സോമർസെറ്റ്• നഴ്സുമാരുടെ ശമ്പളവർധന ഉൾപ്പടെയുള്ള ആവശ്യങ്ങളിൽ പ്രധാനമന്ത്രി ഋഷി സുനക് മൗനം വെടിയണമെന്നും ചർച്ചകൾ ആരംഭിക്കണമെന്നും റോയൽ കോളജ് ഓഫ്അ നഴ്സിങ് ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ ആവശ്യപ്പെട്ടു. സുനക് നിശബ്ദത പാലിക്കാൻ ആണു തീരുമാനിക്കുന്നതെങ്കിൽ തുടരുകയെന്നും നഴ്സുമാരും പണിമുടക്കുകൾ തുടരുമെന്നും പാറ്റ് കുള്ളൻ കൂട്ടിച്ചേർത്തു.
Also read: ഋഷി സുനക് പണിമുടക്കുകൾ അവഗണിക്കുന്നുവെന്ന് യൂണിയൻ നേതാക്കൾ; നഴ്സുമാരുടെ പണിമുടക്ക് തുടരും
ഇതിനിടയിൽ നഴ്സിങിന്റെയും എൻഎച്ച്എസിന്റെയും ഭാവി സുരക്ഷിതമാക്കുവാൻ നഴ്സുമാരുടെ ശമ്പള വർധന നടപ്പിലാക്കണമെന്നു വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്. തുടർച്ചയായ പണിമുടക്കുകൾ ആശുപത്രി മേധാവികളെ കൂടുതൽ അസ്വസ്ഥരാക്കുന്നുവെന്നും സർക്കാർ ഒരു പരിഹാരം കണ്ടെത്തണമെന്നുമാണ് ആവശ്യം.

പണിമുടക്കുകൾ അവസാനിപ്പിച്ചില്ലെങ്കിൽ എൻഎച്ച്എസിലെ സർജറി ഉൾപ്പടെയുള്ള ചികിത്സകൾക്കായുള്ള കാത്തിരിപ്പുകൾ അവസാനിപ്പിക്കാനും എമർജൻസി കെയർ മെച്ചപ്പെടുത്താനും ബുദ്ധിമുട്ടായിരിക്കുമെന്ന് എൻഎച്ച്എസ് കോൺഫെഡറേഷൻ നേതാവ് മാത്യു ടെയ്‌ലർ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന പണിമുടക്കിൽ നഴ്സിങ് ജീവനക്കാർക്ക് പിന്തുണയുമായി ക്യാൻസർ രോഗികൾ ഉൾപ്പടെയുള്ളവർ വിവിധ പിക്കറ്റ് ലൈനിൽ എത്തിയിരുന്നു. പണിമുടക്കിന് വ്യാപകമായി പിന്തുണയും ഏറുന്നുണ്ട്. എന്നാൽ ഇതൊന്നും കണ്ടില്ലെന്നു നടിച്ചു തിരിഞ്ഞു നോക്കാതെ മുന്നോട്ടു പോവുകയാണ് ഋഷി സുനക്.
English Summary: National Health Service nurses continue strike, as UK government rejects concessions