ബര്‍ലിന്‍ ∙ ജര്‍മനിയിലെ രണ്ടാമത്തെ വലിയ തൊഴിലാളി സംഘടനയായ വെര്‍ഡിയും റെയില്‍വേ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് യൂണിയനായ ഇവിജിയും മാര്‍ച്ച് 27 (ഇന്ന്–തിങ്കൾ) രാജ്യവ്യാപകമായി മെഗാ പണിമുടക്ക് പ്രഖ്യാപിച്ചു. സര്‍വീസ് യൂണിയന്‍ വെര്‍ഡിയും റെയില്‍വേ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് യൂണിയനും തിങ്കളാഴ്ച രാജ്യവ്യാപകമായി ഒരു ദിവസത്തെ പണിമുടക്കാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
ഡോഷെ ബാനിന്റെയും മറ്റ് റെയില്‍വേ കമ്പനികളുടെയും ദീര്‍ഘദൂര, പ്രാദേശിക, എസ്–ബാന്‍ ട്രാഫിക് സംവിധാനങ്ങളെ മെഗാ സമരം ബാധിക്കും. ഫെഡറല്‍ സംസ്ഥാനങ്ങളായ ഹെസ്സെന്‍, നോര്‍ത്ത് റൈന്‍ –വെസ്റ്റ്ഫാലിയ, ബാഡന്‍–വുര്‍ട്ടംബര്‍ഗ്, സാക്ണ്‍, ലോവര്‍ സാക്സണ്‍, റൈന്‍ലാന്‍ഡ്– ഫാല്‍സ്, ബവേറിയ എന്നിവിടങ്ങളിലെ നിരവധി വിമാനത്താവളങ്ങളിലും പ്രാദേശിക പൊതുഗതാഗതത്തിലും ജോലി നിര്‍ത്തിവയ്ക്കാന്‍ വെര്‍ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈവേ കമ്പനിയും ജല, ഷിപ്പിംഗ് അഡ്മിനിസ്ട്രേഷനും സമരത്തില്‍ പങ്കുചേരും. നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്ന എല്ലാ റെയില്‍വേ, ഗതാഗത കമ്പനികളിലെയും ഏകദേശം 2,30,000 ജീവനക്കാരോട് മാര്‍ച്ച് 27 ന് രാജ്യവ്യാപക മുന്നറിയിപ്പ് പണിമുടക്ക് നടത്താന്‍ ആഹ്വാനം ചെയ്യുന്നതായി ഇവിജി അറിയിച്ചു.
വെര്‍ഡി ഏകദേശം 2.5 ദശലക്ഷം പൊതുമേഖലാ ജീവനക്കാരെ പ്രതിനിധീകരിക്കുന്നു. അതേസമയം, ഇവിജി റെയില്‍വേയിലെയും ബസ് കമ്പനികളിലെയും തൊഴിലാളികളെ പ്രതിനിധീകരിക്കുന്നു. രാജ്യത്തെ എല്ലാ മേഖലകളിലെയും ഗതാഗത സേവനങ്ങള്‍ ഉള്‍പ്പെടെ ജർമനിയിലുടനീളം കടുത്ത ബുദ്ധിമുട്ടുകളുണ്ടാകും. പണിമുടക്ക് ഞായറാഴ്ച അർധരാത്രി ആരംഭിച്ചു.
ഫെഡറല്‍, പ്രാദേശിക സര്‍ക്കാരുകളുമായുള്ള മൂന്നാം റൗണ്ട് ചര്‍ച്ചകള്‍ക്കുള്ള സമ്മര്‍ദ്ദം വെര്‍ഡി വർധിപ്പിച്ചിട്ടുണ്ട്. യൂണിയന്‍ പൊതുസേവനത്തിന് 10.5 ശതമാനം കൂടുതല്‍ വേതനവർധനവാണ് ആവശ്യപ്പെടുന്നത്.
സിവില്‍ സര്‍വീസ് അസോസിയേഷന്‍ ഡിബിബിയുമായി ചേര്‍ന്ന്, പൊതുമേഖലയിലെ യൂണിയന്‍ കുറഞ്ഞത് 500 യൂറോ കൂലിയും ആവശ്യപ്പെടുന്നു. ഫെബ്രുവരി അവസാനം നടന്ന രണ്ടാം റൗണ്ട് ചര്‍ച്ചകളില്‍ തൊഴിലുടമകള്‍ ഒരു ഓഫര്‍ സമര്‍പ്പിച്ചു. മറ്റു കാര്യങ്ങള്‍ക്കൊപ്പം, രണ്ടു ഘട്ടങ്ങളിലായി അഞ്ച് ശതമാനം ശമ്പള വർധനവും ഒറ്റത്തവണ പേയ്മെന്റുകള്‍ മൊത്തം 2,500 യൂറോയും ഉള്‍പ്പെടുന്നുണ്ട്.
ഡോയ്റ്റ്ഷെ ബാനിലെയും മറ്റ് 50 ഓളം റെയില്‍വേ കമ്പനികളിലെയും ഏകദേശം 1,80,000 ജീവനക്കാരുടെ വേതനം രണ്ട് ഘട്ടങ്ങളിലായി മൊത്തം 5 ശതമാനവും നിരവധി ഒറ്റത്തവണ പേയ്മെന്റുകള്‍ 2,500 യൂറോയും വര്‍ദ്ധിപ്പിക്കാന്‍ ഡോഷെ ബാന്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നിരസിക്കുകയാണുണ്ടായത്.
English Summary : Germany experience a "mega-strike"today targeting rail and air travel