ബര്‍ലിന്‍ ∙ യൂറോപ്പില്‍ സമ്മര്‍ സമയം മാര്‍ച്ച് 26നു ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിവെച്ചാണ് സമ്മര്‍ ടൈം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ രണ്ടു മണിയെന്നുള്ളത് മൂന്നു മണിയാക്കി മാറ്റും. നടപ്പു വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വര്‍ഷത്തിലെ ഏറ്റവും നീളം കുറഞ്ഞ രാത്രിയാണിത്.
ജര്‍മനിയിലെ ബ്രൗണ്‍ഷ്വൈഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിറ്റിബി) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു. 1980 മുതലാണ് ജര്‍മനിയില്‍ സമയ മാറ്റം ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റം പ്രാവര്‍ത്തികമാണ്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് ദൈര്‍ഘ്യം കൂടുതലായിരിയ്ക്കും എന്നതാണ് ഇതിന്‍റെ അടിസ്ഥാനം.
രാത്രിയില്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസിലെ സമയമാറ്റ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ചിട്ടയായി മാറ്റം വരുത്തുന്നത്. സമയക്രമീകരണം മാറ്റുന്ന ദിവസം നൈറ്റ്ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് സമ്മര്‍ ആണങ്കില്‍ ഒരു മണിക്കൂര്‍ കുറച്ചു ജോലി ചെയ്താല്‍ മതിയാവും. എന്നാല്‍, വിന്‍റര്‍ ടൈമിലാണങ്കില്‍ ഒരു മണിക്കൂര്‍ കൂടുതലായി ചെയ്യണം. രണ്ടു തവണയും ഈ മണിക്കൂറിന്‍റ വേതനം അവരുടെ ശമ്പളത്തില്‍ ചേര്‍ത്തിരിയ്ക്കും. ഇതില്‍ കിഴിവൊന്നും സംഭവിക്കില്ല എന്നു ചുരുക്കം.
സമ്മറില്‍ ജര്‍മന്‍ സമയവും ഇന്ത്യൻ സമയവുമായി മുന്നോട്ട് മൂന്നര മണിക്കൂറും ബ്രിട്ടന്‍, അയര്‍ലൻഡ് തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്പിലാണെങ്കിലും ജര്‍മന്‍ സമയവുമായി ഒരു മണിക്കൂര്‍ പുറകിലായിരിക്കും. സമയമാറ്റത്തെ യൂറോപ്യന്‍ ജനത തികച്ചും അർഥശൂന്യമായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഒരു റഫറണ്ടം നടത്തി ജനഹിതം നേരത്തെ അറിഞ്ഞിരുന്നു. ഈ സമയമാറ്റം മേലില്‍ വേണ്ടെന്നുവെയ്ക്കാന്‍ 2019 ഫെബ്രുവരിയില്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് അനുമതി നല്‍കിയിരുന്നു.
28 അംഗ ഇയു ബ്ലോക്കില്‍ ഹംഗറിയാണ് വിന്‍റര്‍, സമ്മര്‍ സമയങ്ങള്‍ ഏകീകരിക്കാന്‍ അനുവദിയ്ക്കുന്ന പ്രമേയം ഇയു പാര്‍ലമെന്‍റില്‍ കൊണ്ടുവന്നു ചര്‍ച്ചയാക്കി ഒടുവില്‍ 192 വോട്ടിനെതിരെ 410 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ നിര്‍ത്താന്‍ തീരുമാനിച്ചത്. ഇയുവില്‍ അവസാനമായി 2021 അവസാനം ഈ സമയമാറ്റ പ്രക്രിയ അവസാനിയ്ക്കുമെന്നു ഇയു കമ്മീഷന്‍ പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെ അവസാനിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഈ വര്‍ഷത്തെ ശൈത്യസമയമാറ്റം ഒക്ടോബര്‍ 29 ഞായര്‍ പുലര്‍ച്ചെ മൂന്നു മണിയ്ക്ക് ഒരു മണിക്കൂര്‍ പിറകോട്ട് തിരിച്ച് വെച്ച് ക്രമീകരിയ്ക്കും.