സറേ• ബ്രിട്ടനിലെ സ്വകാര്യ കോളജ് ഹെഡ് ടീച്ചറെയും കുടുംബത്തെയും കോളജ് ഗ്രൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സറേയിലെ എപ്‌സം കോളജ് മേധാവിയായ എമ്മ പാറ്റിസൺ(45), ഭർത്താവ് ജോർജ്ജ്(39), മകൾ ലെറ്റി(7) എന്നിവരെയാണു ഞായറാഴ്ച ഉച്ചയ്ക്ക് 01:10 ന് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
തെക്കൻ ലണ്ടനിലെ ക്രോയ്‌ഡൺ ഹൈസ്‌കൂളിലെ ഹെഡ് ടീച്ചറായി ആറു വർഷം സേവനം അനുഷ്ഠിച്ച ശേഷം അഞ്ചു മാസം മുമ്പാണ് എമ്മ പാറ്റിസൺ എപ്‌സോമിന്റെ ആദ്യ വനിതാ ഹെഡ് ആയി എത്തുന്നത്. 1855 ൽ സ്ഥാപിതമായതാണ് എപ്സോം കോളജ്. ബ്രിട്ടനിലെ പ്രശസ്തമായ കോളജുകളിൽ ഒന്നായ ഇവിടെ ഏകദേശം 950 ൽപ്പരം വിദ്യാർഥികളാണ് പഠിക്കുന്നത്.

എമ്മയുടെ ഭർത്താവ് ജോർജ് ചാർട്ടേഡ് അക്കൗണ്ടന്റും 'ടാംഗിൾവുഡ് 2016' മാനേജ്‌മെന്റ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഡയറക്ടറുമായിരുന്നു. മരണകാരണങ്ങളെ കുറിച്ചു വ്യക്തമായ വിശദീകരണങ്ങൾ പുറത്തു വന്നിട്ടില്ലങ്കിലും ആത്മഹത്യ ആകാനാണു സാധ്യതയെന്നാണു നിഗമനം. കേസ് അന്വേഷിക്കുന്ന സറേ പൊലീസ് പറയുന്നത് മരണങ്ങളിൽ പുറത്തു നിന്ന് ആർക്കും പങ്കില്ലെന്നാണ്.
English Summary : Epsom College head teacher found dead on premises with husband and daughter