ലണ്ടൻ ∙ നോര്‍ക്ക ഡയറക്ടറും എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെ.കെ. മേനോനെ യുകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു. കോവിഡ് കാലഘട്ടത്തില്‍ പ്രതിസന്ധികളെ തരണം ചെയുകയും സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്ത മികച്ച വ്യക്തികളെയാണ് യുകെ ഹൗസ് ഓഫ് കോമണ്‍സ് ആദരിച്ചത്.
രാജ്യാന്തര ബിസിനസ് രംഗത്തെ മികച്ച നേട്ടങ്ങളും വിവിധ രാജ്യങ്ങളിലായി തുടരുന്ന സേവനങ്ങളും പരിഗണിച്ച് ജെ.കെ. മേനോന് ഇന്‍റര്‍നാഷനല്‍ ബിസിനസ് മാൻ ഓഫ് ദി ഇയർ പുരസ്ക്കാരമാണ് നല്‍കിയത്. ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളെയും യുകെ ഹൗസ് ഓഫ് കോമൺസിൽ ആദരിച്ചു. യുകെ ആസ്ഥാനമായുള്ള ഇപിജിയാണ് പൊളിറ്റിക്കല്‍ പബ്ലിക്ക് സേവനങ്ങള്‍ക്കുള്ള പുരസ്ക്കാരത്തിന്‍റെ നിര്‍ണ്ണയവും ചടങ്ങും സംഘടിപ്പിച്ചത്.
ഖത്തര്‍ ആസ്ഥാനമായ എബിഎന്‍ കോര്‍പ്പറേഷന്‍റെ ചെയര്‍മാനാണ് ജെ.കെ. മേനോന്‍. ഖത്തര്‍, കുവൈത്ത്, സൗദി, ദുബായ്, സുഡാന്‍, യുകെ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിരവധി ബിസിനസുകള്‍ ജെ.കെ. മേനോനുണ്ട്. ജെ. കെ.മേനോന് പുറമെ ഇറാഖില്‍ നിന്നുമുള്ള നടനും ഗായകനുമായ ഹുസാം അൽ റസാമിനെ രാജ്യാന്തര കലാപ്രതിഭ അവാർഡ് നല്‍കി ചടങ്ങില്‍ ആദരിച്ചു.
ബ്രിട്ടീഷ് പാർലമെന്റിലെ കൗണ്‍സില്‍ പ്രസിഡന്‍റ് പെന്നി മോര്‍ഡന്‍റിനും യുകെ പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവുമായ സര്‍ കിയര്‍ സ്റ്റാമറിനും പാര്‍ലമെന്‍റ് ഓഫ് ദി ഇയര്‍ പുരസ്ക്കാരം നല്‍കി ചടങ്ങില്‍ ആദരിച്ചു. യുകെ പാര്‍ലമെന്‍റിലെ ഏറ്റവും മികച്ച ഷാഡോ മിനിസ്റ്റര്‍ക്കുള്ള പുരസ്ക്കാരം ലൂയിസ് ഹൈയ് നേടി. ഹൗസ് ഓഫ് കോമൺസിലായിരുന്നു പുരസ്ക്കാര ചടങ്ങ് സംഘടിപ്പിച്ചത്.