വൈദ്യുതി വേണ്ടാത്ത വാഷിങ് മെഷീൻ നിർമ്മാണം; ഇന്ത്യൻ വംശജനു ബ്രിട്ടീഷ് പുരസ്‌കാരം

washing-machine-with-no-electricity
SHARE

സോമർസെറ്റ്• ലോകത്തിലെ ദരിദ്ര പ്രദേശങ്ങളിലെ ജനങ്ങൾക്കായി കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന വാഷിങ് മെഷീൻ നിർമ്മിച്ച ഇന്ത്യൻ വംശജനായ എഞ്ചിനീയർക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിൽ നിന്നു 'പോയിന്റ്‌സ് ഓഫ് ലൈറ്റ്' പുരസ്‌കാരം ലഭിച്ചു. യുകെയിലെ ബാത്ത് സർവകലാശാലയിൽ നിന്ന് എഞ്ചിനിയറിങിൽ ബിരുദം നേടിയ  നവജ്യോത് സാഹ്‌നിക്കാണു പുരസ്‌കാരം ലഭിച്ചത്. ഇന്ത്യയിൽ താമസിച്ചിരുന്നപ്പോൾ അയൽക്കാർ തുണി കഴുകാൻ പാടുപെടുന്നത് കണ്ടാണ് നവജ്യോത് സാഹ്‌നി വാഷിംഗ്‌ മെഷീനുകൾ നിർമ്മിച്ചത്. കൈകൊണ്ട് വസ്ത്രങ്ങൾ കഴുകുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് മെഷീനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

washing-machine-with-no-current

കല്ലിലെ അലക്കിനേക്കാൾ 50 ശതമാനം വെള്ളവും 75 ശതമാനം സമയവും ലാഭിക്കാമെന്നതാണ് സാഹ്നിയുടെ വാഷിങ് മെഷീന്റെ മെച്ചം. വൈദ്യുതിയില്ലാതെ പ്രവർത്തിപ്പിക്കാവുന്ന തരത്തിലാണ് നിർമ്മാണം. അഭയാർഥി ക്യാംപുകൾ, സ്കൂളുകൾ, അനാഥാലയങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ 300 ഓളം വാഷിങ് മെഷീനുകൾ ഇതുവരെ നൽകിയിട്ടുണ്ടെന്ന് സാഹ്നി പറഞ്ഞു.

current-less-washingmachine

ഇറാഖ്, ലെബനൻ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലേക്ക് യന്ത്രങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. യുക്രേനിയൻ അഭയാർഥികളെ പാർപ്പിക്കുന്ന മാനുഷിക സഹായ കേന്ദ്രത്തിന് കഴിഞ്ഞ വർഷം 10 യന്ത്രങ്ങൾ നൽകിയിരുന്നു. വികസ്വര രാജ്യങ്ങളിൽ താമസിക്കുന്നവർക്കായി രൂപകൽപ്പന ചെയ്ത വാഷിങ് മെഷീനുകളാണെങ്കിലും ഇപ്പോൾ യുകെയിലും യുഎസ്എയിലും ആവശ്യക്കാർ വർധിച്ചിട്ടുണ്ട്.

ജീവിതച്ചെലവ് പ്രതിസന്ധിയും കുതിച്ചുയരുന്ന എനർജി ബില്ലുകളും കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് നവജ്യോത് സാഹ്‌നിയുടെ ഉത്പന്നം ഏറെ സഹായകരമായിട്ടുണ്ട്. ഇതേ തുടർന്നാണു സന്നദ്ധപ്രവർത്തകർ, ചാരിറ്റി നേതാക്കൾ എന്നിവരെ അംഗീകരിക്കുന്ന 'പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡ്' ഋഷി സുനക് നവജ്യോത് സാഹ്‌നിക്ക് നൽകിയത്. ഇത് തികച്ചും അസാധാരണമാണെന്നും സന്നദ്ധപ്രവർത്തകർ ഇപ്പോൾ ചെയ്യുന്ന എല്ലാ കഠിനാധ്വാനത്തിന്റെയും തെളിവാണ് സാഹ്‌നിയുടേതെന്നും സുനക് പറഞ്ഞു. പോയിന്റ്‌സ് ഓഫ് ലൈറ്റ് അവാർഡിന്റെ 1,975-ാമത്തെ ജേതാവാണ് നവജ്യോത് സാഹ്‌നി. വാഷിങ് മെഷീൻ പ്രോജക്ട് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രധാനമന്ത്രിയുടെ കത്തും സർട്ടിഫിക്കറ്റും സാഹ്‌നിക്ക് ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS