ADVERTISEMENT

ബാത്ത്∙ ഇംഗ്ലണ്ടിലെ ബാത്ത് സിറ്റിയില്‍ നിന്ന് 1916 ല്‍ അയച്ച എഴുത്ത് 105 വര്‍ഷങ്ങള്‍ക്കു ശേഷം ലണ്ടനിലെ വിലാസത്തില്‍ ലഭിച്ചു. സൗത്ത് ലണ്ടനിലെ ഹാംലെറ്റ് റോഡിലെ പുതിയ താമസക്കാരന് കത്ത് ലഭിച്ചപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടു. ജോർജ് അഞ്ചാമൻ രാജാവിന്‍റെ ചിത്രമുള്ള ഒരു പെന്നി വിലയുള്ള സ്റ്റാമ്പ് പതിച്ച കത്തില്‍ ബാത്ത്, സിഡന്‍ഹോം പോസ്റ്റോഫിസുകളുടെ സീലും ഉണ്ടായിരുന്നു. ‘ബാത്ത് ടു ലണ്ടൻ’ എന്ന പേരില്‍ കത്തിനെ കുറിച്ച് ഒരു നാടകം ചെയ്യാനുള്ള തയാറെടുപ്പിലാണു കത്ത് ലഭിച്ചയാൾ.

'6 ഫെബ്രുവരി 16'എന്നായിരുന്നു കത്തിന്‍റെ പുറത്ത് സീൽ പതിച്ചിരുന്നത്. 2016 ലെ കത്ത് ആകുമെന്നാണ് ആദ്യം കരുതിയതെങ്കിലു രാജ്ഞിയുടെ ചിത്രത്തിന് പകരം രാജാവിന്‍റെ ചിത്രം പതിച്ച സ്റ്റാംപ് കണ്ടപ്പോഴാണു സംശയം ഇരട്ടിച്ചത്. രാജാവാണെങ്കില്‍ അതിലും പഴക്കമുണ്ടാകുമെന്ന് തോന്നിയെന്ന് അഡ്രസിന്‍റെ ഇപ്പോഴത്തെ ഉടമ പറയുന്നു. 2021 ൽ 27 കാരനായ ഗ്ലെൻസിന് ക്രിസ്റ്റൽ പാലസിന്‍റെ ഫ്ലാറ്റിൽ വച്ചാണു കത്ത് ലഭിക്കുന്നത്. കത്ത് ഏറെ പഴയതാണെന്നും അതിനു ചരിത്രപരമായ വിലയുണ്ടെന്നും ഗ്ലെന്‍സിനു തോന്നി. ഇതോടെ പ്രാദേശികമായി പ്രസിദ്ധീകരിക്കുന്ന 'ദി നോർവുഡ് റിവ്യൂ' മാസികക്ക് സംഭവം സൂചിപ്പിച്ച് കൊണ്ട് ഗ്ലെൻസിൻ കത്തെഴുതി. ഇതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്.

letter-bathi

ഹാംലെറ്റ് റോഡിലെ വസ്തുവില്‍ മുൻപു താമസിച്ചിരുന്ന സ്റ്റാമ്പ് ഡീലർ ഓസ്വാൾഡ് മാർഷിന്‍റെ ഭാര്യ കാറ്റി മാർഷിന്‍റെ വിലാസത്തിലാണ് കത്ത് വന്നതെന്നു മാസികയുടെ എഡിറ്ററായ സ്റ്റീഫന്‍ ഓക്സ്ഫോര്‍ഡ് കണ്ടെത്തി. കാറ്റിയുടെ കൂട്ടുകാരിയായ ക്രിസ്റ്റബെൽ മെന്നലാണ് കത്ത് അയച്ചിരുന്നത്. കത്ത് എഴുതിയിരുന്ന 1916 ല്‍ ക്രിസ്റ്റബെല്‍ ബാത്ത് നഗരത്തില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിന്നു. യൂറോപ്പിൽ നടന്ന രണ്ട് ലോകമഹായുദ്ധങ്ങളെ പോലും അതിജീവിച്ച് ഈ കത്ത് ഏങ്ങനെയാണ് ഇപ്പോള്‍ ഉടമ താമസിച്ചിരുന്ന വിലാസത്തിൽ എത്തിയതെന്ന കാര്യത്തില്‍ എല്ലാവരും അത്ഭുതപ്പെടുന്നുണ്ട്.

ഇതുപോലുള്ള സംഭവങ്ങള്‍ ഇടയ്ക്ക് സംഭവിക്കാറുണ്ടെന്നും എന്നാല്‍, ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നും ബ്രിട്ടനിലെ റോയല്‍ മെയിലിന്‍റെ വക്താവ് പറഞ്ഞു. ഒരുപക്ഷെ കത്തുകള്‍ തരം തിരിക്കുന്ന സിഡെന്‍ഹാം സോര്‍ട്ടിങ്ങ് ഓഫിസില്‍ നിന്നു കത്ത് നഷ്ടപ്പെട്ടിരിക്കാം. എന്നാല്‍ അത് ഇപ്പോള്‍ പുനഃക്രമീകരിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെയില്‍ അവര്‍ക്ക് കത്ത് എവിടെ നിന്നെങ്കിലും ലഭിച്ചിരിക്കാം. ചിലപ്പോള്‍ വല്ല മേശയുടെ അടിയില്‍ നിന്നോ മറ്റോയെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

English Summary: Letter sent in 1916 , recieved in 2021, letter travelled through post offices for 105 years 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com