേക്ക് മാറാന്‍ സര്‍വകലാശാലകളെ ഒരു ചവിട്ടുപടിയായി ഉപയോഗിക്കുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പഠനത്തിന് ശേഷം ജോലി ലഭിക്കുന്നതിനേക്കാള്‍ എളുപ്പമുള്ളതായതുകൊണ്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാർഥികളാണ് ഈ രീതി പിന്തുടരുന്നത്. ഇത് തികച്ചും നിയമാനുസൃതമായ ഒരു മാര്‍ഗമാണെങ്കിലും പഠനം തീരുന്നതിന് മുന്‍പേയുള്ള ഇത്തരം മാറ്റം യൂണിവേഴ്‌സിറ്റികളെ സാമ്പത്തികമായി നഷ്ടത്തില്‍ ആക്കിയിരിക്കുകയാണ്. അതിനാൽ സ്‌കിൽഡ് വീസ നയത്തിൽ മാറ്റം വരുത്താൻ ഹോം ഓഫിസ് തയാറായേക്കും എന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com