ലണ്ടൻ ∙ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കായി ആഗോള തലത്തിൽ നടത്തുന്ന പ്രതിഷേധത്തിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതൃത്വം നൽകും. രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് സൂം പ്ലാറ്റ് ഫോം വഴി വിവിധ രാജ്യങ്ങളിലെ ഭാരവാഹികളുടെ യോഗം ചേരും.
ഐഒസി ഗ്ലോബൽ ചെയർമാൻ ഡോ. സാം പിട്രോഡ, വൈസ് ചെയർമാൻ ജോർജ്ജ് എബ്രാഹം എന്നിവരെ കൂടാതെ യുഎസ്എയിൽ നിന്നും മൊഹിന്ദർ സിങ് ഗിൽസിൻ, രാജേന്ദർ ടിച്ച്പാലി എന്നിവരും പങ്കെടുക്കും. യുകെയിൽ നിന്ന് കമൽ ദളിവാൾ, ഗുൽമന്ദർ സിങ് എന്നിവരും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ എഐസിസി പ്രതിനിധികളായ വീരേന്ദ്ര വശിഷ്ട, ആരതി കൃഷ്ണ എന്നിവരും പങ്കെടുക്കും. ഇവരെ കൂടാതെ ഐഒസി ഭാരവാഹികളായ അനുരാ മത്തായി (ഗൾഫ്), ലിങ്ക് വിൻസ്റ്റർ മാത്യു (അയർലൻഡ്), സണ്ണി ജോസഫ് (ജർമ്മനി), സുജു കെ ഡാനിയേൽ(യുകെ), അജിത് മുതയിൽ(യുകെ) എന്നിവരും വിവിധ രാജ്യങ്ങളിൽ നിന്നും പങ്കെടുക്കും.
മോദിയുടെയും സുഹൃത്തുക്കളുടെയും ക്ഷേമത്തിനായായി ബിജെപി ഭരണത്തെ ഉപയോഗപ്പെടുത്തുന്നുവെന്ന് ഐഒസി നേതാക്കൾ പറഞ്ഞു. ഭാരത് ജോഡോ യാത്ര കടന്നുപോയ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ജന പിന്തുണ കണ്ടു മോദിയും കൂട്ടരും ഭയപ്പെട്ടുവെന്നും തടവിലടച്ചു നിശബ്ദനാക്കാമെന്ന തന്ത്രം ഭാരത ജനത അനുവദിക്കില്ല. രാജ്യം രണ്ടു വ്യവസായികൾക്കായി തീറു എഴുതി കൊടുക്കുവാൻ കഴിയില്ലെന്നും ബിജെപി ഇന്ത്യാ മഹാരാജ്യം വിറ്റു തുലക്കുകയായാണെന്നും ഐഒസി നേതാക്കൾ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിക്ക് എതിരായ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും നിയമ സഹായങ്ങൾ ഉൾപ്പടെയുള്ള എല്ലാ കാര്യങ്ങൾക്കും ഐഒസി ഒപ്പമുണ്ടാകുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. ഇന്ത്യൻ സമയം 7 മണിക്കാണ് ഓൺലൈൻ മീറ്റിങ് സംഘടിപ്പിച്ചിട്ടുള്ളത്. യുഎസ്എ രാവിലെ 8.30, യുഎഇ വൈകിട്ട് 5.30, ഓസ്ട്രേലിയ രാത്രി 12.30 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ ഇന്നത്തെ മീറ്റിങിന്റെ സമയ ക്രമീകരണമെന്നും ഐഒസി നേതാക്കൾ അറിയിച്ചു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രതിഷേധിച്ചു
രാഹുൽ ഗാന്ധിക്ക് എതിരായ നടപടിയിൽ ഐഒസി യുകെ കേരള ചാപ്റ്റർ പ്രതിഷേധം രേഖപ്പെടുത്തി. ആഴ്ചകൾക്കു മുമ്പ് ലണ്ടനിൽ ഐഒസി സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത രാഹുൽ ഗാന്ധി ഇന്ത്യയെ ആപൽക്കരമായ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്നും മോചിപ്പിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിൽ അസ്വസ്ഥരായ മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രാഹുൽ ഗാന്ധിയെ ഇന്ത്യയിൽ തിരിച്ചെത്തുമ്പോൾ തുറുങ്കിലടച്ചു നിശ്ശബ്ദനാക്കാൻ ആഗ്രഹിച്ചു. ഇതിനായി നീതിന്യായപീഠത്തെ സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചിട്ടുണ്ടെന്നും ഐഒസി യുകെ കേരള ചാപ്റ്റർ ആരോപിച്ചു. ഇന്ന് യുകെ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന ഓൺലൈൻ മീറ്റിങിൽ യുകെയിൽ നിന്നുള്ള ഭാരവാഹികളെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു.
ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരവാഹികളായ അജിത് മുതയിൽ, അപ്പച്ചൻ കണ്ണഞ്ചിറ, അശ്വതി നായർ ബേബിക്കുട്ടി ജോർജ്ജ്, സുരജ് കൃഷ്ണൻ, ജെന്നിഫെർ ജോയ്, സുനിൽ രവീന്ദ്രൻ തുടങ്ങിവർ പ്രസംഗിച്ചു. വിവിധ റീജൻ നേതാക്കളായ ബോബിൻ ഫിലിപ്പ്, ബിജു വർഗീസ്, ജോർജ് ജേക്കബ്, തോമസ് ഫിലിപ്പ്, ഇൻസൺ ജോസ്, റോമി കുര്യാക്കോസ്, അരുൺ തോമസ്, എൽദോ ജോയ് തുടങ്ങിയവർ പങ്കെടുത്തു.